ദേശീയ സീനിയര്‍ വോളി: കേരള ടീമുകള്‍ സെമിയില്‍

Monday 26 February 2018 2:30 am IST

കോഴിക്കോട്: കേരള പുരുഷ-വനിതാ ടീമുകള്‍ 66-ാമത് ദേശീയ സീനിയര്‍ വോള്‍ബോള്‍ ചാമ്പ്യനഷിപ്പിന്റെ സെമിയില്‍. ഇരു ക്വാര്‍ട്ടര്‍ ഫൈനലുകളിലും ഹരിയാനയെ തകര്‍ത്താണ് കേരള ടീമുകള്‍ അവസാന നാലിലേക്ക് കുതിച്ചത്. സെമിയില്‍ തമിഴ്‌നാടാണ് എതിരാളികള്‍.

വനിതകള്‍ അനായാസമാണ് ജയിച്ചതെങ്കില്‍ പുരുഷന്മാര്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് വെന്നിക്കൊടി പാറിച്ചത്.

പുരുഷ വിഭാഗത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ വിജയം. സ്‌കോര്‍: 30-32, 25-21, 28-18, 22-15. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഒടുവില്‍ ഹരിയാന സ്വന്തമാക്കി. എന്നാല്‍ തുടര്‍ന്നുള്ള സെറ്റുകളില്‍ ജെറോം വിനീതിന്റെയും അജിത്ത്‌ലാലിന്റെയും കനത്ത സ്മാഷുകളിലൂടെ കേരള താരങ്ങള്‍ ആരാധക പിന്തുണയോടെ പൊരുതിക്കയറിയപ്പോള്‍ ഹരിയാന മുട്ടുമടക്കി. ഹരിയാന താരങ്ങളുടെ സ്മാഷുകള്‍ പലതും അഖിനും രോഹിത്തും ചേര്‍ന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്തു.

വനിതാ വിഭാഗത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹരിയാനയെ തകര്‍ത്താണ് നിലവിലെ റണ്ണറപ്പുകളായ കേരളത്തിന്റെ ജയം. സ്‌കോര്‍: 25-16, 25-13, 25-14. ഇന്നാണ് വനിതകളുടെ സെമി.

ക്യാപ്റ്റന്‍ അനുമോളുടെ നേതൃത്വത്തില്‍ ടീം നടത്തിയ മുന്നേറ്റമാണ് കേരളത്തിന്റെ വിജയത്തിന് വഴിയൊരുക്കിയത്. അനുശ്രീ, അഞ്ജു ബാലകൃഷ്ണന്‍, രേഖ, ജനി, അശ്വതി, ഫാത്തിമ റുക്‌സാന എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 

പുരുഷ വിഭാഗത്തില്‍ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ തമിഴ്‌നാട് - ആന്ധ്രാ പ്രദേശിനെ പരാജയപ്പെടുത്തി(29-27, 22-25, 25-20, 23-25, 19-17). മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ സുബ്ബറാവുവിന്റെ നേതൃത്വത്തിലിറങ്ങിയ ആന്ധ്ര കരുത്തരായ തമിഴ്‌നാടിനെ വിറപ്പിച്ച ശേഷമാണ് അടിയറവ് പറഞ്ഞത്. മറ്റൊരു മത്സരത്തില്‍ സര്‍വീസസ് പഞ്ചാബിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു വിജയം (25-22, 25-21, 23-25, 22-25, 15-13). വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസ് ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക് കര്‍ണാടകയെ പരാജയപ്പെടുത്തി(25-13, 25-14, 25-16), മഹാരാഷ്ട്ര പശ്ചിമ ബംഗാളിനെയും പരാജയപ്പെടുത്തി( 25-22, 17-25, 25-15,25-15).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.