അദ്വൈതഭാവങ്ങള്‍ മൂന്നും ശീലിക്കണം

Monday 26 February 2018 2:30 am IST

ഇതിനുള്ള പ്രയത്‌നത്തെ സഹായിക്കാനാണ് ഭാവാദ്വൈതം, ക്രിയാദ്വൈതം, ദ്രവ്യാദ്വൈതം എന്നീ ഭാവനകള്‍. 

ഒന്നേയുള്ളുവെന്ന വാസ്തവം മനനമണ്ഡലത്തില്‍ പ്രതിഷ്ഠിയ്ക്കുന്നതാണ് ഭാവാദ്വൈതം.

പ്രപഞ്ചം നാനാത്വവിലാസമാണല്ലോ. അതുകൊണ്ടാണ് അതില്‍നിന്ന് ആകര്‍ഷണം, വികര്‍ഷണം, ഭയം എന്നീ അനേകം വികാരങ്ങള്‍ മനസ്സിലുളവാകുന്നത്. നാനാത്വത്തെ വെറും തോന്നലും ഭ്രമവുമായിക്കണ്ട,് അതിന്റെ ഉദ്ഭവസ്ഥാനമായ മനസ്സില്‍ത്തന്നെ ചികിത്സിക്കുന്നപക്ഷം, താമസിയാതെ നാനാത്വസ്വാധീനങ്ങള്‍ കൊഴിഞ്ഞുപോകും. 

ഭാവനാചികിത്സയാണിത്. ഭാവാദ്വൈതമാണ് ഇതിലുപയോഗിയ്ക്കുന്ന ഔഷധം. കാര്യം കാരണത്തില്‍നിന്നും വ്യത്യസ്തമല്ല, കാരണത്തിന്റെ രൂപഭേദം മാത്രമാണ് കാര്യം. നൂലുതന്നെയാണല്ലോ വസ്ത്രരൂപത്തില്‍ കാണുന്നത്. നാനാത്വമെന്ന കാര്യവും, തത്കാരണമായ ഏകംതന്നെ. ഇങ്ങനെ ആഴത്തില്‍ ഭാവനചെയ്യുന്നതാണ് ഭാവാദ്വൈതം. 

ബഹുമുഖമാണ് ക്രിയകള്‍. അതിനാല്‍ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ മനസ്സും ബഹുമുഖമായിത്തീരുന്നു. ഉടനെ അല്ലലലട്ടുകള്‍ നുഴഞ്ഞുകയറുകയായി. പിന്നെ അവയുടെ പിടിവലിയും കൊടുമ്പിരിയുംതന്നെ. സമാധാനം പമ്പകടക്കുന്നു. ഈ ദു:സ്ഥിതി മാറ്റാനായി ബഹുമുഖകര്‍മങ്ങള്‍ക്ക് ഏകമുഖ സ്വാധീനം നല്കണം. അതെങ്ങനെയെന്നല്ലേ?

സര്‍വത്തേയും ഗ്രസിച്ച്, സര്‍വത്തിനും കാരണമായി വിലസുന്ന പരബ്രഹ്മത്തിനുള്ള സമര്‍പ്പണമായി എല്ലാ കര്‍മങ്ങളും ചെയ്യുക. ഈ സമര്‍പ്പണഭാവം ശക്തമാകുന്തോറും കര്‍മങ്ങള്‍ രചിക്കുന്ന പിടിവലികള്‍ മെലിഞ്ഞുപോകും. വെളിച്ചത്തില്‍ ഇരുട്ട് അലിഞ്ഞുപോകുംപോലെയാണിത്. വളരെ ഫലപ്രദമാണ് ഇത്തരം മനനശീലം. ക്രിയാദ്വൈതമെന്നതാണിത്.

സ്വന്തം ദേഹം, അതില്‍നിന്നുതുടങ്ങി അച്ഛനമ്മമാര്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍, ഗൃഹം, അന്നവസ്ത്രാദിസാമഗ്രികള്‍ എന്നിങ്ങനെ ഓരോരുത്തര്‍ക്കും ഉപയോഗിക്കാനുള്ള ദ്രവ്യങ്ങളെല്ലാംതന്നെ ഒരേ പരമേശ്വരന്റെ അംശങ്ങളും അവയവങ്ങളുമാണ്. 

