ഭയം അടക്കിവാണ സമ്മേളനം

Tuesday 27 February 2018 2:45 am IST
ധനമന്ത്രി തോമസ് ഐസക്കിന് മാത്രമാണ് പ്രതിനിധികളില്‍ നിന്ന് കാര്യമായ വിമര്‍ശനം നേരിടേണ്ടി വന്നത്. മറുപടി പ്രസംഗത്തില്‍ ഐസക്കിനെ പിന്തുണയ്ക്കാന്‍ കോടിയേരി ബാലകൃഷ്ണനും തയ്യാറായില്ല എന്നതും ശ്രദ്ധേയം. നേതൃത്വത്തിനോ, സര്‍ക്കാറിനോ, മുഖ്യമന്ത്രിക്കോ എതിരെ വിമര്‍ശനങ്ങളൊന്നും കാര്യമായുണ്ടാകാതിരുന്നത് സമ്മേളന പ്രതിനിധികളെ നയിച്ചത് ഭയമായിരുന്നതിനാലാണ്. ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ, പൊതുസമൂഹം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതിരുന്നത് വീഴ്ചയാണെന്ന് ഉറക്കെ പറയാന്‍ നേതാക്കളില്ലാതെ പോകുന്നു എന്നതാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു ദുരന്തം.
"undefined"

വിഭാഗീയതയ്ക്ക് അന്ത്യംകുറിച്ചുവെന്ന അവകാശവാദവുമായി കൊടിയിറങ്ങിയ സിപിഎം തൃശൂര്‍ സമ്മേളനത്തില്‍ ഭയമാണ് അരങ്ങുവാണത്. ആശയപാപ്പരത്തം പ്രകടമാവുകയും, രാഷ്ട്രീയമായി അപ്രസക്തമാവുകയും ചെയ്യുന്ന പാര്‍ട്ടി അതിജീവനത്തിന് സാന്ത്വന പാത അടവുനയമായി സ്വീകരിക്കുകയാണ്. ഇതേക്കുറിച്ച് രണ്ട് ഭാഗങ്ങളുള്ള പരമ്പര ഇന്നും നാളെയുമായി പ്രസിദ്ധീകരിക്കുന്നു.

1939-ല്‍ പിണറായിയിലെ പാറപ്രത്ത് തുടങ്ങിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ കൊടിയിറങ്ങിയപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്: ഈ പാര്‍ട്ടി ആര്‍ക്കുവേണ്ടി, ആരുടെ പാര്‍ട്ടി? പാവങ്ങളും അടിസ്ഥാന ജനവിഭാഗങ്ങളും അകന്നുപോയെന്ന് പാര്‍ട്ടി വിലപിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് നേതാക്കള്‍. പുത്തന്‍പണക്കാരായ കുത്തകകളുടെയും, വൈറ്റ് കോളര്‍ തൊഴിലാളികളുടെയും പ്രതിനിധികളും ആശ്രിതരും നയിക്കുന്ന സിപിഎമ്മിന് ഇനി രാഷ്ട്രീയം പറഞ്ഞ് അധികനാള്‍ മുന്നോട്ട് പോകാനാകില്ലെന്ന് തൃശ്ശൂര്‍ സമ്മേളനം വ്യക്തമാക്കുന്നു. 

  പാര്‍ട്ടി നയങ്ങളേക്കാള്‍ പ്രാധാന്യം ഇനി അടവുനയങ്ങള്‍ക്കായിരിക്കും. പഴകിത്തേഞ്ഞ പ്രത്യയ ശാസ്ത്രങ്ങള്‍ പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഒതുങ്ങും. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ മേലങ്കി അണിഞ്ഞാകും ജനമദ്ധ്യത്തിലിറങ്ങുക. കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തോടെ സിപിഎം ഒരു എന്‍ജിഒയായി മാറിക്കഴിഞ്ഞിരുന്നു. പരമാധികാരി പിണറായി വിജയനും കാര്യസ്ഥന്റെ വേഷത്തില്‍ കോടിയേരി ബാലകൃഷ്ണനും. അഭിപ്രായ സ്വാതന്ത്യമില്ല, ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. എല്ലാം ഒരു വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. 

