പാട്ന: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പത്തു കുട്ടികള്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ബീഹാറിലെ മുസ്സാഫര്‍പൂര്‍ ജില്ലയിലെ മിനാപ്പൂര്‍ ബ്ലോക്കിലൂടെ കടന്നുപോകുന്ന ദേശീയപാത 77ലാണ് അപകടം ഉണ്ടായത്. മരണപ്പെട്ട കുട്ടികളെല്ലാം ധരംപൂര്‍ മധ്യ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ്.
ക്ലാസുകഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നതിന് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ ബൊലേറോ എസ്യുവി വാഹനം കുട്ടികളുടെ നേര്‍ക്ക് ഇടിച്ചു കയറിയത്. അപകടം കണ്ടു നിന്നവര്‍ കല്ലെറിയാന്‍ തുടങ്ങിയതോടെ വാഹനം നിയന്ത്രണം വിട്ട് അടുത്തുണ്ടായിരുന്ന മരത്തില്‍ ഇടിച്ച് നിന്നു. ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടികളെ മുസാഫര്‍പൂര്‍ എസ്കെഎംസിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ആറു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: