ഇനി എതിര്‍ശബ്ദമുയരില്ലെന്ന് കോടിയേരി

Monday 26 February 2018 2:30 am IST

തൃശൂര്‍: പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന എതിര്‍ശബ്ദങ്ങള്‍ മുഴുവന്‍ അവസാനിപ്പിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി യായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന വിഭാഗീയതയും പൂര്‍ണമായും അവസാനിപ്പിക്കാനായെന്നും വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

എതിര്‍ശബ്ദങ്ങള്‍  ഇനി പാര്‍ട്ടിയില്‍ ഉയരില്ല. ഒറ്റശബ്ദം മാത്രമേ പാര്‍ട്ടിക്കുള്ളില്‍ ഉയരൂ. 1991 മുതല്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന വിഭാഗീയതയ്ക്ക് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കിയിരുന്നു. പോളിറ്റ് ബ്യൂറോയുടെ സഹായത്തോടെ ആലപ്പുഴ സമ്മേളനത്തില്‍ നേതാക്കളുടെ നേതൃത്വത്തിലുള്ള വിഭാഗീയത അവസാനിപ്പിച്ചു. ഈ സമ്മേളനത്തോടെ ജില്ലാ കമ്മറ്റികളിലെയും താഴേക്കിടയിലെ കമ്മറ്റികളിലെയും വിഭാഗീയത അവസാനിപ്പിക്കാനായി. 1991ലെ വിഭാഗീയതയുടെ ഭാഗമായി പാര്‍ട്ടി അംഗങ്ങളായവരാണ് 81 ശതമാനവും. അതിനാല്‍ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി തത്വങ്ങള്‍ പഠിപ്പിക്കാന്‍ ക്ലാസ്സുകള്‍ നല്‍കും. നേതാക്കളുടെ പിന്നിലല്ല പാര്‍ട്ടിക്ക് പിന്നിലാണ് പ്രവര്‍ത്തകര്‍ അണിനിരക്കേണ്ടത്.  

കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് സിപിഐയുടെയും ഘടകകക്ഷികളുടെയും അഭിപ്രായം അറിഞ്ഞും പോളിറ്റ് ബ്യൂറോയുമായും ചര്‍ച്ച നടത്തിയും മാത്രമേ തീരുമാനിക്കൂ എന്ന് സിപിഐയുടെ വിമര്‍ശനത്തിന് മറുപടി പറഞ്ഞു.  കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ ബന്ധം ഉണ്ടാകില്ല. എന്നാല്‍ 2004ലെ ലോകസഭ തെരെഞ്ഞെടുപ്പ് പോലെ,  ഫലപ്രഖ്യാപനത്തിന് ശേഷം രാഷ്ട്രീയ സാഹചര്യം അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. പിടിയിലായവര്‍ പാര്‍ട്ടിക്കാരാണെന്ന് സ്ഥിരീകരിച്ചല്ലോ എന്ന് ചോദ്യത്തിന് പോലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെങ്കില്‍ പിന്നെന്താണെന്നും അങ്ങനെയെങ്കില്‍ ഡിവൈഎസ്പിയെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍പോരെ എന്നുമായിരുന്നു മറുപടി.

വിഭാഗീയത അവസാനിപ്പിച്ചെന്ന് കോടിയേരി അവകാശപ്പെടുമ്പോഴും വി.എസ്. അച്യുതാനന്ദന്‍ പക്ഷത്ത് ഉണ്ടായിരുന്ന പിരപ്പന്‍കോട് മുരളി, സി.കെ. സദാശിവന്‍ എന്നിവരെ പ്രായത്തിന്റെ പേരില്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. അതേസമയം ഇവരേക്കാള്‍ ഏറെ പ്രായത്തിന്റെ അവശത അനുഭവിക്കുന്ന പിണറായി പക്ഷത്തെ കോലിയക്കോട് കൃഷ്ണന്‍ നായരെ നിലനിര്‍ത്തി. ഒളിക്യാമറ വിവാദത്തില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ എറണാകുളം മുന്‍ ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ സംസ്ഥാനകമ്മറ്റിയില്‍ തിരികെകൊണ്ടുവരികയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.