  ബൂര്‍ഷ്വാ പാര്‍ട്ടികളെന്നും വലതുപക്ഷമെന്നും വിമര്‍ശിക്കപ്പെടുന്ന പാര്‍ട്ടികള്‍ പോലും നാണിക്കുന്ന പണക്കൊഴുപ്പില്‍ നടത്തിയ സമ്മേളന മാമാങ്കം ഇവിടുത്തെ ജനങ്ങളുടെ നീറുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തോ എന്ന് ചേദിച്ചാല്‍ ഇല്ലായെന്നതാണ് വസ്തുത. മാണിയും സിപിഐയും ബിജെപിയും കോണ്‍ഗ്രസ്സും മാറിമാറി പ്രതിനിധികളുടെ പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടതല്ലാതെ നേതൃത്വത്തിനെതിരായി ഒരക്ഷരം ഉരിയാടാന്‍ വിനീത വിധേയരായ പ്രതിനിധികള്‍ തയ്യാറായില്ല. ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നവരെ തെരഞ്ഞെടുത്ത്, എതിര്‍ക്കുന്നവരെ അച്ചടക്കത്തിന്റെ വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കുറെ പേരെ ബ്രോയിലര്‍ കോഴികളെപ്പോലെ സംസ്ഥാന സമ്മേളനത്തിന് കൊണ്ടിരുത്തിയാല്‍ ഇതല്ലാതെ എന്തു സംഭവിക്കാനാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ചോദിക്കുന്നത്. വെള്ളം മുഴുവന്‍ ഒഴുകി പോയി കഴിഞ്ഞു, ഇനി അണ കെട്ടിയിട്ട് എന്തു കാര്യം? ഒരു മുന്‍ സംസ്ഥാന സമിതിയംഗത്തിന്റെ ചോദ്യത്തില്‍ ഇന്ന് പാര്‍ട്ടി നേരിടുന്ന മുഴുവന്‍ പ്രതിസന്ധികളുമുണ്ട്. 

പിണറായിയുടെ കാല്‍ക്കീഴില്‍

 മുന്‍കാല സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പിണറായി വിജയന്റെ പൂര്‍ണനിയന്ത്രണത്തില്‍  പാര്‍ട്ടി എത്തപ്പെട്ടു എന്ന് തെളിയിക്കുന്നതായി സമ്മേളനം. ചൂടേറിയ വാഗ്വാദങ്ങളോ, വിമര്‍ശനങ്ങളോ ഉണ്ടായില്ല. ഒന്‍പതര മണിക്കൂറുകളോളം നീണ്ട പൊതുചര്‍ച്ചയില്‍ കാര്യമായ വിവാദങ്ങളൊന്നും വിഷയമായില്ല, പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ചിലര്‍ വിമര്‍ശനങ്ങള്‍ തുടങ്ങിയപ്പോഴേ പ്രസീഡിയം അടിച്ചിരുത്തി. കണ്ണൂരില്‍ നിന്ന് ഒറ്റപ്പെട്ട വിമര്‍ശനം ഉയര്‍ന്നെങ്കിലും അത് പരിഗണിക്കാന്‍ നേതൃത്വവും തയ്യാറായില്ല. 

  ധനമന്ത്രി തോമസ് ഐസക്കിന് മാത്രമാണ് പ്രതിനിധികളില്‍ നിന്ന് കാര്യമായ വിമര്‍ശനം നേരിടേണ്ടി വന്നത്. മറുപടി പ്രസംഗത്തില്‍ ഐസക്കിനെ പിന്തുണയ്ക്കാന്‍ കോടിയേരി ബാലകൃഷ്ണനും തയ്യാറായില്ല എന്നതും ശ്രദ്ധേയം. നേതൃത്വത്തിനോ, സര്‍ക്കാറിനോ, മുഖ്യമന്ത്രിക്കോ എതിരെ വിമര്‍ശനങ്ങളൊന്നും കാര്യമായുണ്ടാകാതിരുന്നത് സമ്മേളന പ്രതിനിധികളെ നയിച്ചത് ഭയമായിരുന്നതിനാലാണ്. ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ, പൊതുസമൂഹം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതിരുന്നത് വീഴ്ചയാണെന്ന് ഉറക്കെ പറയാന്‍ നേതാക്കളില്ലാതെ പോകുന്നു എന്നതാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു ദുരന്തം. 

 നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍, ആഡംബര ജീവിതം, സര്‍ക്കാര്‍ പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍, ആഭ്യന്തരവകുപ്പിന്റെ പരാജയം, തൊഴിലില്ലായ്മ, തൊഴിലാളികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, ഭൂമി കൈയേറ്റ വിവാദങ്ങള്‍, പീഡനങ്ങള്‍, ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം, വിലവര്‍ദ്ധന, സ്ഥാനമാനങ്ങള്‍ക്കായി ചില നേതാക്കള്‍ കത്തുകൊടുത്തത്, ബന്ധുത്വ നിയമനങ്ങള്‍,  നേതാക്കളുടെ പരസ്യപ്രസ്താവനകള്‍, രാഷ്ടീയ കൊലപാതകങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കൊന്നും കാര്യമായ പ്രാധാന്യം സമ്മേളനത്തിലെ ചര്‍ച്ചകളിലുണ്ടായില്ല. 

