വിട പറയുന്നത് ഒരേയൊരു ലേഡീ സൂപ്പര്‍സ്റ്റാര്‍

Monday 26 February 2018 2:50 am IST
ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. ശ്രീദേവിയുടെ മൂക്ക് ഹിന്ദി ചലച്ചിത്ര ലോകത്തെ നിര്‍മാതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും പിന്നീട് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മൂക്കിന്റെ ആകൃതി പരിഷ്‌കരിച്ചെന്നുമൊക്കെ ഗോസിപ്പുകള്‍ ധാരാളം പ്രചരിച്ചിരുന്നു അക്കാലത്ത്. എന്തായാലും 1983ലെ ഹിമ്മത്ത്‌വാല സൂപ്പര്‍ ഹിറ്റായതോടെ ബോളിവുഡിലെ നായികാ സിംഹാസനത്തിലേക്ക് ഈ തമിഴ്‌നാട്ടുകാരി പെണ്‍കുട്ടി അമര്‍ന്നിരുന്നു. ഹേമമമാലിനിയുടെ പിന്മാറ്റത്തിനു ശേഷം ഗ്ലാമറും സൗന്ദര്യവും ഒത്തിണങ്ങിയ ഒരു നായികയ്ക്കു വേണ്ടിയുള്ള ബോളിവുഡിന്റെ കാത്തിരിപ്പിനും വിരമമായി.

ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം അതിശയോക്തിയായിരുന്നില്ല, ശ്രീദേവിയെ സംബന്ധിച്ച്. എണ്‍പതുകളുടെ അവസാനം മുതല്‍ പതിനഞ്ചു വര്‍ഷത്തോളം ശ്രീദേവിയുടെ സമയത്തിനു കാത്തുനിന്നിരുന്നു അക്കാലത്തെ സൂപ്പര്‍താരങ്ങള്‍. ഒരു മാസം മുപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു ശ്രീദേവി അക്കാലത്ത്. മിക്കവാറും എല്ലാം സൂപ്പര്‍ഹിറ്റുകള്‍.

1963 ഓഗസ്ത് 13ന് ജനിച്ച ശ്രീദേവി നാലാം വയസില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങി. അച്ഛന്‍ അയ്യപ്പന്‍, അമ്മ രാജേശ്വരി. 

1969ല്‍ പുറത്തു വന്ന തുണൈവനില്‍ ബാലതാരം. 1975ല്‍ ആദ്യ ഹിന്ദി ചിത്രം ജൂലിയിലും ബാലതാരമായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം പതിമൂന്നാമത്തെ വയസില്‍ മൂന്‍ട്രു മുടിച്ചു എന്ന ചിത്രത്തില്‍ നായികാ വേഷമണിയുമ്പോള്‍ അത് അക്ഷരാര്‍ഥത്തില്‍ ഒരു താരോദയമായിരുന്നു.

16 വയതിനിലേ (1977), ശികപ്പു റോജാക്കള്‍ (1978), വരുമയിന്‍ നിറം ശികപ്പ് (1980), പ്രേമാഭിഷേകം (1981), മൂന്‍ട്രാം പിറ (1982) ഇങ്ങനെ തമിഴ് ചലച്ചിത്ര ലോകത്തെ ഏക നായികാ സങ്കല്‍പ്പമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഹിന്ദിയിലേക്കു ചുവടുമാറിയത്. 

ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. ശ്രീദേവിയുടെ മൂക്ക്  ഹിന്ദി ചലച്ചിത്ര ലോകത്തെ നിര്‍മാതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും പിന്നീട് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മൂക്കിന്റെ ആകൃതി പരിഷ്‌കരിച്ചെന്നുമൊക്കെ ഗോസിപ്പുകള്‍ ധാരാളം പ്രചരിച്ചിരുന്നു അക്കാലത്ത്. എന്തായാലും 1983ലെ ഹിമ്മത്ത്‌വാല സൂപ്പര്‍ ഹിറ്റായതോടെ ബോളിവുഡിലെ നായികാ സിംഹാസനത്തിലേക്ക് ഈ തമിഴ്‌നാട്ടുകാരി പെണ്‍കുട്ടി അമര്‍ന്നിരുന്നു. ഹേമമമാലിനിയുടെ പിന്മാറ്റത്തിനു ശേഷം ഗ്ലാമറും സൗന്ദര്യവും ഒത്തിണങ്ങിയ ഒരു നായികയ്ക്കു വേണ്ടിയുള്ള ബോളിവുഡിന്റെ കാത്തിരിപ്പിനും വിരമമായി. 

രാജേഷ് ഖന്ന, ജിതേന്ദ്ര, ധര്‍മേന്ദ്ര, അമിതാഭ് ബച്ചന്‍ തുടങ്ങി അക്കാലത്തെ പ്രധാന താരങ്ങളുടെയെല്ലാം നായികയായി. തൊട്ടു പിന്നാലെ മിഥുന്‍ ചക്രവര്‍ത്തി, അനില്‍ കപൂര്‍, ഋഷി കപൂര്‍ കാലം വന്നപ്പോഴും നായികയുടെ മുഖവും ശരീരവും മാറിയില്ല. ധര്‍മേന്ദ്രയുടെ മകന്‍ സണ്ണി നായകനായപ്പോഴും നായിക ശ്രീദേവി തന്നെ. 

