ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണം: ആര്‍എസ്‌എസ്‌

Monday 5 November 2012 12:09 pm IST

ചെന്നൈ: ആസാമിലേക്കുള്ള ബംഗ്ലാദേശി മുസ്ലീങ്ങളുടെ നുഴഞ്ഞുകയറ്റം തടയാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ അടിയന്തരനടപടി കൈക്കൊള്ളമെന്നാവശ്യപ്പെട്ട്‌ അഖിലഭാരതീയ കാര്യകാരിണി മണ്ഡലത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആര്‍എസ്‌എസ്‌ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ആര്‍എസ്‌എസ്‌ സഹസര്‍കാര്യവാഹക്‌ ഡോ.കൃഷ്ണഗോപാല്‍, ഡോ.മന്‍മോഹന്‍ വൈദ്യ, എന്‍.സദഗോപന്‍ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട്‌ വെളിപ്പെടുത്തി. ജൂലൈ 20മുതല്‍ ആസാമിലെ കൊക്രാജര്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലും നടന്നുവരുന്ന കലാപത്തില്‍ അനേകം പേര്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാകുകയും ചെയ്തിരുന്നു. നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശി മുസ്ലീങ്ങളില്‍ നിന്നും ആസാംജനത അനുഭവിക്കുന്ന ഭീഷണി വളരെ വലുതാണ്‌. 1947ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ എല്ലാ ജില്ലകളിലുമടക്കം ആസാം ഹിന്ദുഭൂരിപക്ഷസംസ്ഥാനമായിരുന്നെങ്കില്‍ ഇന്ന്‌ അവിടുത്തെ ഏഴു ജില്ലകള്‍ മുസ്ലീംഭൂരിപക്ഷ ജില്ലകളായി മാറി. കൊക്രാജറില്‍ 2008ല്‍ സംവരണം ആവശ്യപ്പെട്ട്‌ മുസ്ലീങ്ങള്‍ നടത്തിയ ഹര്‍ത്താല്‍ സംഘര്‍ത്തിലാണവസാനിച്ചത്‌. ഇക്കഴിഞ്ഞ ജൂലൈ 20ന്‌ നാലുബോഡോ യുവാക്കളെ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തിയതാണ്‌ കലാപമുണ്ടാകാന്‍ കാരണമായത്‌. നിരവധി ഗ്രാമങ്ങള്‍ ചുട്ടെരിച്ചു. കലാപത്തിനെതിരെ മുംബൈയിലുണ്ടായ പ്രതിഷേധപ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ ക്രൂരമായ ആക്രമിച്ചു. ഈ സാഹചര്യത്തില്‍ ആസാമില്‍ നുഴഞ്ഞുകയറിയിരിക്കുന്ന ബംഗ്ലാദേശി മുസ്ലീങ്ങളെ എത്രയും വേഗം കണ്ടെത്തി രാജ്യത്തു നിന്നും പുറത്താക്കണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസിവിഭാഗങ്ങളെ തിരിച്ചറിയാന്‍ ഉന്നതതല അന്വേഷണവും അനുബന്ധ നടപടികളും സ്വീകരിക്കണം. 2005ല്‍ സുപ്രീംകോടതി ആസാമിലെ അനധികൃത കുടിയേറ്റത്തിനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനമുന്നയിച്ചാതാണ്‌. അനധികൃത കുടിയേറ്റം തടയാന്‍ സ്വീകരിച്ച നടപടികളിലെ അപാകതകളെയും അന്ന്‌ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നുഴഞ്ഞുകയറിയവര്‍ വോട്ടര്‍ പട്ടികയിലും കടന്നു കൂടി. ഇവര്‍ ആസാമിനുള്ളില്‍ മാത്രമല്ല പുറത്ത്‌ മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്‌. മുസ്ലീം ജനസംഖ്യ ഇരട്ടിയായി. ഇവരെ നമുക്ക്‌ ചെന്നൈ, പൂനെ, മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ പോലും കാണാം. അടുത്തിടെ ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ്‌ കാംനി ലാല്‍ പോലും ആയിരക്കണക്കിന്‌ നുഴഞ്ഞുകയറ്റക്കാര്‍ അവിടെയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി. 2000ത്തില്‍ സിറ്റിപോലീസിനോട്‌ ദിവസവും നൂറു നുഴഞ്ഞുകയറ്റക്കാരെ വീതം കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ ദല്‍ഹി കോടതി നിര്‍ദേശിച്ചിരുന്നു. അന്ന്‌ ഡിജിപി പ്രകാശ്‌ സിംഗ്‌ തന്റെ നിസ്സഹായത വെളിപ്പെടുത്തുകയും നിര്‍ദേശം പാലിക്കപ്പെടാതെ പോകുകയും ചെയ്തു. മുന്‍ സിബിഐ മേധാവി ജോഗീന്ദര്‍ സിംഗ്‌ നുഴഞ്ഞുകയറ്റത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഒരു മുന്‍ കേന്ദ്രആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയതാകട്ടെ ഒരുകോടിയോളം ബംഗ്ലാദേശി മുസ്ലീങ്ങള്‍ ഇന്ത്യയിലേക്ക്‌ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ്‌. ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ബംഗ്ലാദേശുമായി അടിയന്തര ചര്‍ച്ച വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.