മുഖ്യമന്ത്രിയും മാണിയും രണ്ട്‌ തട്ടില്‍

Sunday 4 November 2012 10:22 pm IST

തിരുവനന്തപുരം: സംസ്ഥാന ഭൂവിനിയോഗ ബില്ലിലടക്കമുള്ള നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടില്ലന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബില്ലില്‍ മാറ്റം വരുത്തുകയെന്നത്‌ കോണ്‍ഗ്രസ്‌ നയമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂവിനിയോഗ ബല്ലിനെക്കുറിച്ച്‌ കോണ്‍ഗ്രസ്സിലും യുഡിഎഫിലും ഉയര്‍ന്ന വിവാദങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി ദുര്‍ബല പ്രദേശ നിയമ ഭേദഗതിയുടെ കാര്യത്തിലും ഇതു തന്നെയാകും സംഭവിക്കുകയെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ധനകാര്യ നിയമ വകുപ്പു മന്ത്രി കെ.എം.മാണി തന്നെ രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായം പുറത്തുവന്നയുടനെ ഇതു സംബന്ധിച്ച്‌ മന്ത്രി കെ.എം മാണി പ്രസ്താവനയിറക്കുകയായിരുന്നു. ഭൂവിനിയോഗ ബില്ലിലടക്കമുള്ള ബില്ലുകളിലെ നിയമഭേദഗതിക്ക്‌ മുഖ്യമന്ത്രി തന്നെയാണ്‌ നിര്‍ദ്ദേശം നല്‍കിയതെന്നും നയപരമായ തീരുമാനങ്ങളിലെത്തേണ്ടത്‌ മന്ത്രിസഭയാണെന്നുമായിരുന്നു മന്ത്രി മാണിയുടെ പ്രസ്താവന. ഇതോടെ ഭൂവിനിയോഗ ബില്ലിലെ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്‌ യുഡിഎഫില്‍ ഉയര്‍ന്ന വിവാദങ്ങള്‍ കൂടുതല്‍ രൂക്ഷമാകും. ഭൂവിനിയോഗ ബില്ലില്‍ റവന്യൂ വകുപ്പിന്റേയോ മന്ത്രിയുടേയോ അംഗീകാരമില്ലാതെ ഒന്നും സംഭവിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഭൂവിനിയോഗ ബില്‍ സംബന്ധിച്ച യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തും എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തും കമ്മിഷനുകളെ നിയോഗിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ റവന്യുവകുപ്പിന്റെ അഭിപ്രായം ആരാഞ്ഞു കൈമാറുക മാത്രമാണ്‌ ചെയ്തത്‌. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതു പോലെ എല്ലാ വകുപ്പുകള്‍ക്കും ഈ ശുപാര്‍ശകള്‍ കൈമാറിയിട്ടില്ല. ഭൂ വിനിയോഗ ബില്‍ യുഡിഎഫ്‌ സര്‍ക്കാരിന്റെ നയമല്ല. എന്നാല്‍, പണം മുടക്കി നിയോഗിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട്‌ മാസങ്ങളായി കോള്‍ഡ്‌ സ്റ്റോറേജുകളിലാണ്‌. ഇത്തരം കമ്മീഷന്‍ ശുപാര്‍ശകള്‍ അപ്പാടെ അംഗീകരിക്കാന്‍ സാധിക്കില്ല, എന്നാല്‍, അവയില്‍ നടപ്പാക്കാന്‍ സാധിക്കുന്നവ ഉണ്ടോ എന്നു പരിശോധിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌. വകുപ്പുകളുടെ അഭിപ്രായം തേടി അയക്കുന്ന ശുപാര്‍ശകളില്‍ അതാതു മന്ത്രിമാര്‍ക്കു എതിര്‍പ്പുണ്ടെങ്കില്‍ അത്‌ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കില്ല. ശുപാര്‍ശകള്‍ മന്ത്രിതല അംഗീകാരത്തിനു ശേഷം ക്യാബിനറ്റ്‌ പരിഗണിനയ്ക്കു വരും. അതിനു ശേഷം അതില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കും. സംസ്ഥാന താത്പര്യത്തിന്‌ എതിരായ ഒരു നിയമവും ഉണ്ടാകില്ല. മാധ്യമങ്ങള്‍ അനാവശ്യവിവാദങ്ങളിലേക്ക്‌ കടക്കുകയാണ്‌. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വിവാദങ്ങളല്ല മറിച്ച ഫലമാണ്‌ ലക്ഷ്യം. വിവാദങ്ങള്‍ക്കു മറുപടി പറയാന്‍ തന്നെ കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്തംബര്‍ 18നു ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ ഭൂവിനിയോഗ ബില്ലുകളിലെ നിയമഭേദഗതിക്കു തീരുമാനിച്ചതെന്ന്‌ കെ.എം.മാണി പറഞ്ഞു. എമെര്‍ജിംഗ്‌ കേരളയുടെ പശ്ചാത്തലത്തില്‍ നിയമ പരിഷ്കരണം വേണമെന്നായിരുന്നു തീരുമാനം. നിയമങ്ങളിലെ ചില വ്യവസ്ഥകള്‍ നിക്ഷേപ സൗഹൃദമല്ലെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. നിയമ പരിഷ്കരണത്തിനുള്ള സബ്കമ്മിറ്റിയുടെ തലവനായി തന്നെ നിശ്ചയിച്ചതും മുഖ്യമന്ത്രിയാണെന്നും മന്ത്രി മാണി പറഞ്ഞു. നിയമ പരിഷ്ക്കരണ സമിതിയുടെ റിപ്പോര്‍ട്ട്‌ വകുപ്പു തലവന്മാര്‍ക്ക്‌ അയച്ചത്‌ അഭിപ്രായങ്ങള്‍ ആരായാന്‍ വേണ്ടിയാണ്‌. അന്തിമ തീരുമാനം കൈക്കൊള്ളുന്നത്‌ മന്ത്രിസഭയുടെ പൊതു നിര്‍ദ്ദേശത്തിനു അനുസരിച്ചാകും. ഭൂവിനിയോഗ നിയമത്തില്‍ റവന്യൂ വകുപ്പിനു കാര്യമില്ലെന്നും മന്ത്രി മാണി പറഞ്ഞു. ബില്ലിന്റെ നേതൃത്വം കൃഷി വകുപ്പിനാണുള്ളത്‌, കെ.എം.മാണി അറിയിച്ചു. ബില്ലിന്റെ കാര്യത്തില്‍ നേരത്തെ തന്നെ റവന്യു മന്ത്രിക്കെതിരെ മന്ത്രി മാണി പരസ്യമായി രംഗത്തു വരികയും റവന്യു മന്ത്രി കുരുടന്‍ ആനയെ കണ്ടതു പോലെയാണ്‌ അഭിപ്രായം പറയുന്നതെന്ന്‌ പരിഹസിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനു കടകവിരുദ്ധമായ നിയമമന്ത്രിയുടെ പ്രസ്താവന യുഡിഎഫിലെ പൊട്ടിത്തെറിയുടെ സൂചനകളാണ്‌ നല്‍കുന്നത്‌. വന്‍കിടക്കാരുടെ താത്പര്യങ്ങള്‍ സര്‍ക്കാരിനു പ്രശ്മല്ലന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ ചെറുകിട കര്‍ഷകരെ ബാധിക്കുന്നതൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.