ഹിമ്മത്ത്‌വാല തിയേറ്ററുകളെ ഹരം കൊള്ളിച്ച വര്‍ഷം തന്നെ മൂന്നാംപിറയുടെ ഹിന്ദി പതിപ്പ് സദ്മയും വന്നത്. കണ്ണൈ കലൈമാനേ എന്ന പ്രശസ്ത ഗാനത്തിന്റെ ഹിന്ദി വേര്‍ഷന്‍, സുറുമൈ അഖിയോം മേം...തരംഗമായി. ആടാനും പാടാനും മാത്രമല്ല അഭിനയിക്കാനും ശ്രീദേവിക്ക് അറിയാം എന്നു ഹിന്ദിക്കാരെ മനസ്സിലാക്കിയ ചിത്രമായിരുന്നു സദ്മ.

മാസ്റ്റര്‍ജി, തോഫ, നാഗിന, ചാല്‍ബാസ്, കര്‍മ, ജാന്‍ബാസ്, ചാന്ദ്‌നി, ലംഹെ തുടര്‍ച്ചയായി ഹിറ്റുകള്‍. ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരമായി ശ്രീദേവി മാറുകയായിരുന്നു. ബോക്‌സോഫിസ് വിജയങ്ങളെ ശ്രീദേവി നിയന്ത്രിച്ച കാലം. 1987ല്‍ മിസ്റ്റര്‍ ഇന്ത്യ പുറത്തു വരുമ്പോള്‍ തിയേറ്റര്‍ നിറഞ്ഞത് ശ്രീദേവിയുടെ ഹവാ ഹവായി... ഗാനരംഗത്തിന്റെ ആവേശത്തില്‍. അക്കാലത്തെ ഗാനമേളകളിലും കല്യാണപാര്‍ട്ടികളിലും ഈ ഗാനം നിറഞ്ഞു. മിസ്റ്റര്‍ ഇന്ത്യയില്‍ ചാര്‍ലി ചാപ്ലിനെ ശ്രീദേവി അനുകരിക്കുന്ന രംഗങ്ങള്‍ ഏറെ പ്രശംസ നേടി. 

1992ല്‍ ഖുദാ ഗവാ വരെ ശ്രീദേവി തന്റെ താരപ്രഭ നിലനിര്‍ത്തി. ഇടയ്‌ക്കെപ്പോഴോ മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള ഹ്രസ്വകാല പ്രണയത്തിന്റെ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. രഹസ്യമായി വിവാഹം കഴിഞ്ഞു എന്നും പ്രചരിച്ചു. പക്ഷേ, മോക്ഷപ്രാപ്തി കിട്ടാതെ പോയ അനേകം ചലച്ചിത്രപ്രണയങ്ങളില്‍ ഒന്നായി അത് അകാലചരമമടഞ്ഞു. 

എന്നാല്‍ ഏറെക്കാലത്തിനു ശേഷം നിര്‍മാതാവ് ബോണി കപൂറുമായുള്ള പ്രണയത്തിലേക്ക് ശ്രീദേവി ചേക്കേറുമ്പോള്‍ കഥമാറി. തന്റെ വിജയ നായകന്മാരില്‍ ഒരാളായ അനില്‍ കപൂറിന്റെ മൂത്തസഹോദരനില്‍ വരുംകാല ജീവിതപങ്കാളിയെ ശ്രീദേവി കണ്ടെത്തിക്കഴിഞ്ഞിരുന്നു. മോണ ഷൂരിയില്‍ നിന്ന് വിവാഹ മോചനം നേടിയ ബോണി 1996ല്‍ ശ്രീദേവിയുടെ കഴുത്തില്‍ മിന്നു കെട്ടി. അതിനും മൂന്നു വര്‍ഷം മുമ്പ് പ്രണയോപഹാരമായി, ശ്രീദേവിയെ നായികയാക്കി നിര്‍മിച്ച രൂപ് കി റാണി ചോരോം കാ രാജ പരാജയമായി. ഒന്നരക്കോടി ബജറ്റ് എന്ന് അക്കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത മുതല്‍മുടക്കായിരുന്നു ആ ചിത്രത്തിന്.

പിന്നീട് ശ്രീദേവി കുടുംബത്തിലേക്ക് ഒതുങ്ങി. 

പതിനഞ്ചു വര്‍ഷത്തിനു ശേഷം ഇംഗ്ലിഷ് വിംഗ്ലിഷ് എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തിലൂടെ എല്ലാവരേയും ഞെട്ടിച്ച റീഎന്‍ട്രിയിലും ശ്രീദേവി തെളിയിച്ചു, താന്‍ തന്നെ സൂപ്പര്‍ താരം. ചിത്രം സൂപ്പര്‍ ഹിറ്റായി. 2015ല്‍ വിജയ് ചിത്രം പുലിയിലൂടെ രണ്ടു പതിറ്റാണ്ടിനു ശേഷം തമിഴില്‍. ഒടുവില്‍ അഭിനയിച്ച മോം എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. 

മൂത്ത മകള്‍ ജാന്‍വിയുടെ സിനിമാ മോഹത്തിന് ശ്രദേവിയുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു. ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ധടക് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. മകളെ സ്‌ക്രീനില്‍ കാണാന്‍ കാത്തു നില്‍ക്കാതെയാണ് ശ്രീദേവി അപ്രതീക്ഷിതമായി വിടപറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.