പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

Monday 26 February 2018 11:50 am IST

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക്പിരിഞ്ഞു. ശുഹൈബ് വധവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം സഭയില്‍ കാഴ്ചവച്ചത്. അനുനയ ശ്രമങ്ങള്‍ ഫലിക്കാതെ വന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. 

ചോദ്യോത്തരവേള നിര്‍ത്തിവച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാന പോലീസിന്‍റെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ചെന്നിത്തലയുടെ ആവശ്യം. എന്നാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. 

മുഖ്യമന്ത്രി സിബിഐ അന്വേഷണം എന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതി ആകാശ് തില്ലങ്കേരി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനൊപ്പം നില്‍ക്കുന്ന ചിത്രം പതിച്ച പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിച്ചത്. 

സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ സഭ നിര്‍ത്തിവച്ചു. അല്പനേരം കഴിഞ്ഞ സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.