വര്‍ഗീയതയ്‌ക്കെതിരെ സംസാരിക്കണമെങ്കില്‍

Monday 26 February 2018 2:30 am IST

''ജാതിയുടേയോ മതത്തിന്റെയോ സമുദായത്തിന്റെയോ പരിഗണനയില്‍'' സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റാതെ, അവ നിരസിക്കുന്നവരുണ്ടെങ്കില്‍ അങ്ങനെയുളളവര്‍ക്കേ വര്‍ഗ്ഗീയതയ്‌ക്കെതിരേയും മതേതരത്വത്തിനായും സംസാരിക്കാന്‍ അര്‍ഹതയുളളൂ. സര്‍ക്കാര്‍, തനിക്കോ തന്റെ സമുദായത്തിനോ ജാതിയുടെയോ മറ്റെന്തിന്റെയെങ്കിലും പേരിലോ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും കൈനീട്ടി വാങ്ങിയശേഷം ജാതിക്കും മതത്തിനുമെതിരെ ഘോരഘോരം പ്രസംഗിക്കുകയോ  പ്രസ്താവനയിറക്കുകയോ ചെയ്യുന്നവര്‍ക്ക് എന്ത് ആത്മാര്‍ത്ഥതയാണുളളത്? 

ചിലര്‍ക്കുമാത്രം ലഭിക്കുന്ന സര്‍ക്കാര്‍ സൗജന്യങ്ങള്‍ പോരട്ടെ പോരട്ടെയെന്ന് പറഞ്ഞ് സ്വീകരിച്ചനുഭവിക്കുന്നവര്‍ക്ക് വര്‍ഗ്ഗീയതയ്‌ക്കെതിരെയും മതേതരത്വത്തിനായും  സംസാരിക്കാന്‍ ധാര്‍മ്മികമായി ഒരവകാശവുമില്ല. 

വര്‍ഗ്ഗീയതയ്‌ക്കെതിരെ ആഞ്ഞടിക്കുന്നവര്‍ ഇന്ത്യയിലെ ഓരോ പൗരന്റെയും തുല്യഅവകാശത്തിനായി നിലക്കൊളളുക. അങ്ങനെയല്ലേ തങ്ങളുടെ നിഷ്പക്ഷതയും പ്രബുദ്ധതയും മതേതര കാഴ്ച്ചപ്പാടും  തെളിയിക്കേണ്ടത്. സാക്ഷരതയില്‍ ഒന്നാമതു നില്‍ക്കുന്ന കേരളീയര്‍ ഇക്കാര്യത്തിലും രാജ്യത്ത്  ഒന്നാമതായെങ്കില്‍.

രാജന്‍ വി. അയ്യര്‍ 

തമ്മനം, 

എറണാകുളം 

യുപിയെ കണ്ട് പഠിക്കുക

ബിജെപി അധികാരത്തില്‍ വരുകയും, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ യുപിയുടെമേല്‍ നിയമവാഴ്ചയുടെ സൂര്യകിരണങ്ങള്‍ പതിക്കാന്‍ തുടങ്ങിയിരിക്കുന്നു. അധികാരം ഏറ്റെടുത്ത് ഒട്ടും താമസിയാതെ മുഖ്യമന്ത്രി എടുത്ത നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിലവിലുണ്ടായിരുന്ന ഗുണ്ടാ നിയമം ശക്തമാക്കലായിരുന്നു. കേവലം ഒരു കൊല്ലം ആകാറായപ്പോള്‍ നിയമ പരിപാലന വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനംകൊണ്ട് ഗുണ്ടാസംഘങ്ങള്‍ക്ക് യുപിയില്‍ നില്‍ക്കക്കള്ളിയില്ലാതായിരിക്കുന്നു. അതിന്റെ ഫലമായി ഒളിവില്‍ കഴിഞ്ഞിരുന്ന 40 കൊടും കുറ്റവാളികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടു. 3000ത്തിനടുത്ത്  ഗുണ്ടകള്‍ ജയിലഴിക്ക് പിന്നിലായി. 300 ഗുണ്ടകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഗുണ്ടകളുടെ 147 കോടി രൂപ വില മതിപ്പുള്ള സ്വത്തുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതായും വാര്‍ത്തയുണ്ട്.

യുപി സര്‍ക്കാരിന്റെ കര്‍ശന നടപടി മൂലം തലയ്ക്ക് ലക്ഷങ്ങളുടെ വിലയിട്ടിട്ടുള്ള നൂറുകണക്കിന് ക്രിമിനലുകള്‍ കീഴടങ്ങാന്‍ ക്യൂ നില്‍ക്കുകയാണ്. പല കുറ്റവാളികളും ജാമ്യം റദ്ദാക്കിപ്പോലും ജയിലിലേക്ക് മടങ്ങുന്നു എന്നു മാത്രമല്ല പലരും പരോള്‍ ലഭിച്ചിട്ടും, വെളിയില്‍ പോകാതെ ജയിലില്‍ കഴിഞ്ഞുകൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്യുന്നു. യോഗി ആദിത്യനാഥിന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് എസ്പി, ബിഎസ്പി തുടങ്ങിയ രാഷ്ട്രീയ കക്ഷികളും മനുഷ്യാവകാശ കമ്മീഷനുമെല്ലാം പതിവുപോലെ രംഗത്തുവന്നിട്ടുണ്ടെങ്കിലും യുപിയിലെ സമാധാന ജീവിതം കാംക്ഷിക്കുന്ന സാധാരണ ജനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്താണ്.

