സിപിഐ ഗുണ്ടകള്‍ ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു

Monday 26 February 2018 7:57 am IST

പാലക്കാട്: മുസ്ളീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് ഇന്ന് മുസ്ളീംലീഗ് ഹര്‍ത്താല്‍. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വദേശി സഫീറി (22)നെ മൂന്നംഗ അക്രമിസംഘം അദ്ദേഹത്തിന്റെ വസ്ത്ര വില്‍പ്പന സ്ഥാപനത്തില്‍ കയറി കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഐ ആണെന്നാണ് ആരോപണം.

സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാഗ്യമെന്നും രാഷ്ട്രീയ കൊലപാതകമാണ് ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കി. സഫീറിന്റെ അയല്‍വാസികളാണ് പിടിയിലായത്.

നേരത്തേ ഇവിടുത്തെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ലീഗ്-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് വിവരം. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റതാണ് മരണ കാരണം. കുന്തിപ്പുഴ നമ്പിയിന്‍കുന്ന് സ്വദേശികളായ മൂന്ന് പേരാണ് സഫീറിന് പങ്കാളിത്തമുള്ള ന്യൂയോര്‍ക്ക് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ച് കടന്ന് കൊലപാതകം നടത്തിയത്.  കൊല നടത്തിയ ശേഷം സംഘം ഓടി രക്ഷപ്പെടുക ആയിരുന്നെന്നും ദൃക്‍സാക്ഷികള്‍ പറയുന്നു.

സിപിഐ യുടെ ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് മണ്ണാര്‍കാട് എംഎല്‍എ എ.എം.ഷംസുദ്ദീന്‍ പറഞ്ഞു. മണ്ണാര്‍കാട്ട് സംഘര്‍ഷ സാധ്യതകള്‍ നില നില്‍ക്കുകയാണ്. ആരോപണത്തെ തള്ളി സിപിഐ രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങള്‍ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളല്ലെന്നും വ്യക്തിവൈരാഗ്യം ആയിരിക്കാം കാരണമെന്നുമാണ് സിപിഐ പറയുന്നത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ലീഗ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു മണി വരെ നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. നാമമാത്ര വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.