കൈ, കാല്‍, വിരല്‍, നഖം രോമം എന്നീ അംശാവയവങ്ങള്‍ക്കു സ്വന്തമായ നില്പില്ല; അവയുടെ ആകത്തുകയായ മനുഷ്യനെ സൂചിപ്പിക്കുകമാത്രമാണ് ഇവയോരോന്നും ചെയ്യുന്നത്. അതുപോലെ ലോകവസ്തുക്കളും സാമഗ്രികളും എങ്ങനെ നോക്കിയാലും ഒരേ മൂലപ്പൊരുള്‍തന്നെയെന്നുകണ്ട് ഉണരുന്നതാണ് ദ്രവ്യാദ്വൈതം. യത് സര്‍വത്ര തദീക്ഷണം (7.7.55) എന്നു പ്രഹ്ലാദന്‍ പറഞ്ഞുവെച്ചതുപോലെയാണ്.

ഈ മൂന്ന് അദ്വൈതഭാവങ്ങള്‍കൊണ്ടും ഗൃഹസ്ഥന്മാര്‍ മനസ്സിനെ ഭവ്യ വും ധന്യവും ഈശ്വരീയവുമാക്കിയെടുക്കണം; എന്നാലേ ജീവിതം ധര്‍മഭൂഷിതവും അന്വര്‍ഥവുമാകൂ.

ധര്‍മാചരണം അല്പവാക്യങ്ങളില്‍

മഹര്‍ഷിമാര്‍ ഇനി ധര്‍മാചരണമെന്തെന്ന് ഏറ്റവും ചുരുക്കിപ്പറയുന്നതു പ്രത്യേകം ഓര്‍മവെ്‌ക്കേണ്ടതാണ്.

എവിടെയായാലും, ആര്‍ക്കായാലും, എന്തിനുവേണ്ടിയായാലും, അവിഹിതമല്ലാത്തതായി എന്തെല്ലാമുണ്ടോ അതൊക്കെ ഒരുവന് ആപദ്ഘട്ടങ്ങളല്ലാത്ത സന്ദര്‍ഭങ്ങളിലെല്ലാം അനുവര്‍ത്തിക്കാം. ഏറ്റവുമഴഞ്ഞ ശാസനവും സമ്മതവുമാണിത്. ഇതു ധനസമ്പാദനത്തിനുമാത്രമുള്ള അനുവാദമല്ല.

ആഹാരം, വിഹാരം, തൊഴില്‍, വിവാഹം, ഉറക്കം, സമ്പാദ്യം, ചെലവു ചെയ്യല്‍, കൊടുക്കല്‍, വാങ്ങല്‍, സഹായിക്കല്‍, പ്രവര്‍ത്തിക്കല്‍, പ്രവര്‍ത്തിക്കാതിരിക്കല്‍, ഇങ്ങനെ ജീവിതത്തിന്റെ ഭാഗമായി എന്തൊക്കെയുണ്ടോ അതിനെല്ലാമായുള്ള ധര്‍മവിധിയാണിത്. ആപത്തൊന്നും ഇല്ലാത്തപ്പോള്‍ ആര്‍ക്കും ഇതനുവര്‍ത്തിക്കാം. ആപത്തു നേരിടുമ്പോഴോ? അതിനെക്കുറിച്ചു മുമ്പുപറഞ്ഞുവെച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കുക. 

ഇങ്ങനെ ധര്‍മബദ്ധമായ ജീവിതം നയിക്കാനും, അതില്‍ സന്ദിഗ്ധാവസരങ്ങള്‍ പിണയുമ്പോള്‍ അതൊക്കെ നേരിട്ടു തളര്‍ച്ചയില്ലാതെ മുന്നേറാ നും, മഹാജനത്തിന്റെ സാന്നിധ്യം എത്ര ആവശ്യമാണെന്നു പ്രത്യേകം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നാരദമഹര്‍ഷി സംവാദം ഉപസംഹരിക്കുന്നത്. അതിനു ദൃഷ്ടാന്തമായി യുധിഷ്ഠിരനെത്തന്നെ ചൂണ്ടിക്കാണിക്കയും ചെയ്യുന്നു.

