ഉയരങ്ങളില്‍

Monday 26 February 2018 2:45 am IST
നിര്‍ണായകമായ മൂന്നാം ട്വന്റി 20 യില്‍ അരങ്ങേറ്റക്കരനായ ക്രിസ്ത്യന്‍ ജോങ്കര്‍ അവസാനം ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിനെ അതിജീവിച്ചാണ് ഇന്ത്യ വിജയത്തേരിലേറിയത്.

കേപ്ടൗണ്‍: കേപ്ടൗണില്‍ തകര്‍ത്താടിയ ഇന്ത്യക്ക് മുന്നില്‍ ചരിത്രം വാതില്‍തുറന്നുകൊടുത്തു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇരട്ട പരമ്പരവിജയമെന്ന റെക്കോഡുമായി ഇന്ത്യന്‍ ടീം ചരിത്രത്താളുകളില്‍ ഇടം പിടിച്ചു. അവസാന ഓവറുകളില്‍ ആവേശം കത്തിക്കയറിയ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ആതിഥേയരെ ഏഴു റണ്‍സിന് തോല്‍പ്പിച്ചാണ് ചരിത്രമെഴുതിയത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യക്ക് സ്വന്തമായി. കോഹ്‌ലി നയിച്ച ഇന്ത്യന്‍ ടീം നേരത്തെതന്നെ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു.

നിര്‍ണായകമായ മൂന്നാം ട്വന്റി 20 യില്‍ അരങ്ങേറ്റക്കരനായ ക്രിസ്ത്യന്‍ ജോങ്കര്‍ അവസാനം ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിനെ അതിജീവിച്ചാണ് ഇന്ത്യ വിജയത്തേരിലേറിയത്. 172 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ആതിഥേയരെ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 165 റണ്‍സില്‍ കെട്ടിയിട്ടു. 24 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ 49 റണ്‍സ് കുറിച്ച ജോങ്കറിനെ ശര്‍മയുടെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 172 റണ്‍സ്. ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറു വിക്കറ്റിന് 165 റണ്‍സ്.

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡുമിനയും ശക്തമായി പൊരുതി 41 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറും അടിച്ച് 55 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു.

പതിമൂന്ന് ഓവറില്‍ 79 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയ ദക്ഷിണാഫ്രിക്ക ഡുമിനയും ജോങ്കറും ഒത്തുചേര്‍ന്നതോടെ വിജയപ്പടവുകള്‍ കയറുമെന്ന് തോന്നിച്ചു. മൂന്ന് ഓവറുകളില്‍ ഇവര്‍ മൂന്ന് റണ്‍സ് അടിച്ചെടുത്തതോടെ ആതിഥേയര്‍ക്ക് പ്രതീക്ഷയായി. താക്കുറിന്റെ പന്തില്‍ ഡുമനിയും ഭുവനേശ്വര്‍ കുമാറിന് മുന്നില്‍ ജോങ്കറും അടിയറവ് പറഞ്ഞതോടെ വിജയം ഇന്ത്യന്‍ തീരമണഞ്ഞു.

ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ബുംറ, താക്കുര്‍, പാണ്ഡ്യ, റെയ്‌ന എന്നവര്‍ ഓരോ വിക്കറ്റ് എടുത്തു. പരമ്പരയിലെ താരത്തിനുള്ള അവാര്‍ഡ് ഭുവനേശ്വര്‍കുമാറും കളിയിലെ കേമനുള്ള അവാര്‍ഡ് സുരേഷ് റെയ്‌നയും സ്വന്തമാക്കി.

ഒരു വിക്കറ്റെടുത്ത റെയ്‌ന ബാറ്റിങ്ങിലും തിളങ്ങി. ഇരുപത്തിയേഴ് പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 43 റണ്‍സ് എടുത്തു. ഓപ്പണര്‍ ധവാന്‍ 40 പന്തില്‍ 47 റണ്‍സും അടിച്ചെടുത്തതോടെയാണ് ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 172 റണ്‍സ് കുറിച്ചത്. മനീഷ് പാണ്ഡ്യ 21 റണ്‍സും കാര്‍ത്തിക് 13 റണ്‍സും നേടി.

പുറം വേദനയെ തുടര്‍ന്ന് വിട്ടുനിന്ന വിരാട് കോഹ് ലിക്ക് പകരം രോഹിത് ശര്‍മയാണ് നിര്‍ണാകയ മത്സരത്തില്‍ ഇന്ത്യയെ നയിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.