കേരളത്തില്‍ തൊഴില്‍ കിട്ടാതെ 2.64 ലക്ഷം കുടുംബങ്ങള്‍

Monday 26 February 2018 2:50 am IST

കൊച്ചി: വിശപ്പടക്കാന്‍ വനവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ പെടാപ്പാട് പെടുമ്പോള്‍ പട്ടികവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ സംസ്ഥാനം ഗുരുതരമായ വീഴ്ച വരുത്തി. ദിവസം 258 രൂപ മാത്രം വേതനമുള്ള തൊഴിലുറപ്പ് പദ്ധതിയില്‍പ്പോലും പട്ടികവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാറിനായില്ല. സംസ്ഥാനമൊട്ടാകെ പട്ടികവിഭാഗത്തില്‍പ്പെട്ട 2.64 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇടത് സര്‍ക്കാര്‍ തൊഴില്‍ നിഷേധിച്ചത്. 

വനവാസികള്‍ ഏറെയുള്ള വയനാട്ടില്‍പ്പോലും പകുതിയിലേറെ പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് തൊഴില്‍ കിട്ടിയില്ലെന്ന് തൊഴിലുറപ്പ് പദ്ധതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പട്ടികവിഭാഗങ്ങളുടെയും വനവാസികളുടെയും ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കോടിക്കണക്കിന് രൂപ താഴെത്തട്ടിലെത്തുന്നില്ലെന്നതിന് വ്യക്തമായ തെളിവാണിത്. 

സംസ്ഥാനമൊട്ടാകെ പട്ടികവിഭാഗത്തില്‍പ്പെട്ട 5,06,639 കുടുംബങ്ങളാണ് തൊഴിലിനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2,42,043 കുടുംബങ്ങള്‍ക്ക് മാത്രമേ ജോലി നല്‍കിയുള്ളൂ. ബാക്കിയുള്ള 52.23 ശതമാനം കുടുംബങ്ങള്‍ക്കും ഒരുദിവസത്തെ തൊഴില്‍ പോലും കിട്ടിയില്ല. തൊഴില്‍ കിട്ടിയവര്‍ക്കാകട്ടെ നിയമം അനുശാസിക്കുന്ന 100 ദിവസത്തെ തൊഴിലും നല്‍കാനായില്ല. 100 ദിവസം തൊഴില്‍ കിട്ടിയ കുടുംബങ്ങള്‍ 8618 മാത്രം. ഒരുവര്‍ഷം ഒരു കുടുംബത്തിലെ ഒരംഗത്തിന് 100 ദിവസത്തെ തൊഴില്‍ കിട്ടിയാല്‍ കൂലിയായി കിട്ടുന്നത് 25,800 രൂപയാണ്. സാധനങ്ങള്‍ക്ക് തീവിലയായ ഇവിടെ ഈ പണം കൊണ്ട് ജിവിക്കാനാവില്ല. ഇക്കാര്യം അറിയാമായിരുന്നിട്ടും തൊഴില്‍ കണ്ടെത്തി നല്‍കുന്നതില്‍ ഇടത് സര്‍ക്കാര്‍ വീഴ്ച വരുത്തി. 

മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ വനവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളും കാരണക്കാരാണെന്നതിന് തെളിവാണ് തൊഴില്‍ നിഷേധവും പദ്ധതിപ്പണം താഴെത്തട്ടിലെത്താത്തതും കാണിക്കുന്നത്. വയനാട്ടില്‍ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട 33,609 കുടുംബങ്ങളാണ് തൊഴിലിന് രജിസ്റ്റര്‍ ചെയ്തത്. സാമ്പത്തിക വര്‍ഷം തീരാന്‍ ഒരുമാസം മാത്രം ബാക്കിയിരിക്കെ 15,789 പേര്‍ക്ക് മാത്രമാണ് തൊഴില്‍ കിട്ടിയത്. ഇതില്‍ 100 ദിവസത്തെ തൊഴില്‍ കിട്ടിയത് 1621 പേര്‍ക്ക് മാത്രം. ഇവിടത്തെ പട്ടികജാതി വിഭാഗത്തിന്റെ അവസ്ഥയും ഇതുതന്നെ. 4324 പേര്‍ തൊഴിലിന് രജിസ്റ്റര്‍ ചെയ്തതില്‍ ജോലികിട്ടിയത് 2328 പേര്‍ക്ക് മാത്രമാണ്. 

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കണ്ടെത്തേണ്ടത് ഗ്രാമപ്പഞ്ചായത്തുകളാണ്. എന്നാല്‍, അതിനുള്ള സഹായ സഹകരണങ്ങള്‍ ചെയ്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഫണ്ടും നല്‍കുന്ന ജോലിയാണ് കേന്ദ്രത്തിനുള്ളത്. എന്നാല്‍, പലപ്പോഴും കേന്ദ്രമാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാതിരുന്നതും തൊഴില്‍ദിനങ്ങളുടെ എണ്ണം കുറയാനിടയാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.