കൃഷ്ണസംഗം യുധിഷ്ഠിരന്റെ മികച്ച നേട്ടം

കൃഷ്ണന്റെ കനത്ത സഹവാസമാണ് യുധിഷ്ഠിരസഹോദരന്മാരുടെ ജീവിതത്തില്‍ മര്‍മപ്രധാനമായ നേട്ടം, ഭാഗ്യം. വേണ്ടതു തക്കസമയത്തു ധരിപ്പിക്കാന്‍, അതനുസരിച്ച് ഉത്സാഹവും നിര്‍ബന്ധവും ചെലുത്താന്‍, എന്തു പ്രതിസന്ധിയും തരണംചെയ്യിക്കാന്‍, സ്വയം എന്തും ചെയ്തു കൊടുക്കാന്‍, ഇങ്ങനെ എല്ലാറ്റിനും കൃഷ്ണന്‍ തയ്യാറായിരുന്നു. സോദര യുധിഷ്ഠിരനെ മുറുക്കിപ്പിടിച്ചു തുണച്ചു നീങ്ങുകയായിരുന്നു കൃഷ്ണന്‍.

ദീര്‍ഘകാലപ്രതീക്ഷകളോടെ കുരുക്ഷേത്രത്തില്‍ വന്നു യുദ്ധകാഹളം മുഴക്കി പെട്ടെന്നു വിഷണ്ണനും ശോകമൂകനുമായ അര്‍ജുനനെ പ്രബുദ്ധനാക്കിയ സംഭവംമാത്രംമതി കൃഷ്ണന്റെ നിസ്തുല ദൗത്യവും മഹിമയും വെളിപ്പെടാന്‍. 

ചാടിക്കുതിക്കുന്ന കുതിരകളുടെ കടിഞ്ഞാണുകളാണ് കയ്യില്‍, സങ്കടഗ്രസ്തനായ രഥി പാര്‍ഥനാണ് തൊട്ടുപിന്നില്‍, നിന്ന നില്പില്‍ത്തന്നെ തത്ത്വോപദേശങ്ങള്‍ പൊഴിക്കേണ്ടിവന്നു. സങ്കടവും സംശയവും തീര്‍ന്നു കൈകള്‍ തളരാതെ, മുഖം വിളറാതെ, പാര്‍ഥന്‍ ഉണര്‍ന്നെഴുന്നേറ്റു. അതിന്നായി മൂന്നു മണിക്കൂറോളം പാര്‍ഥസാരഥി ഉണര്‍ത്തിയ മംഗളസൂക്തങ്ങള്‍, മഹാഭാരതഗ്രന്ഥത്തിലെന്നല്ല ഭാരതചരിത്രത്തിലും അന്നുമുതല്‍ മിന്നിത്തിളങ്ങി നിരവധി പാര്‍ഥന്മാരെ മാടിവിളിച്ചുകൊണ്ട് വിലസുകയാണ്.

കൃഷ്ണന്റെ യുദ്ധനിര്‍വഹണദൗത്യം ആ ഹ്രസ്വസംവാദംകൊണ്ട് തീരുന്നില്ല. 

അഭിമന്യു മരിച്ചപ്പോള്‍, ദ്രോണാചാര്യരെ വധിക്കേണ്ടിവന്ന സന്ദര്‍ഭത്തില്‍, പിതാമഹനെ തട്ടിമറിച്ചിടണമെന്നായപ്പോള്‍, ജയദ്രഥന്റെ ശിരസ്സറക്കുന്നതിന്ന്,  കര്‍ണനെ നിലംപതിപ്പിക്കാന്‍, ദുര്യോധനനുമായി ദ്വന്ദ്വ യുദ്ധം നടത്താന്‍, ഇങ്ങനെ നീണ്ടുപോകുന്നു ആ ദൗത്യത്തിന്റെ വിവിധവശങ്ങള്‍. 

ഒരുവന്റെ ജീവിതം സഫലമാകുന്നതിന്നു മഹാജനത്തിന്റെ പങ്ക് എത്ര വിലപിടിച്ചതാണെന്നു നിര്‍ണയിക്കാവുന്നതല്ല. കൃഷ്ണസംഗത്തെച്ചൊല്ലി യുധിഷ്ഠിരകുടുംബം എത്ര ഭാഗ്യമുറ്റതായിയെന്നു നാരദന്‍ പറഞ്ഞറിയിക്കുന്നതിലെ മൂല്യം തുലോം വ്യാപകമാണെന്നറിയുക.

നാരദന് പറ്റിയ അപരാധവും മോചനവും 

ധര്‍മോപദേശം പരിസമാപിച്ചു. കൂട്ടത്തില്‍ നാരദനു പറയാന്‍ തോന്നി തന്റെ പൂര്‍വചരിത്രവും. മഹാജനങ്ങളെ ധിക്കരിച്ചാലുണ്ടാകുന്ന തകരാറും പിഴവും എത്രയെന്നു വരച്ചുകാണിയ്ക്കുകയായിരുന്നു ലക്ഷ്യം. മഹത്തുക്കളുടെ സഹവാസാനുഗ്രഹങ്ങള്‍ എത്രകണ്ട് അനുഗ്രഹകരമോ, അവരോടുള്ള ധിക്കാരം അത്രകണ്ട് നിഗ്രഹകരവുമാകും.

