ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍; ബോണി കപൂറിന്റെ മൊഴി പുറത്ത്

Monday 26 February 2018 12:14 pm IST
ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് കിടക്കുന്ന നിലയില്‍ ശ്രീദേവിയെ കണ്ടത്. തട്ടി വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

മുംബൈ: ശനിയാഴ്ച രാത്രി അന്തരിച്ച നടി ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച്‌ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ നല്‍കിയ മൊഴി പുറത്ത്. ശനിയാഴ്ച വൈകിട്ട് 5.30ന് ശ്രീദേവിക്കായി വിരുന്ന് ഒരുക്കിയിരുന്നു. ഇക്കാര്യം അറിയിക്കാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ ശ്രീദേവി ഉറങ്ങുകയായിരുന്നു. ശ്രീദേവിയെ വിളിച്ചുണര്‍ത്തിയ ബോണി കപൂര്‍ അവരുമായി 15 മിനിട്ടോളം സംസാരിച്ചു. പിന്നീട് ബാത്ത് റൂമിലേക്ക് പോയ ശ്രീദേവി 15 മിനിട്ട് കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായപ്പോള്‍ ബോണി തട്ടിവിളിച്ചു. 

പ്രതികരണം ഇല്ലാതെ വന്നതോടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് കിടക്കുന്ന നിലയില്‍ ശ്രീദേവിയെ കണ്ടത്. തട്ടി വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബോണി തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി. ഒമ്പതു മണിയോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

എന്നാല്‍ ശ്രീദേവിയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മുമ്പ് ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അതേസമയം, ശുചിമുറിയില്‍ തെന്നിവീണാണ് മരണമെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണ കാരണം സംബന്ധിച്ച്‌ ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുകയും ചെയ്തു. 

ദുബൈയിലെ ജനറല്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഫോറന്‍സിക് എവിഡന്‍സില്‍ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എന്നാല്‍ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയാല്‍ മതിയെന്നാണ് ദുബൈ സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ രക്തസാമ്പിളുകളുടെ പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ റിസള്‍ട്ട് വരുന്നത് വരെ അല്‍ ഖിസൈസിലുള്ള പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. 

ഈ പരിശോധന റിസള്‍ട്ട് പോസിറ്റീവ് ആയാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബര്‍ ദുബൈ പോലീസ് സ്റ്റേഷനില്‍ നിന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. അനില്‍ അംബാനി ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലായിരിക്കും ഭൗതിക ശരീരം നാട്ടിലെത്തിക്കുക.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.