അട്ടപ്പാടി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി

Monday 26 February 2018 2:40 am IST

കോഴിക്കോട്: അട്ടപ്പാടിയില്‍ കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷത്തിനിടയില്‍ വനവാസികള്‍ക്കുനേരെയുണ്ടായ പീഡനങ്ങള്‍, കൊലപാതകം, ഭൂമി കൈയേറ്റം എന്നിവയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മധുവിന്റെ കൊലപാതകം അവിടെ നടന്ന കൊലപാതകങ്ങളിലെ അവസാനത്തേതാണ്. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷത്തിനിടയില്‍ 63 കൊലപാതകങ്ങളാണ് അട്ടപ്പാടിയില്‍ നടന്നത്. ഇതില്‍ നാലുപേരെ ചുട്ടുകൊലപ്പെടുത്തിയതാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതിലൊന്നും ഒരു തുമ്പും ഉണ്ടായിട്ടില്ല. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി എ.കെ. ബാലന്‍ രാജിവെക്കണം. അട്ടപ്പാടിയിലെ കൊലപാതകങ്ങള്‍, നടപ്പാക്കിയ ക്ഷേമപദ്ധതികള്‍, വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്ര-സംസ്ഥാന ഫണ്ട് വിനിയോഗം എന്നിവയെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന  സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം. ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി ബിജെപി സ്വന്തം നിലയില്‍ വിദഗ്ധസമിതിയെ നിയോഗിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്നും കുമ്മനം പറഞ്ഞു. 

മധുവിന്റെ കൊലപാതകത്തോടെ സംസ്ഥാന സര്‍ക്കാര്‍ അട്ടപ്പാടിയില്‍ നടപ്പാക്കിയ പദ്ധതികള്‍ ദയനീയ പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നടപ്പാക്കിയ പദ്ധതികള്‍ കൊണ്ട് വനവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും കഴിഞ്ഞിട്ടില്ല.  കേന്ദ്രസര്‍ക്കാര്‍ അട്ടപ്പാടിയുടെ വികസനത്തിനായി അനുവദിച്ച ഫണ്ട് വിനിയോഗിച്ചാല്‍ത്തന്നെ വനവാസികളുടെ ദുരിതം തീര്‍ക്കാവുന്നതേയുള്ളൂ. 500 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ഭാഗികമായി ഈ തുക സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിനിയോഗ സാക്ഷ്യപത്രം ഇതുവരെ നല്‍കിയിട്ടില്ല. കേന്ദ്രഫണ്ടുകള്‍ മിക്കതും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയോ ലാപ്‌സാക്കുകയോ ചെയ്യുകയാണ്. 13,000 ഏക്കര്‍ ഭൂമി വനവാസികള്‍ക്കായി വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവും നടപ്പാക്കിയിട്ടില്ല.  

കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ വനവാസി മരിക്കാനിടയായ സംഭവം ഖേദകരമാണ്. വനവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുകയെക്കുറിച്ചും കേന്ദ്ര ഫണ്ട് വിനിയോഗത്തെക്കുറിച്ചും സോഷ്യല്‍ ഓഡിറ്റിങ് നടത്തണം.  വനവാസി വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ഇതിനായി ഗവേണിങ് കൗണ്‍സില്‍ രൂപീകരിക്കണം. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്നു തിരുവനന്തപുരത്ത് അടിയന്തിര എന്‍ഡിഎ നേതൃയോഗം ചേരും. ബഹുജനസംഘടനകളെ സംയോജിപ്പിച്ച് പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കും. അട്ടപ്പാടി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ മാറ്റിവെക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.