മുഖം മറയ്ക്കരുതെന്ന് സ്പീക്കര്‍; പ്രതിപക്ഷ ബഹളം സഭ നിര്‍ത്തി വച്ചു

Tuesday 27 February 2018 2:45 am IST

തിരുവനന്തപുരം: സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം തുടങ്ങിയ ദിവസം  പ്രതിപക്ഷ ബഹളംകാരണം നിയമസഭ തടസ്സപ്പെട്ടു.  കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു  പ്രതിപക്ഷം സഭയില്‍ എത്തിയത്.  രാഷ്ട്രീയ കൊലപാതകങ്ങളിലും വനവാസി യുവാവ് കൊല്ലപ്പെട്ടതിലും പ്രതിഷേധിച്ച്  മുദ്രാവാക്യം വിളികളോടെ   അവര്‍ പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി.

ചോദ്യത്തിന് മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എണീറ്റതോടെ പ്രതിഷേധവുമായി  നടുത്തളത്തിലേക്ക് ഇറങ്ങി.  ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും നടന്നു. ബഹളത്തിനിടയില്‍ മുഖ്യമന്ത്രിക്കു ശേഷം സ്പീക്കര്‍   ആരോഗ്യമന്ത്രിയെ ഉത്തരം പറയാന്‍ വിളിച്ചതോടെ ബഹളം മൂര്‍ച്ഛിച്ചു. പ്രതിഷേധം സ്പീക്കറുടെ വേദിക്കു  മുന്നിലേക്കായി. സ്പീക്കറുടെ മുഖം മറയ്ക്കുന്ന തരത്തില്‍ ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തപ്പിടിച്ചു.വേദിയിലേക്ക്  തള്ളിക്കയറാനും ശ്രമിച്ചു.  ഇതോടെ ചോദ്യോത്തരവേള സസ്‌പെന്റു ചെയ്ത് സഭതാല്‍ക്കാലികമായി നിര്‍ത്തി വച്ചതായി സ്പീക്കര്‍ അറിയിച്ചു.   ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കി. സഭ നിര്‍ത്തിവച്ചിട്ടും പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.  

 പിന്നീട്  സ്പീക്കര്‍ പ്രതിപക്ഷത്തെ താക്കീത് ചെയ്തു.  മുഖം മറച്ച്  ബാനറുകള്‍  ഉയര്‍ത്തിയത്  ശരിയായില്ലെന്നും സഭയുടെ അന്തസ്സിനു നിരക്കാത്ത  പ്രവര്‍ത്തികള്‍  ആവര്‍ത്തിക്കരുതെന്നും താക്കീത് നല്കി.  തുടര്‍ന്ന്  ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിലും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി.

മന്ത്രി ബാലന്‍ സര്‍ക്കാര്‍ പ്രതനിധിയായാണ് കണ്ണൂരില്‍ സമാധാന യോഗത്തിന് എത്തിയത്. സിബിഐ അന്വേഷണം നടത്താമെന്ന് പറഞ്ഞത് നടപ്പിലാക്കുമോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി ആവശ്യം നിരസിച്ചതോടെ മന്ത്രി ബാലനും ചെന്നിത്തലയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമായി. .ബഹളം മൂര്‍ച്ഛിച്ചതോടെ ഉപധനാഭ്യര്‍ത്ഥനകള്‍ പാസ്സാക്കി നിയമസഭ പിരിഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.