സുഗതന്റെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Monday 26 February 2018 2:30 am IST

പത്തനാപുരം: സിപിഐക്കാരുടെ ഭീഷണിമൂലം പ്രവാസി സംരഭകനായ സുഗതന്‍ തൂങ്ങി മരിക്കാനിടയായ സംഭവത്തെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറല്‍ എസ്പി ബി. അശോകനും ജില്ലാ കളക്ടര്‍ എസ.് കാര്‍ത്തികേയനും വിശദമായി അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. 

കേസ് മാര്‍ച്ച് 20ന് കൊട്ടാരക്കരയില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് സ്വമേധയായാണ് മനുഷാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 

വര്‍ക്ക്‌ഷോപ്പ് തുടങ്ങുന്നതിനായി സ്വരൂപിച്ചു വച്ച രണ്ട് ലക്ഷത്തോളം രൂപ കൊടികുത്തിയ പാര്‍ട്ടിക്കാര്‍ക്ക് അച്ഛന്‍ നല്‍കിയതായി സുഗതന്റെ ഇളയമകന്‍ സുജിത്ത് 'ജന്മഭൂമി'യോട് പറഞ്ഞു. കൂടുതല്‍ തുക സിപിഐക്കാര്‍ ആവശ്യപ്പെട്ടതിലും, പണം നഷ്ടപ്പെട്ടതിലുമുള്ള മനോവിഷമത്തിലുമാണ് അച്ഛന്‍ മരിച്ചത്. 

തങ്ങളുടെ ജീവിതമാണ് സിപിഐക്കാര്‍ തകര്‍ത്തത്. അവര്‍ക്കെതിരെ കേസ് എടുക്കണം, അതോടൊപ്പം വര്‍ക്ക്‌ഷോപ്പ് ആരംഭിക്കാന്‍ സാധിക്കണം. ഇല്ലെങ്കില്‍ അച്ഛന്‍ ഞങ്ങള്‍ക്കായി കുരിക്കിട്ട കയറില്‍ ജീവനൊടുക്കുമെന്ന് മക്കളായ സുജിത്തും, സുനിലും കണ്ണീരോടെ പറഞ്ഞു.

പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍ (64) വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. കൊല്ലം- തിരുമംഗലം ദേശീയ പാതക്കരുകില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷന് സമീപം വര്‍ക്ക് ഷോപ്പ് നടത്തുന്നതിനായി നിര്‍മിച്ച ഷെഡ്ഡില്‍ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനായി നിര്‍മിച്ച വര്‍ക്ക്‌ഷോപ്പ് ഷെഡ്ഡിലാണ് സിപിഐയും എഐവൈഎഫും പണം ആവശ്യപ്പെട്ട് കൊടികുത്തിയതിനെ തുടര്‍ന്ന് സുഗതന്‍ ജീവനൊടുക്കിയത്. 

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുന്നിക്കോട് എസ്‌ഐ ഗോപകുമാറില്‍ നിന്ന് അന്വേഷണച്ചുമതല പത്തനാപുരം സിഐ അന്‍വറിന് കൈമാറി. 

സുഗതന്റെ മരണത്തിന് കാരണക്കാരായ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കണമെന്നും സംഭവത്തില്‍ മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കുന്നിക്കോട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.