മതസ്പര്‍ധ വളര്‍ത്തുന്ന പാഠപുസ്തകം; പീസ് സ്‌കൂള്‍ എംഡി അറസ്റ്റില്‍

Monday 26 February 2018 2:50 am IST

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിച്ച കേസില്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടറും വിവാദ മതപ്രഭാഷകനുമായ എം.എം. അക്ബര്‍ അറസ്റ്റില്‍. മലേഷ്യയില്‍ നിന്ന് ദോഹയിലേക്ക് പോകുന്നതിനായി എയര്‍ ഏഷ്യാ വിമാനത്തില്‍ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് അക്ബര്‍ കുടുങ്ങിയത്. 

ഇന്‍ഡിഗോ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള കൊച്ചി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസാണ് അക്ബറെ കുടുക്കിയത്. 

വിവിധ അന്വേഷണ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തു. പിന്നീട് കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയതായി അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി പറഞ്ഞു. പിടിയിലാകുമ്പോള്‍ ഇയാള്‍ക്കൊപ്പം മറ്റുനാലുപേരുമുണ്ടായിരുന്നു. 

മതസ്പര്‍ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി നേരത്തെ ഉത്തരവിട്ടിരുന്നു. ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു ഇത്. 

സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും സിലബസിന് പുറത്തുള്ള മതപരമായ കാര്യങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നതെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അക്ബറിനെതിരെ കേസെടുത്തിരുന്നു.

അക്ബറിന്റെ കോഴിക്കോടുള്ള വീട്ടിലും പീസ് സ്‌കൂള്‍ ആസ്ഥാനത്തും പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ അക്ബര്‍ വിദേശത്തേക്ക്കടന്നു. തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇസ്ലാമിക പ്രഭാഷകനായ അക്ബറുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷന് കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകളുണ്ട്. ഇതില്‍ എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയിരുന്നു.

സ്‌കൂളില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഉള്ള പാഠഭാഗങ്ങള്‍ 2016 ഒക്ടോബറിലാണ് പോലീസ് പിടിച്ചെടുത്തത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, അഡ്മിനിസ്ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

എന്‍ഐഎ അന്വേഷിച്ചേക്കും

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിച്ചതുമായി ബന്ധപ്പെട്ട പീസ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ എന്‍ഐഎയും അന്വേഷിച്ചേക്കും. 

ദല്‍ഹിയില്‍ എന്‍ഐഎ അറസ്റ്റു ചെയ്ത ഐഎസ് റിക്രൂട്ടിങ് ഏജന്റ് യാസ്മിന്‍, ഇവരുടെ ഭര്‍ത്താവ് അബ്ദുള്‍ റാഷിദ് എന്നിവര്‍ തൃക്കരിപ്പൂര്‍, കൊല്ലം പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ്. നിഷ് ഓഫ് ട്രൂത്ത് എന്ന പേരില്‍ മതപ്രചാരണ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പീസ് സ്‌കൂള്‍ എംഡി  ഭീകരവാദ പട്ടികയിലുള്ള സാക്കിര്‍ നായിക്കിന്റെ അടുത്ത അനുയായി കൂടിയാണ്. ഇതുകൂടി കണക്കിലെടുത്താകും എന്‍ഐഎ അന്വേഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.