തകഴിയില്‍ കൃഷിക്ക് ഓരുവെള്ള ഭീഷണി

Tuesday 27 February 2018 1:37 am IST


എടത്വാ: തകഴി കൃഷിഭവന്‍ പരിധിയില്‍പെട്ട പാടശേഖരങ്ങളിലെ നെല്‍ക്കൃഷി ഓരുവെള്ള ഭീഷണിയില്‍. വെള്ളാര്‍കോണം, കാട്ടാത്തറക്കടവ്, തെന്നടി വടക്ക്, ഞാറ്റുവ, ഐവേലിക്കാട് എന്നീ പാടശേഖരങ്ങളിലെ നെല്‍കൃഷിയാണ് ഓരുവെള്ള ഭീഷണിയിലായത്.
  പാടത്ത് രണ്ടാംവളം കഴിഞ്ഞ് വെള്ളം കയറ്റാന്‍ സാധിക്കാതെ കര്‍ഷകര്‍ നട്ടംതിരിയുകയാണ്. പമ്പാനദിയിലും തോടുകളിലും ഉപ്പിന്റെ സാന്നിദ്ധ്യം കൂടുതലായി അനുഭവപ്പെടാന്‍ തുടങ്ങി.
  വെള്ളം കയറ്റിയാല്‍ കൃഷി നാശത്തിനു സാദ്ധ്യത ഏറെയാണെന്നു കര്‍ഷകര്‍ പറയുന്നു. കര്‍ഷകരുടെ ദുരിതം അറിയിക്കാന്‍ തകഴിയില്‍ കൃഷി ഓഫീസറും ഇല്ലാതായതോടെ കര്‍ഷകര്‍ തീര്‍ത്തും നിരാശയിലാണ്.
  തോട്ടപ്പള്ളി സ്പില്‍വേ അടിയന്തിരമായി അടച്ചില്ലെങ്കില്‍ കരിനിലങ്ങള്‍ പൂര്‍ണ നാശത്തില്‍ എത്തുമെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.  വേനല്‍ കടുത്തതോടെ ജലാശയങ്ങളില്‍ വെള്ളം കുറഞ്ഞതോടാണ് ഓരുവെള്ളത്തിന്റെ ലഭ്യത കൂടുതലായി അനുഭവപ്പെട്ടത്.
  ജലവിഭവ വകുപ്പ് ഓരുമുട്ടുകള്‍ സ്ഥാപിച്ച് കൃഷിയെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും, കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.