യെച്ചൂരി മടങ്ങിയത് രോഷത്തോടെ

Tuesday 27 February 2018 2:45 am IST
"undefined"

തൃശൂര്‍ : സംസ്ഥാന സമ്മേളനം കഴിഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മടങ്ങിയത് രോഷത്തോടെ. സമ്മേളനത്തിലെ രൂക്ഷമായ വിമര്‍ശനവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവുമാണ് യെച്ചൂരിയെ ചൊടിപ്പിച്ചത്. സമ്മേളനത്തില്‍ യെച്ചൂരിക്കെതിരെ ആഞ്ഞടിച്ച മുഹമ്മദ് റിയാസും എ.എന്‍.ഷംസീറും സംസ്ഥാനക്കമ്മിറ്റിയിലെത്തുകയും ചെയ്തു.

പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിന് നിരക്കാത്ത വിമര്‍ശനവും നടപടികളുമാണ് സംസ്ഥാനനേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് യെച്ചൂരിയുടെ അഭിപ്രായം. പാര്‍ട്ടിയുടെ രീതിക്ക് നിരക്കാത്ത പദപ്രയോഗങ്ങളാണ് പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായത്. ബംഗാളില്‍ പാര്‍ട്ടിയെ തകര്‍ത്തു. ഇനി കേരളവും തകര്‍ക്കരുത്. താഴെത്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം ചെയ്ത് പരിചയമില്ലാത്തവരാണ് ദേശീയ നേതൃത്വത്തില്‍. പാര്‍ട്ടി ആദര്‍ശത്തെക്കുറിച്ചോ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളെക്കുറിച്ചോ ഇവര്‍ക്ക് വ്യക്തതയില്ല, തുടങ്ങിയ ആരോപണങ്ങളാണ് യെച്ചൂരിയെ ലക്ഷ്യമിട്ട് പ്രതിനിധികള്‍ തൊടുത്തത്. 

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് റിയാസാണ് ഏറ്റവും രൂക്ഷമായ ഭാഷയില്‍ യെച്ചൂരിയെ കടന്നാക്രമിച്ചത്. എ.എന്‍.ഷംസീറും യെച്ചൂരിയെ നിശിതമായി വിമര്‍ശിച്ചു. സംസ്ഥാനനേതൃത്വത്തിന്റെയും പിണറായിയുടേയും നിര്‍ദ്ദേശപ്രകാരമാണ് ഇരുവരും രൂക്ഷമായ വിമര്‍ശനം നടത്തിയതെന്ന് യെച്ചൂരിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഉപകാരസ്മരണ എന്ന നിലയില്‍ പിണറായി ഇരുവരെയും പുതുതായി സംസ്ഥാനക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 

പ്രതിനിധികളുടെ ഭാഗത്ത് നിന്ന് അഖിലേന്ത്യ നേതൃത്വത്തിന് നേരെയുണ്ടായ വിമര്‍ശനത്തെ പ്രതിരോധിക്കുന്നതിന് സമ്മേളനത്തില്‍ പങ്കെടുത്ത പി.ബി അംഗങ്ങളും തയ്യാറായില്ല. പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും സംസ്ഥാന നേതൃത്വത്തിന് കൂട്ടുനിന്നു. പി.ബി അംഗങ്ങളില്‍ എം.എ ബേബി മാത്രമാണ് യെച്ചൂരിയെ പിന്തുണച്ചത്. എ.കെ.പത്മനാഭന്‍ നിശബ്ദനായി നിലകൊണ്ടു. എന്നാല്‍ പിണറായിയെ പേടിച്ച് ബേബി പരസ്യപ്രതികരണത്തിന് തയ്യാറായില്ല. ഇതോടെ യെച്ചൂരി പൂര്‍ണ്ണമായും ഒറ്റപ്പെടുകയായിരുന്നു. മറുപടിപ്രസംഗത്തിലും സമാപന സമ്മേളനത്തിലും നിലപാടുകള്‍ ആവര്‍ത്തിച്ചുവെങ്കിലും അപമാനിതനായാണ് ജനറല്‍ സെക്രട്ടറിയുടെ മടക്കം. ഹൈദരാബാദിലെ പാര്‍ട്ടികോണ്‍ഗ്രസില്‍ കാണാം എന്ന യെച്ചൂരിയുടെ വാക്കുകള്‍ സംസ്ഥാന നേതൃത്വത്തിനുള്ള താക്കീതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.