ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികതയില്ല; മരണകാരണം ഹൃദയാഘാതം

Monday 26 February 2018 2:48 pm IST

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. ഹൃദയാഘാതം തന്നെയാണ് മരണകാരണം. മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും രണ്ടാമതൊരു പോസ്റ്റ്മോര്‍ട്ടത്തിന്റെ ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മരണസര്‍ട്ടിഫിക്കറ്റും മറ്റ് പരിശോധന രേഖകളും ഉടന്‍തന്നെ ബന്ധുക്കള്‍ക്ക് നല്‍കും. ഇന്ത്യന്‍ സമയം 3.30 ഓടെ ദുബായില്‍ നിന്നുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ഏഴു മണിയോടെ ഇന്ത്യയില്‍ കൊണ്ടുവരും. അറബി ഭാഷയിലുള്ള സര്‍ട്ടിഫിക്കറ്റായിരിക്കും നല്‍കുക. ഇംഗ്ലീഷിലുള്ള സര്‍ട്ടിഫിക്കറ്റ് ദുബായിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും. ഇതിനു ശേഷമായിരിക്കും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള അനുമതി ലഭിക്കുക.

ആശുപത്രിയില്‍ എത്തിക്കും മുന്‍പ് ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നതിനാല്‍ ദുബായ് പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ശ്രീദേവി വിവാഹത്തില്‍ പങ്കെടുത്ത റാസല്‍ഖൈമയിലെ ഹോട്ടലിലും പരിശോധന നടത്തിയിരുന്നു. ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍, ബാത്ത് ടബ്ബിലെ വെള്ളത്തില്‍ ആയിരുന്നു ശ്രീദേവിയെ ബോധരഹിതയായി കണ്ടെത്തിയത്. 

ശ്രീദേവിയുടെ രക്ത സാമ്പിളുകളുടെ പരിശോധന ദുബായില്‍ നടക്കുന്നുണ്ട്. എന്നാല്‍ വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ യുഎഇയിക്ക് പുറത്തുള്ള കൂടുതല്‍ മെച്ചപ്പെട്ട ലാബുകളിലേക്ക് അയച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇല്ല.

റാസല്‍ ഖൈമയിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ആയിരുന്നു ശ്രീദേവി ദുബായിലെ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലില്‍ എത്തുന്നത്. അതിന് ശേഷം ഉള്ള ദിവസങ്ങളില്‍ താമസിച്ചതും അവിടെ തന്നെ ആയിരുന്നു. ശ്രീദേവി അവസാനമായി സംസാരിച്ചത് ബോണി കപൂറിനോട് ആയിരുന്നു. ഫെബ്രുവരി 24 ന് വൈകുന്നേരം പ്രാദേശിക സമയം അഞ്ചരയോടെയാണ് ബോണി ശ്രീദേവി താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയത്. ഉറക്കത്തിലായിരുന്ന ശ്രീദേവിയെ ഉണര്‍ത്തിയതും ബോണി തന്നെ. 15 മിനിട്ടോളം രണ്ട് പേരും സംസാരിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.