 സെമിനാറുകള്‍ പോലും പ്രഹസനങ്ങളായി മാറിയെന്നും വിമര്‍ശനം ഉയരുന്നു. സിപിഎം- സിപിഐ ഭിന്നതയുടെ ആഴവും സമ്മേളനത്തില്‍ പ്രകടമായി. ഇടതുമുന്നണിയുടെ രാഷ്ട്രീയാടിത്തറ വിപുലീകരിക്കണമെന്നു സമ്മേളനത്തില്‍ പൊതുചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ഇടതുപക്ഷത്തിന് അമ്പതുശതമാനം ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് ഭരണമാറ്റം ഉണ്ടാകുന്നത്. പാര്‍ട്ടിയുടെ രാഷ്ട്രീയാടിത്തറ കൂട്ടാന്‍ ബഹുജനസ്വാധീനം വര്‍ദ്ധിപ്പിക്കണം. ഇതിനൊപ്പം ഘടകകക്ഷികളുടെ രാഷ്ട്രീയാടിത്തറയും വികസിക്കണമെന്നും സിപിഎം വിലയിരുത്തി. കണ്ണൂരില്‍ അമ്പത് ശതമാനത്തിലേറെ ജനപിന്തുണ ഇടതുപക്ഷത്തിനുണ്ട്. ഇതിന്റെ ദുരന്തം കണ്ണൂരുകാര്‍ നിത്യേന അനുഭവിക്കുകയാണ്. കേരളത്തിലാകെ ഈ വിപത്ത് വേണമോയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.

പാവങ്ങള്‍ക്ക് പാര്‍ട്ടിയെ വേണ്ട

പാവങ്ങള്‍ പാര്‍ട്ടിയെ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതാണ് സ്വയംവിമര്‍ശനം എന്ന നിലയില്‍ സിപിഎം സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത്. ബിജെപിയടക്കമുള്ള പാര്‍ട്ടികളിലേക്ക് പാവപ്പെട്ടവര്‍ ഒഴുകുമ്പോള്‍ എന്തുകൊണ്ട് സിപിഎം പരാജയപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള യാതൊരു ശ്രമവും ഉണ്ടായില്ല. 

  ഈ വിഷയത്തില്‍ ചര്‍ച്ചപോലും നടന്നില്ല. കാരണം ചര്‍ച്ചചെയ്യപ്പെട്ടാല്‍ വിമര്‍ശനത്തിന്റെ അമ്പുകള്‍ പതിക്കുക പുത്തന്‍ സാമ്പത്തിക ശക്തികളുടെ സംരക്ഷകരായി മാറിയ നേതൃത്വത്തിലേക്കായിരിക്കും. ആസൂത്രിതമായി മറ്റു ചില പൊള്ള രാഷ്ട്രീയ വിഷയങ്ങളിലേക്ക് നേതൃത്വം പ്രതിനിധികളുടെ ചര്‍ച്ച വഴിതിരിച്ചു വിട്ടു. നേരത്തേ പാവങ്ങളില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമായിരുന്നെന്നും അതില്‍ മാറ്റം വരികയാണന്നുമാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നത്. മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളികള്‍, പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍,  പ്രവാസികള്‍ തുടങ്ങി പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ പാര്‍ട്ടിയെ കൈവിടുകയാണ്. 

  ദരിദ്ര കര്‍ഷകരുടെ എണ്ണം പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് കുറവായിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 6.26 ശതമാനമാണ് ആകെ ദരിദ്രകര്‍ഷകരായി പാര്‍ട്ടി അംഗത്വത്തിലുള്ളവര്‍. ഇടത്തരം ജനവിഭാഗങ്ങളില്‍ പോലും സ്വാധീനം നഷ്ടപ്പെട്ടു തുടങ്ങി എന്ന പരിദേവനവും സമ്മേളനത്തിലുണ്ടായി. 2014-ല്‍ സമ്മേളനം നടക്കുമ്പോള്‍ 3,61,680 പൂര്‍ണ അംഗങ്ങളും 43,911 കാന്‍ഡിഡേറ്റ് അംഗങ്ങളും ഉള്‍പ്പടെ 4,05,591 മെമ്പര്‍മാരായിരുന്നു. 2017-ല്‍ 4,03,638 പൂര്‍ണ അംഗങ്ങളും 59,834 കാന്‍ഡിഡേറ്റ് അംഗങ്ങളും അടക്കം 4,63,472 മെമ്പര്‍മാരായി. മൂന്ന് വര്‍ഷത്തിനിടെ ആകെ 57,881 അംഗങ്ങളുടെ വര്‍ദ്ധനവുണ്ടായി. അതേസമയം, 2017- ല്‍ മാത്രം 27 ശതമാനം അംഗങ്ങളുടെ കൊഴിഞ്ഞുപോക്കുണ്ടായി. 2014-ല്‍ 8.19 ശതമാനവും 2015-ല്‍ 6.94 ശതമാനവും 2016 ല്‍ 21.10 ശതമാനവും അംഗങ്ങളാണ് കൊഴിഞ്ഞുപോയത്. 

