മീററ്റില്‍ ആര്‍എസ്എസ്സിന്റെ വിശ്വരൂപം

Monday 26 February 2018 2:30 am IST

മീററ്റ്: ആര്‍എസ്എസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗണവേഷ സാംഘിക്കിന് സാക്ഷിയായി മീററ്റ്. സ്വാതന്ത്ര്യ സമരത്തിന് തീജ്വാല പകര്‍ന്ന മണ്ണില്‍ ദേശീയതയുടെ കാഹളം മുഴക്കി മൂന്ന് ലക്ഷത്തോളം സ്വയംസേവകര്‍ ഒരേ ചുവടുകളോടെ അണിചേര്‍ന്നു. സാമൂഹ്യസമരസതയുടെ സന്ദേശം പകര്‍ന്ന സാംഘിക്ക് സംഘശക്തിയുടെ വിശ്വരൂപ പ്രദര്‍ശനമായി മാറി. 

വിട്ടുവീഴ്ചയില്ലാത്ത ഹിന്ദുത്വമെന്നത് അഹിംസയും കഠിനാധ്വാനവുമാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ഭാരത മാതാവിനെ അമ്മയായി കരുതുന്നവരെല്ലാം ഹിന്ദുക്കളാണ്. ഭക്ഷണം, വസ്ത്രം, ശീലം, ഭാഷ എന്നിവയില്‍ വ്യത്യാസമുണ്ടാകുമെങ്കിലും എല്ലാ ഹിന്ദുക്കളും സഹോദരങ്ങളാണ്. അവര്‍ ജാതിയുടെ പേരില്‍ തമ്മില്‍ത്തല്ലുകയോ വിഘടിക്കുകയോ ചെയ്യേണ്ടവരല്ല. സമാജത്തിന്റെ അഭിവൃദ്ധിക്ക് എല്ലാ വിഭാഗം ജനങ്ങളെയും സംഘപ്രവര്‍ത്തനത്തില്‍ അണിചേര്‍ക്കണം. 

എല്ലാ രാജ്യത്തിനും ജന്മലക്ഷ്യമുണ്ട്. അത് പൂര്‍ത്തിയാകുന്നതോടെ ആ രാജ്യം നശിക്കും. പക്ഷേ ഭാരതം അനശ്വരമാണ്. സൂര്യോദയമോ അസ്തമയമോ ശരിക്കും ഇല്ലാത്തത് പോലെ ഭാരതത്തിന് ഉയര്‍ച്ചയോ താഴ്ചയോ ഇല്ല. എത്ര നേടി എന്നല്ല, എത്ര നല്‍കി എന്നതിനാണ് ഭാരതം പുരാതന കാലം മുതല്‍ക്കേ പ്രധാന്യം നല്‍കിയിരുന്നത്. 

രാജ്യത്തിന് ആവശ്യമായി വന്നാല്‍ സ്വയംസേവകര്‍ ജീവന്‍ തന്നെ നല്‍കുമെന്ന് 1971ലെ യുദ്ധത്തിനിടെ അതിര്‍ത്തിയില്‍ ബംഗാളിലെ സ്വയംസേവകന്‍ ബലിദാനിയായത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 1.70 ലക്ഷത്തിലേറെ സേവാ പ്രര്‍ത്തനങ്ങള്‍ സംഘം നടത്തുന്നുണ്ട്. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. ദൈവ പ്രീതിക്ക് കുതിരയോ സിംഹമോ കടുവയോ ബലി നല്‍കപ്പെടുന്നില്ല. ദുര്‍ബലരായ ആടാണ് ബലിമൃഗം. ദൈവം ദുര്‍ബലരെ സംരക്ഷിക്കില്ല. അതുകൊണ്ട് ശക്തരായിരിക്കുക. അദ്ദേഹം വ്യക്തമാക്കി. 

 സ്വാമി അവധേശാനന്ദ ഗിരി, സ്വാമി വിവേകാനന്ദ, മുനി വിഹര്‍ഷ് സാഗര്‍,  പ്രാന്ത സംഘചാലക് സൂര്യപ്രകാശ് ടോങ്ക് എന്നിവര്‍ പങ്കെടുത്തു. ദല്‍ഹിയോട് ചേര്‍ന്നുള്ള പശ്ചിമ യുപിയിലെ ജില്ലകളാണ് മീററ്റ് പ്രാന്തത്തിലുള്ളത്. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ വ്യത്യാസമില്ലാതെ നഗരത്തിലും സമീപത്തുമുള്ള മൂന്നുലക്ഷം വീടുകളില്‍ നിന്നാണ് സാംഘിക്കില്‍ പങ്കെടുക്കുന്ന സ്വയംസേവകര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.