തിരുവിള നഗറിലെ തുറൈകാട്ടും വള്ളാളർ

Tuesday 27 February 2018 2:45 am IST
"undefined"

തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍നിന്ന് തരംഗംപാടിയിലേക്ക് പോകുന്ന വഴിയില്‍ മയിലാടുതുറൈയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ കിഴക്കായാണ് തേവാരസ്ഥലങ്ങളില്‍ നാല്‍പ്പതാമത്തേതായ തുറൈക്കാട്ടും വള്ളാളര്‍ ക്ഷേത്രം. കാവേരിയുടെ വടക്കന്‍ കരയിലാണ് തിരുവിളൈ നഗര്‍. നാഗപട്ടണം ജില്ലയിലാണ് ക്ഷേത്രം.

ഭക്തകവിയായ തിരുജ്ഞാന സംബന്ധര്‍ മയിലാടുതുറയിലേക്ക് ദര്‍ശനത്തിന് വന്നുകൊണ്ടിരിക്കെ വെള്ളപ്പൊക്കം മൂലം വഴി അറിയാതെ കുഴങ്ങി. മാര്‍ഗം കാണിച്ചുതന്ന് ലക്ഷ്യത്തില്‍ എത്തിക്കണമെന്ന് അദ്ദേഹം ഭഗവാനോട് പ്രാര്‍ത്ഥിച്ചു. ശ്രീപരമശിവന്റെ നിര്‍ദ്ദേശാനുസരണം കാവേരി പിന്‍വലിഞ്ഞു, വേടന്റെ രൂപത്തിലെത്തിയ ഭഗവാന്‍ വഴി കാണിച്ചുകൊടുക്കുകയും ചെയ്തു. തുറയ്ക്ക് കര എന്നര്‍ത്ഥം. ഭഗവാന് അങ്ങനെ തുറൈകാട്ടും വള്ളാളര്‍ എന്ന പേരും കിട്ടി.

ഉച്ചിറ വനേശ്വരര്‍ എന്നും വജ്രവനേശ്വരര്‍ എന്നും ഭഗവാന് പേരുണ്ട്. ദേവി വേയുറുതോളി അമ്മന്‍. തന്റെ സവിധത്തിലെത്തുന്ന ഭക്തരെ സംരക്ഷിക്കാന്‍ കൈകളില്‍ ചക്രവും ശംഖുമായാണ് ദേവി നില്‍ക്കുന്നത്. അഞ്ചുനിലകളുള്ള രാജഗോപുരമുണ്ട് ക്ഷേത്രത്തിന്, രണ്ട് പ്രാകാരങ്ങളും. രാജഗോപുരം കടന്നാല്‍ ബലിപീഠവും നന്ദിവിഗ്രഹവും ഒരു സഭാമന്ദിരവുമുണ്ട്. മഹാമണ്ഡപത്തിന്റെ വടക്കുവശത്തായാണ് ദേവീസന്നിധി.

ഗണപതി, വിഷ്ണു, ബ്രഹ്മാവ്, ദക്ഷിണാമൂര്‍ത്തി, ഭൈരവര്‍, സോമസ്‌കന്ധര്‍, നടരാജസ്വാമി, ദുര്‍ഗാദേവി, ഗജലക്ഷ്മി, ശനീശ്വരന്‍, സൂര്യദേവന്‍ എന്നിവരുടെ സന്നിധികള്‍ ഈ പ്രാകാരങ്ങളിലുണ്ട്. വിഴല്‍ പുല്ലുകള്‍ തിങ്ങിവളര്‍ന്ന സ്ഥലമായിരുന്നു പണ്ട് ഇവിടം. അങ്ങനെ സ്ഥലം വിഴര്‍ നഗര്‍ എന്ന് അറിയപ്പെട്ടു, പിന്നീട് വിളര്‍ നഗര്‍ ആയി.

നിത്യവും ആറു പൂജകള്‍ പതിവാണ്. ധനുമാസത്തിലെ തിരുവാതിര, വൃശ്ചികത്തിലെ കാര്‍ത്തികദീപം, നവരാത്രി, ആടിപ്പെരുക്കം, ആടിമാസത്തിലെ പൂരം എന്നീ ദിവസങ്ങള്‍ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.ഭക്തരെ അകമഴിഞ്ഞ് അനുഗ്രഹിക്കുന്ന ദൈവമാണ് വള്ളാളര്‍. മയിലാടുതുറൈയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് തിരുവിള നഗര്‍.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.