വനവാസി യുവാവിനെ കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ റിമാന്‍ഡില്‍

Monday 26 February 2018 2:51 am IST

പാലക്കാട്: അട്ടപ്പാടിയില്‍ വനവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ പ്രതികളായ 16 പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് മാര്‍ച്ച് 9 വരെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അഗളിയിലെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രതികളെ വന്‍ സുരക്ഷയോടെയാണ് മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

മുക്കാലി സ്വദേശികളായ പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍ (32), മണ്ണംപറ്റയില്‍ ജെയ്ജു മോന്‍ (45), കുറ്റിക്കല്‍ സിദ്ദിഖ് (35), തൊടിയില്‍ ഉബൈദ് (25), പള്ളിശേരില്‍ രാധാകൃഷ്ണന്‍ (34), ചോലയില്‍ അബ്ദുള്‍ കരീം (50), കുന്നത്തുവീട്ടില്‍ അനീഷ് (30), കിളയില്‍ മരക്കാര്‍ (35), വറുതിയില്‍ നജീബ് (34), പുത്തന്‍ പുരയ്ക്കല്‍ സജീവ് (30), ആനമൂളി പുതുവച്ചോലയില്‍ അബൂബക്കര്‍ (32), പാക്കുളം സ്വദേശി ഹുസൈന്‍ മേച്ചേരില്‍ (50), കള്ളമല സ്വദേശികളായ മുരിക്കടയില്‍ സതീശ് (39), ചരിവില്‍ ഹരീഷ് (34), ചരിവില്‍ ബിജു (41), വിരുത്തിയില്‍ മുനീര്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍.

കോടതിയിലേക്ക് പ്രതികളെ കൊണ്ടുവരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും കോടതിപ്പരിസരത്ത് തടിച്ച് കൂടിയിരുന്നു. മജിസ്‌ട്രേറ്റ് എം. രമേഷാണ് കേസ്സ് പരിശോധിച്ച് പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. അന്യായമായി സംഘം ചേരല്‍, അക്രമം ഉണ്ടാക്കല്‍, ആയുധങ്ങളുമായി ആക്രമിക്കല്‍, ശാരീരികമായി ഉപദ്രവിക്കല്‍, കൊലചെയ്യുന്നതിന് തട്ടിക്കൊണ്ടുപോകല്‍, തടങ്കല്‍ വയ്ക്കല്‍, മാരകമായി പരിക്കേല്‍പ്പിക്കല്‍, കൊലപാതകം, വനത്തില്‍ അനുമതിയില്ലാതെ കയറല്‍, വനത്തില്‍ കയറി അക്രമം നടത്തല്‍, പട്ടികവര്‍ഗ പീഡന നിരോധന വകുപ്പ്, സാമൂഹികമാധ്യമങ്ങളില്‍ മര്‍ദ്ദനത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് വിവിധ ഐ.ടി. വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. എല്ലാ പ്രതികള്‍ക്കും കൊലപാതകത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. റിമാന്‍ഡ് കാലാവധി തീരുന്ന മുറയ്ക്ക് വീണ്ടും മണ്ണാര്‍ക്കാട്ടെ സ്‌പെഷ്യല്‍ കോടതിയില്‍ പ്രതികളെ ഹാജരാക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.