അനധികൃത പള്ളി നിര്‍മ്മാണം; പ്രതിഷേധം വ്യാപകം

Tuesday 27 February 2018 1:29 am IST


ചേര്‍ത്തല: അനുമതി ഇല്ലാതെ പള്ളി നിര്‍മ്മാണം, പ്രതിഷേധം വ്യാപകം. ഒത്താശ ചെയ്ത് അധികാരികള്‍.
  കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി വയലാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഒളതല വെള്ളാഴത്ത് കവലയില്‍ മൂന്ന് നിലകളിലാണ് പള്ളി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ സമീപവാസികള്‍ പഞ്ചായത്തിലും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിരുന്നു.
  ജനവാസ കേന്ദ്രത്തില്‍ ആരാധനാലയം നിര്‍മ്മിക്കുമ്പോള്‍ കളക്ടറുടേയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റേയോ  അനുമതി വേണമെന്നാണ് നിയമമെന്നിരിക്കെ ഇതെല്ലാം ലംഘിച്ചാണ് റിട്ട പോലീസ് സൂപ്രണ്ട് കൂടിയായ സ്ഥലം ഉടമ പള്ളി നിര്‍മ്മിക്കുന്നത്. അനുമതി ഇല്ലാതെ നിര്‍മ്മിച്ച കെട്ടിടത്തിന് നമ്പര്‍ നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള അധികാരികളുടെ നീക്കമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
  പള്ളി നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് സമീപവാസി പരാതി നല്‍കിയിട്ടുണ്ടെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഇതിന് നിര്‍വാഹമില്ലെന്നും പഞ്ചായത്ത് സെക്രട്ടറി ജോണ്‍ ബി. ജോസഫ് പറഞ്ഞു. നിര്‍മ്മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല.
  കെട്ടിടത്തിന് നമ്പര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉടമ അപേക്ഷ നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് എല്‍എഫ്‌സിഡി വിഭാഗം പരിശോധന നടത്തുമെന്നും ഇതിന് ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.