സാഹസികം ഈ രക്ഷപെടുത്തൽ

Monday 26 February 2018 10:43 am IST

ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് എതിരേല്‍പ്പിനിടെ ആന വിരണ്ടു. ആനപ്പുറത്തിരുന്നയാളെ കുടഞ്ഞിടുന്നതിന് മുമ്പേ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിസാഹസികമായി രക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആറാട്ട് എതിരേല്‍പ്പിനു  പോയ മൂന്ന് ആനകളിലൊന്നായ മാവേലിക്കര ഗണപതിയാണ് വിരണ്ടത്. ആനപ്പുറത്ത് കുട പിടിച്ചിരുന്ന വൈറ്റില സ്വദേശി പ്രദീപിനെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനായി. ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തിന്റെ ഗോപുരത്തിന്റെ മുകളില്‍ കയറിയ ഏറ്റുമാനൂര്‍ കേസരീനഗര്‍ ശാഖയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ് മോഹന്‍, സതീശന്‍, വിഷ്ണു, സനീഷ് സോമന്‍ എന്നിവര്‍ വടം കെട്ടി പ്രദീപിനെ വലിച്ച് കയറ്റുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വൈറലായി. 

ക്ഷേത്രത്തിനുള്ളില്‍ നിന്നു പുറത്തേക്കു വന്ന മൂന്ന് ആനകളില്‍ നടുക്ക് നിന്ന ഗണപതി കൂട്ടാനകളെ കുത്തിയ ശേഷം ഇടയുകയായിരുന്നു. പരിഭ്രാന്തരായ ഭക്തര്‍ ചിതറിയോടി. സ്ത്രീകളടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്കു പറ്റി. രണ്ടാനകളെ പാപ്പാന്മാര്‍  നിയന്ത്രണത്തിലാക്കി. ഇടഞ്ഞ ആന കല്യാണമണ്ഡപം വിട്ടു പോകാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കുടപിടിച്ച് മുകളിലിരുന്ന പ്രദീപിനെ കുലുക്കിവീഴ്ത്താന്‍ ആന പല തവണ ശ്രമിച്ചു. ഇതു കണ്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വലിയ ഗോവണി ഉപയോഗിച്ച് മണ്ഡപത്തിനു മുകളില്‍ കയറി.അവിടെ നിന്ന് വടം ഇട്ടു കൊടുത്ത് ആനപ്പുറത്തിരുന്ന ആളെ വലിച്ചു കയറ്റി. ആ സമയത്തും തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്താന്‍ ആന ശ്രമിച്ചെങ്കിലും അതിവേഗം വലിച്ചു കയറ്റിയതിനാല്‍ രക്ഷപ്പെട്ടു.

ഇതിനിടെ വെറ്ററിനറി സര്‍ജന്‍ ഡോ. ശശിദേവ് ആനയ്ക്ക് മയങ്ങാനുള്ള കുത്തിവെപ്പ് കൊടുത്തു. മയങ്ങിത്തുടങ്ങിയ ആനയെ കല്യാണമണ്ഡപത്തിന്റെ തൂണുകളില്‍ വടം കൊണ്ട്  കെട്ടി. ആറാട്ട് എതിരേല്‍പ്പ് തുടങ്ങിയപ്പോള്‍ മയക്കം മാറുന്നതിനുള്ള കുത്തിവെപ്പ് കൊടുത്ത ശേഷം വടം മുന്‍കാലുകളില്‍ കെട്ടി സാവധാനം വലിച്ച് ആനയെ തെക്കെ നടയിലേക്കു കൊണ്ടുപോയി. അപ്പോഴും ആന ഒന്നു തിരിഞ്ഞപ്പോള്‍ പരിഭ്രാന്തരായ ജനങ്ങള്‍ ചിതറി ഓടി, നിരവധി പേര്‍ക്ക് പരിക്കേറ്റു.

കൊടിയിറക്കിനുള്ള സമയമായപ്പോള്‍ ഏഴരപ്പൊന്നാനകള്‍ക്കും പിന്നാലെ ആറാട്ടെഴുന്നള്ളത്ത് മൂന്ന് ആനകളുമായി ക്ഷേത്ര മൈതാനത്തെത്തി. തിടെമ്പടുത്ത ആനയെ മാത്രമാണ് ക്ഷേത്രത്തിനുളളില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം മൂന്നു പ്രദക്ഷണത്തിനു ശേഷം കൊടിയിറക്കി. ആന വിരണ്ടപ്പോള്‍ പരിക്ക് പറ്റിയ എട്ട് പേരെ  സേവാഭാരതി ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലും, ഏറ്റുമാനൂര്‍ ഗവ. ആശുപത്രിയിലും എത്തിച്ചു.  സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പ്രയത്‌നിച്ച നടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ. എസ്. നാരായണനും ഭക്തജന സംഘടനകളും അനുമോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.