  പുതുതായി എത്തുന്ന അംഗങ്ങളില്‍ നല്ലൊരു ശതമാനവും കൊഴിഞ്ഞുപോകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്നു വര്‍ഷത്തിനിടെ അംഗങ്ങളിലുണ്ടായ കൊഴിഞ്ഞുപോക്ക് ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുവാക്കളാണ് കൂടുതലായും കൊഴിഞ്ഞു പോകുന്നത്. യുവാക്കളും ദരിദ്രരും അകലുന്നത് എന്തു കൊണ്ടാണെന്നു ചര്‍ച്ച പോലും സമ്മേളനത്തിലുണ്ടായില്ല. പഴകി തുരുമ്പിച്ച പ്രത്യയശാസ്ത്രവും, നിരപരാധികളെ വെട്ടിക്കൊല്ലുന്ന രാഷ്ട്രീയവുമായി ഒരു പാര്‍ട്ടിക്കും കുടുതല്‍ നാള്‍ ആരെയും കബളിപ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യമാണ് സമ്മേളനം  കൂടുതല്‍ വ്യക്തമാക്കുന്നത്.

ആര്‍ക്കു വേണം പ്രത്യയശാസ്ത്രം 

പ്രത്യയശാസ്ത്രം പറഞ്ഞ് ഇനി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് ഒടുവില്‍ സിപിഎമ്മിന് മനസ്സിലായി. രാഷ്ടീയം പറഞ്ഞ് ജനങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ച കാലം പോയിക്കഴിഞ്ഞു. പൊതുജനങ്ങളില്‍ അരാഷ്ട്രീയത വര്‍ദ്ധിക്കുന്നുവെന്ന് മുന്‍കാലങ്ങളില്‍ വിലപിച്ചിരുന്ന പാര്‍ട്ടി, ഇനി ആനുകൂല്യങ്ങള്‍ കൊടുത്തും സേവനത്തിന്റെ മറവിലും വിപ്ലവം നടത്താനാണ് ശ്രമം. ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേര്‍ന്നും, റിച്ചാര്‍ഡ് ഫ്രാങ്കിയടക്കമുള്ളവരുടെ സഹായത്തോടെ വിദേശ ഫണ്ടുപയോഗിച്ചും തോമസ് ഐസക്കാണ് മാരാരിക്കുളം മോഡല്‍ പദ്ധതിയും സാന്ത്വന ചികിത്സയും മറ്റും ആരംഭിച്ചത്. അന്നതിനെ അതിരൂക്ഷമായി വിമര്‍ശിച്ച സിപിഎം ഇപ്പോള്‍ അതിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് വിചിത്രം. 

  സഹകരണ പ്രസ്ഥാനങ്ങളിലൂടെ പാര്‍ട്ടി എങ്ങനെ വളര്‍ത്താമെന്ന് പരീക്ഷിച്ച് വിജയിച്ച പാര്‍ട്ടി മറ്റൊരു കണ്‍കെട്ടു വിദ്യയുമായി രംഗത്തെത്തുന്നു വെന്ന് ചുരുക്കം. അസഹിഷ്ണുതയും രക്തദാഹവും ജീവശ്വാസമാക്കിയ പ്രസ്ഥാനം നീലക്കുറുക്കന്റെ വേഷം കെട്ടുന്നു. രണ്ടായിരം സാന്ത്വന പരിചരണകേന്ദ്രങ്ങള്‍, പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍, വീടുകളുടെ നിര്‍മ്മാണം, കുളങ്ങളും തോടുകളും മാലിന്യമുക്തമാക്കുക, ഒരു ജില്ലയില്‍ ഒരു പുഴ മാലിന്യമുക്തമാക്കല്‍, സംയോജിതകൃഷി,  സര്‍ക്കാര്‍ സ്‌കൂളുകള്‍ ദത്തെടുക്കല്‍, സര്‍ക്കാര്‍ ആശുപത്രികള്‍ ഏറ്റെടുക്കുക, പരീക്ഷാ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ പാര്‍ട്ടി മുഖേന നടപ്പാക്കും. സര്‍ക്കാര്‍ ഫണ്ടും വിദേശഫണ്ടും പൊതുജനങ്ങളുടെ പണവും ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താനുള്ള മറ്റൊരു തന്ത്രം. 

നാളെ: ആശയക്കുഴപ്പം അടിമുതല്‍ മുടിവരെ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.