മറഞ്ഞുചെയ്യേണ്ട കാര്യങ്ങള്‍ തുറന്നു ചെയ്തുകൂടാ. രഹസ്യവിഷയങ്ങള്‍ പരസ്യപ്രദര്‍ശനം നടത്തരുത്. വീട്ടിലിരിക്കുമ്പോലെ പുറത്തുപോയാല്‍ പെരുമാറരുതല്ലോ.

തനിക്കു രൂപലാവണ്യമുണ്ടെന്നതിനാല്‍ പലരും ആകൃഷ്ടരായേക്കാം. സൗന്ദര്യം ആസ്വാദ്യമാകും; എന്നാല്‍ മതിമറന്നും അതിരുകടന്നും അതില്‍ ആരും മോഹിച്ചുപോകരുത്. 

ആകൃഷ്ടത എങ്ങാനും ദൃശ്യമാകുമ്പോള്‍, ആരില്‍ ആകര്‍ഷണം തോന്നുന്നുവോ ആ ആള്‍തന്നെവേണം അതു നിരുത്സാഹപ്പെടുത്താനും, വേണ്ടിവന്നാല്‍ സ്വയം അകന്നു നില്ക്കാനും. ഇനിയൊരാള്‍ക്കു തെറ്റു ചെയ്യാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുന്നതു കൂടുതലും തെറ്റുതന്നെ. തെറ്റിനു കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ അതു കളമൊരുക്കുന്നു.

അഴകുണ്ടായിരുന്ന നാരദന്റെ ചുറ്റും സ്ത്രീകള്‍ ആകൃഷ്ടരായി വന്നു കൂടി. അവരെ വിലക്കുന്നതിനുപകരം അനുമോദിച്ചുകൊണ്ടെന്നപോലെ, പ്രജാപതികള്‍ ദേവലോകത്തു വിളിച്ചുകൂട്ടിയിരുന്ന ഗന്ധര്‍വാപ്‌സരസദസ്സിലേയ്ക്കു സത്രാവസരത്തില്‍ ചെന്ന നാരദയുവാവ് നിര്‍ലജ്ജം എത്രവലിയ അവിവേകവും ധിക്കാരവുമാണ് കാണിച്ചത്. 

അതുടന്‍ തിരിച്ചറിഞ്ഞ മരീച്യാദികള്‍ ആ പെരുമാറ്റത്തിനു പൊരുന്ന താഴ്ന്ന ജന്മം ഉണ്ടാകട്ടെയെന്നു നിയോഗിച്ചുപോലും. നാരദനു വന്ന അധ: പതനം അങ്ങനെയാണ്. 

അടിതെറ്റാതെ വേണം ആന നടക്കാന്‍. ഒരു യോഗ്യതയുടെ പേരിലും ധിക്കാരംകൊണ്ടുകൂടാ. അവിവേകം ഏതു സമയത്തും ആരേയും പിടിപെടാം. നിതാന്തജാഗ്രതതന്നെവേണം രക്ഷിക്കാന്‍. 

തനിയ്ക്കുപറ്റിയ തെറ്റ് ഉണര്‍ത്തിക്കുന്നതില്‍ നാരദന് ഒരു വിഷമമോ സംശയമോ ഇല്ല. തെറ്റുപറ്റുന്നതിലല്ല തകരാറ്, അതുണര്‍ന്ന്, അനന്തരം ജാഗ്രത പാലിക്കാതെ വരുന്നതിലാണ് ഗൗരവമേറിയ ധര്‍മഗ്ലാനി. നാരദകഥനം ഇങ്ങനെ പല വീക്ഷണകോണുകളും വെളിപ്പെടുത്തുന്നതത്രെ.

(അവസാനിച്ചു)

സ്വാമി ഭൂമാനന്ദതീര്‍ഥര്‍ 

രചിച്ച ധര്‍മമൂല്യങ്ങള്‍ 

ഭാഗവതവാക്യങ്ങളില്‍ എന്ന 

ഗ്രന്ഥത്തില്‍ നിന്ന് 

e-mail: ashram@bhoomananda.org

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.