പിന്നാക്ക വിഭാഗങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നു: ഒ.രാജഗോപാല്‍

Monday 26 February 2018 2:30 am IST

തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ഇവര്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പഞ്ചദിന സത്യാഗ്രഹത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പിന്നോക്ക വിഭാഗങ്ങളുടെ ഭവന നിര്‍മ്മാണം തുടങ്ങി അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി കോടികളുടെ കേന്ദ്ര ഫണ്ടാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. എന്നാല്‍ ഈ ഫണ്ട് അര്‍ഹരായവര്‍ക്ക് നല്‍കാതെ വഴിവിട്ട് ചെലവഴിക്കുകയാണ്. അട്ടപ്പാടിയില്‍ ആദിവാസി യുവാന്റെ കൊലപാതകം പോലും ഫണ്ട് അട്ടിമറിയുടെ യഥാര്‍ത്ഥമുഖമാണ് കാണിക്കുന്നത്. 

പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കൊപ്പമാണെന്ന് കൊട്ടിഘോഷിക്കുന്ന പാര്‍ട്ടി പിന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സ്‌ക്വാളര്‍ഷിപ്പ് അടക്കമുളള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ വരെ അലംഭാവം കാട്ടുകയാണ് ചെയ്യുന്നതെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. തുടര്‍ന്ന്  പ്രവര്‍ത്തകര്‍ മന്ത്രി എ.കെ. ബാലന്റെ കോലം കത്തിച്ചു. 

ചടങ്ങില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് എസ്. സുരേഷ്, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ്. മണി, വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് അരുണ്‍ പ്രകാശ്, സെക്രട്ടറി ആറ്റുകാല്‍ മോഹന്‍ദാസ്, ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി നെല്ലിമൂട് പ്രേമന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേന, ബിഡിജെഎസ് ജില്ലാ സെക്രട്ടറി അജി. എസ്.ആര്‍.എം എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.