യോഗി ആദിത്യനാഥ് കേരളത്തില്‍ വന്ന് ഇവിടത്തെ സര്‍ക്കാരിന്റെ ഭരണവിശേഷം കണ്ടുപഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് ആഹ്വാനം ചെയ്തിരുന്ന കാര്യമാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മ വരുന്നത്! എന്താണ് അനുകരണീയമായ കേരള മോഡല്‍? ഭരണത്തില്‍ കയറിയ അന്നു മുതല്‍ മുടങ്ങാതെ പാര്‍ട്ടി ഗുണ്ടകള്‍ നടത്തുന്ന അരുംകൊലകള്‍, അക്രമങ്ങള്‍, ഗര്‍ഭസ്ഥ ശിശുക്കളെ ചവിട്ടി പുറത്തുചാടിക്കല്‍, സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങള്‍, മയക്കുമരുന്ന് വാണിഭം, വര്‍ദ്ധിച്ചുവരുന്ന മുസ്ലിം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍,  അവശവിഭാഗങ്ങളെ പീഡിപ്പിക്കല്‍, പെന്‍ഷന്‍ ലഭിക്കാത്തതുമൂലം ആളുകള്‍ ആത്മഹത്യചെയ്യല്‍ എന്നിവയൊക്കെയല്ലേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ കേരള മോഡല്‍? 

യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ കുറ്റവാളികള്‍ പരോളില്‍ ഇറങ്ങാന്‍ മടിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ കൊലപാതകങ്ങള്‍ക്ക് തടവിലായ പാര്‍ട്ടി സഖാക്കളെ നിബന്ധനകള്‍ ലംഘിച്ച് പരോളില്‍ വിടുന്നു. അങ്ങനെ ഇറങ്ങിയ അവര്‍ നിര്‍ദ്ദിഷ്ട സമയത്ത് ജയിലില്‍ മടങ്ങിയെത്തുന്നില്ല എന്നു മാത്രമല്ല, അവരുടെമേല്‍ പുതിയ കൊലപാതകങ്ങളുടെ നിഴല്‍വീഴുകയും ചെയ്യുന്നു. അങ്ങനെ യോഗി ആദിത്യ നാഥ് വളരെ നിഷ്‌കര്‍ഷയോടെ പഠിക്കേണ്ട പിണറായി പാഠങ്ങള്‍ അതിവിശിഷ്ടം തന്നെ! ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അഹംഭാവവും ധാര്‍ഷ്ട്യവും ഉപേക്ഷിച്ച് തുറന്ന മനസ്സോടെ ഭരണത്തിന്റെ നല്ല പാഠങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനത്തെ കുറേ കാര്യങ്ങളെങ്കിലും ശരിയായേക്കും.

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍,

ഏറ്റുമാനൂര്‍  

ഇനിയും ദ്രോഹിക്കരുത്

ആറ് മാസം പെന്‍ഷന്‍ മുടക്കി ഇപ്പോള്‍ ഉദ്ഘാടന മാമാങ്കം നടത്തിയിരിക്കുന്നു. പാവപ്പെട്ട കെഎസ്ആര്‍ടിസി  പെന്‍ഷന്‍കാരെയും കുടുംബപെന്‍ഷന്‍കാരെയും ഇങ്ങനെ വട്ടംകറക്കി ആരെയാണ് ഇടതുപക്ഷ സര്‍ക്കാര്‍   നന്നാക്കാന്‍ ശ്രമിക്കുന്നത്. പുതിയതായി സഹകരണ പ്രസ്ഥാനങ്ങളില്‍ അക്കൗണ്ട് തുടങ്ങാന്‍ 500 രൂപ വരെ നിക്ഷേപിക്കണം. എന്തിനിങ്ങനെ ഈ പാവങ്ങളെ ചുറ്റിക്കുന്നു. നിലവിലുള്ള അക്കൗണ്ടിലേക്ക് എന്‍ഇഎഫ്ടി വഴി തുക മാറ്റിക്കൊടുക്കാന്‍ സംവിധാനമുണ്ട്. എല്ലാ ജില്ലാ സഹകരണ ബാങ്കുകളിലും ഇലക്‌ട്രോണിക് ഫണ്ട് കൈമാറ്റ സംവിധാനം നിലവിലുണ്ട്. 

രാജന്‍ ടി.കെ.

പ്രസിഡണ്ട്, മുനിസിപ്പല്‍ സമിതി

മൂവാറ്റുപുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.