അക്ബറിനെ കൊച്ചിയിലെത്തിച്ചു

Monday 26 February 2018 9:52 am IST

കൊച്ചി:  മത വിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്‍  ചെയര്‍മാന്‍ പരപ്പനങ്ങാടി മേലേവീട്ടില്‍ മുഹമ്മദ് അക്ബര്‍(എം.എം.അക്ബര്‍-50) നെ ഇന്നലെ രാത്രി കൊച്ചിയില്‍ എത്തിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്തോനേഷ്യയില്‍ നിന്നും ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് ഇയാള്‍ പിടിക്കപ്പെട്ടത്. തുടര്‍ന്ന് കേരള പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ച ശേഷം എസിപി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം നോര്‍ത്ത് എസ്‌ഐ വിബിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ഹൈദരാബാദില്‍ നിന്നും കൊച്ചിയിലെത്തിച്ചത്. ഫൗണ്ടേഷന്റെ കീഴിലുള്ള കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മത സ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിച്ചെന്ന കേസില്‍ എം.എം. അക്ബറിനെതിരെ കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അക്ബറിനെ തിരിച്ചറിഞ്ഞ ഹൈദരാബാദ് ഇമിഗ്രേഷന്‍ വിഭാഗം അവിടെ തടയുകയായിരുന്നു. 

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെ അക്ബര്‍ ഹൈദരാബാദിലിറങ്ങിയെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ഭയന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ദോഹ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുകയായിരുന്നു ഇയാള്‍. ഇന്ന് കോടതിയില്‍ ഹാജരാക്കും.

 മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ 2018 ജനുവരിയില്‍ ഉത്തരവിട്ടിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും പോലീസിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരുന്നു നടപടി. അംഗീകാരമില്ലാത്ത സ്‌കൂളിനെതിരെ നടപടിയാകാമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. എന്‍സിഇആര്‍ടി, സിബിഎസ്ഇ, എസ്ഇആര്‍ടി എന്നിവ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്ന്  കണ്ടെത്തിയിരുന്നു. പാഠ പുസ്തകങ്ങളില്‍ ദേശവിരുദ്ധവും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പാഠഭാഗങ്ങള്‍ ഉണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 2016ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് കേസെടുത്തു. പീസ് സ്‌കൂള്‍ എംഡി എം.എം. അക്ബറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയിരുന്നുവെങ്കിലും ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി. 

എറണാകുളത്ത് ചക്കരപറമ്പിലുള്ള പീസ് സ്‌കൂളിന്റെ മൂന്ന് മാനേജിങ് ട്രസ്റ്റികള്‍, അഡ്മിനിസ്‌ട്രേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തിയതിന് സെക്ഷന്‍ 153 എ വകുപ്പാണ് ചുമത്തിയത്. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബൂര്‍ജ് റിയലൈസേഷന്റെ ജീവനക്കാരായ നവി മുംബയ്  സ്വദേശികളായ സൃഷ്ടി ഹോംസില്‍ ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്‍ ഹമീദ് സെയ്ദ് (28) എന്നിവരെ പോലീസ് 2016 ഡിസംബര്‍ രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂളിന് 2009ല്‍ തുടങ്ങിയിട്ടും സിബിഎസ്ഇ അംഗീകാരം ലഭിച്ചിരുന്നില്ല. നേരത്തെ ഇവിടെ അധ്യാപകരായിരുന്നവര്‍ക്ക് ഇസ്‌ളാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളില്‍ മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പോലീസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.