നിഷേധാത്മകശക്തികളെ പ്രതിരോധിക്കണം: സഞ്ജയന്‍

Monday 26 February 2018 2:30 am IST

കൊല്ലം: കക്ഷിരാഷ്ട്രീയത്തിന്റെ ഉപകരണങ്ങളായ നിഷേധാത്മകശക്തികളെ സാംസ്‌കാരികമായി പ്രതിരോധിക്കാന്‍ തപസ്യക്ക് മാത്രമെ കഴിയു എന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. തപസ്യ കലാസാഹിത്യവേദി സംസ്ഥാന വാര്‍ഷികോത്സവത്തില്‍ സമാപനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തപസ്യയുടെ ഇടപെടലുകളും പരിപാടികളും ആദ്യം മുതല്‍ക്കേ ദേശീയകാഴ്ചപ്പാടോടെയാണ്. സ്വയം നവീകരിച്ച് മുന്നേറുന്ന മഹാസംസ്‌കൃതിയുടെ ബിന്ദുവായാണ് തപസ്യ പ്രവര്‍ത്തിക്കുന്നത്. താല്‍കാലിക ലക്ഷ്യങ്ങള്‍ വച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വിരുദ്ധമായി സമൂഹത്തിന് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്ന കലാസാഹിത്യപ്രവര്‍ത്തകരെ കൂട്ടിയോജിപ്പിക്കുന്നതാണ് തപസ്യയുടെ ധര്‍മം. 

മൗലികമായ ആത്മാവിനെ നഷ്ടമാക്കി മുന്നോട്ടുപോയാല്‍ സമൂഹത്തിന് ഒരു പ്രസ്ഥാനംകൊണ്ടും പ്രയോജനമുണ്ടാകില്ല. കാലം മാറുമ്പോഴും മൂല്യങ്ങള്‍ മുറുകെപിടിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കണം. കാരണം ഓരോ സംഘടനയുടെയും ആത്മാംശം മൂല്യങ്ങളിലാണ്. തൊണ്ണൂറുകളില്‍ ഉടലെടുത്ത ഭിന്നതയുടെ രൂപമായ സെക്യുലര്‍ സാംസ്‌കാരികവേദിയെ സാംസ്‌കാരികതീര്‍ത്ഥയാത്ര കൊണ്ടാണ് തപസ്യ നേരിട്ടത്. 

കക്ഷിരാഷ്ട്രീയം മറന്ന് എല്ലാ സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകരും യാത്രയില്‍ പങ്കാളികളായി. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും അഭിപ്രായഭിന്നതകളും നിരാകരിക്കാതെതന്നെ വിസ്മയകരമായ ഐക്യം ഊട്ടിയുറപ്പിക്കാനാകുമെന്ന് തെളിയിച്ച പ്രസ്ഥാനമാണ് തപസ്യയെന്നും ആര്‍. സഞ്ജയന്‍ പറഞ്ഞു. 

തപസ്യ ഉപാധ്യക്ഷന്‍ പ്രൊഫ. പൂജപ്പുര കൃഷ്ണന്‍നായര്‍ അധ്യക്ഷനായി. ദുര്‍ഗാദത്ത അനുസ്മരണം ഡോ. ആര്‍. അശ്വതി നിര്‍വഹിച്ചു. ചടങ്ങില്‍ ദുര്‍ഗാദത്ത പുരസ്‌കാരം ശ്രീകാന്ത് കോട്ടക്കലിന് സമ്മാനിച്ചു. ഭാരതീയ മൂല്യങ്ങള്‍ കാലാതീതമായി നിലനിര്‍ത്താന്‍ തപസ്യയുടെ പ്രവര്‍ത്തനം സഹായകമാകുമെന്ന് ശ്രീകാന്ത് മറുപടിപ്രസംഗത്തില്‍ പറഞ്ഞു. പുതിയ തലമുറക്ക് സാംസ്‌കാരികവിജ്ഞാനം വളരെ കുറയുന്നതും വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന ഉറവിടമില്ലാത്ത വിജ്ഞാനമാണ് അവരെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാര്‍ ഭാരതി അഖില ഭാരതീയ സഹസംഘടനാകാര്യദര്‍ശി പരാ കൃഷ്ണമൂര്‍ത്തി, പി. നാരായണക്കുറുപ്പ്, പി. ബാലകൃഷ്ണന്‍, കല്ലട ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.