തോമസ് ചാണ്ടി വിവാദം; ഓഡിറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പകപോക്കല്‍

Tuesday 27 February 2018 2:45 am IST
"undefined"

ആലപ്പുഴ: പണിമുടക്കിയ നഗരസഭാ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത് അന്വേഷിച്ച ഓഡിറ്റ് ഉദ്യാഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടി. ആലപ്പുഴ നഗരസഭ ഓഡിറ്റ് വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. മാത്യു റോയി, ഓഡിറ്റ് ഓഫീസര്‍ പി. സാബു എന്നിവരെയാണ്  സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. 

മുന്‍ മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയ്യേറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിനെ തുടര്‍ന്ന് ഉത്തരവാദികളായ ആലപ്പുഴ നഗരസഭാ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിനെതിരെ ജീവനക്കാര്‍ 12 ദിവസം പണിമുടക്ക് സമരം നടത്തി. പണമുടക്കിയവര്‍ ഹാജരില്‍ ഒപ്പിടുകയും സെക്രട്ടറി ശമ്പളം നല്‍കുകയും ചെയ്തിരുന്നു. 

 ഇതിനെതിരെ നഗരസഭാ ചെയര്‍മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്‍സിപ്പല്‍ ഓഡിറ്റ് വിഭാഗം അന്വേഷണം നടത്തിയത്. ഇതിനെതിരെ ഇടത് സംഘടനാ നേതാക്കളും ഇടത് കൗണ്‍സിലറും ധനമന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്ന് വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി കെ.പി. മാത്യു റോയിയെ വടകരയിലേക്ക് സ്ഥലം മാറ്റുകയും പി. സാബുവിന് ചാര്‍ജ്ജ് മെമ്മോ നല്‍കുകയും ചെയ്‌തെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. കേസിന്റെ തുടര്‍നടപടികള്‍ പുരോഗമിക്കവെയാണ് ഇരുവരെയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. 

  നഗരസഭയുടെ ഭരണകാര്യങ്ങളില്‍ ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഓഡിറ്റ് രേഖകള്‍ ആവശ്യപ്പെടുന്നത് കുറ്റകരമാണെന്ന സന്ദേശമാണ് സര്‍ക്കാര്‍ ഈ നടപടിയിലൂടെ നല്‍കുന്നതെന്നും കേരള ഓഡിറ്റ് അസോസിയേഷന്‍  പ്രസിഡന്റ് സതീഷ് ജോണ്‍ മാണിക്കശ്ശേരി, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ കൊട്ടിയം എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.