അട്ടപ്പാടി: പ്രതികരിക്കാത്ത സാംസ്‌കാരിക നായകര്‍ മാപ്പു പറയണം

Sunday 25 February 2018 12:14 pm IST
"undefined"

അഹമ്മദാബാദ്: വടക്കേ ഇന്ത്യയില്‍ ദളിത് പീഡനം നടന്നെന്ന് പ്രചരിപ്പിച്ച് ജാതി സ്പര്‍ദ്ധയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തില്‍ കണ്‍മുന്നില്‍ നടക്കുന്ന ദളിത് പീഡനം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ. ഭാ. സുരേന്ദ്രന്‍. കമ്മ്യൂണിസ്റ്റുകളും മുസ്ലിം തീവ്രവാദ സംഘടനകളുമാണ് നിരന്തരം ഈ മുതലെടുപ്പിനു ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയശേഷം കേരളത്തില്‍ നടന്ന ദളിത് പീഡനങ്ങളുടെ കണക്കെടുത്താല്‍ ആരും അമ്പരന്നു പോകും. മുഖ്യമന്ത്രിയുടെ നാട്ടില്‍ത്തന്നെ കമ്മ്യൂണിസ്റ്റുകാര്‍ ദളിത് പെണ്‍കുട്ടികളെ ആക്രമിച്ചതും അവരില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചതും മറക്കാറായിട്ടില്ല. പാലക്കാട് ദളിത് കുടുംബത്തെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നത് കമ്മ്യൂണിസ്റ്റുകാര്‍ തന്നെയായത് യാദൃശ്ചികമല്ല. തൃശൂര്‍ ജില്ലയില്‍ പിണറായിയുടെ പോലീസ് എന്ന അഹങ്കാരത്തില്‍ വിനായകന്‍ എന്ന യുവാവിനെ മര്‍ദ്ദിച്ച്, ഒടുവില്‍ ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെട്ട കാര്യവും മനസ്സാക്ഷിയുള്ളവരെ ഞെട്ടിച്ച സംഭവമാണ്. 

ആദിവാസി സ്ത്രീ കാര്‍ വാങ്ങിയതിനെ പരിഹസിച്ചവര്‍ നാല്‍പ്പതിനായിരത്തിന്റെയും അമ്പതിനായിരത്തിന്റെയും കണ്ണട വാങ്ങിയപ്പോള്‍ കമ്മ്യൂണിസ്റ്റുകളുടെ വികൃത മനോഭാവം മലയാളികള്‍ മനസിലാക്കേണ്ടതായിരുന്നു. 

ഇപ്പോള്‍ ഒരു യുവാവിനെ അടിച്ചും ഇടിച്ചും ചവിട്ടിയും കൊന്നപ്പോള്‍ കേരളത്തിന്റെ മനസ്സാക്ഷി പൊട്ടിത്തെറിക്കേണ്ടതായിരുന്നു. മലയാള മനസിനെ ഇങ്ങനെ അധഃപതിപ്പിച്ച ഇവിടുത്തെ സാംസ്‌കാരിക നായകര്‍ മാപ്പു പറയണം. എന്തുകൊണ്ട് അവാര്‍ഡുകള്‍ വലിച്ചെറിയാത്തത്? എന്തുകൊണ്ട് മെഴുകുതിരി പ്രകടനം നടത്തിയില്ല? എന്തുകൊണ്ട് പ്രതിഷേധ ജ്വാല ഉയര്‍ത്തിയില്ല, സുരേന്ദ്രന്‍ ചോദിച്ചു.

കേരളത്തിലെ ദളിത് സംരക്ഷണത്തിന്റെ മാതൃകയാണ് അട്ടപ്പാടി സംഭവം. ദളിത്- മുസ്ലിം ഐക്യം പറഞ്ഞു നടക്കുന്ന സംഘടനകളുടെ മൗനവും കപട്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.