നേരത്തേയെത്തിയ വരൾച്ച

Tuesday 27 February 2018 2:45 am IST

കുംഭം ആരംഭിച്ചിട്ടേയുള്ളൂ, പുഴകളും കുളങ്ങളും തോടുകളും വറ്റിവരണ്ടു തുടങ്ങി. കിണറുകളിലെ വെള്ളം ദിവസവും തീരുന്നു, രാത്രിയില്‍ വല്ലാത്ത ചൂട് അനുഭവപ്പെട്ടുതുടങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളത്തിനു റേഷന്‍ വേണ്ടിവരുമെന്ന് ഒരു ശാസ്ത്രജ്ഞന്‍ പ്രവചിച്ചപ്പോള്‍ എല്ലാവരും അദ്ദേഹത്തെ കളിയാക്കി. നാട്ടിലും നഗരത്തിലും ഇപ്പോള്‍ കുപ്പിവെള്ളത്തിന്റെ കുത്തൊഴുക്കാണല്ലോ. ആഫീസുകളില്‍, സദ്യാലയങ്ങളില്‍, കടകളില്‍, വീടുകളില്‍ എല്ലാം ചെറുതും വലുതുമായ വെള്ളക്കുപ്പികള്‍ - ഇതൊക്കെ  ശുദ്ധീകരിച്ച ജലമാണെന്നു പറയപ്പെടുന്നു. 

പൊതുസമൂഹം കേരളത്തില്‍ ഒന്നോ രണ്ടോ നദികളെ പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്ത കാണുകയുണ്ടായി. എല്ലാം നശിച്ചപ്പോഴാണ് മലയാളിക്ക് മലയും പുഴയും മഴയും മരവുമൊക്കെ പരസ്പരം ബന്ധപ്പെട്ടതാണെന്ന ബോധമുണ്ടായത്. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക വിളകളെ  ബാധിച്ചിട്ട് വര്‍ഷങ്ങള്‍ പലതായി. കാലാകാലങ്ങളില്‍ വേനലും മഴയും മഞ്ഞും കാറ്റുമൊക്കെ ഭൂമിശാസ്ത്രത്തിലെ പഴയ ഓര്‍മ്മകള്‍ മാത്രം. കുംഭമാസത്തില്‍ മഴ-കുപ്പയില്‍ നെല്ല്. ഇപ്പോള്‍ അതെല്ലാം പോയിരിക്കുന്നു.

ഭൂഗര്‍ഭജലം താഴ്ന്നുകൊണ്ടിരിക്കുന്നു. തടയണകളും മഴജല സംഭരണികളുമൊക്കെ കടലാസില്‍ മാത്രം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മഴ കൂടുതല്‍ ലഭിച്ചുവെന്നും, അണക്കെട്ടുകള്‍ നിറഞ്ഞുവെന്നും, ഈ വര്‍ഷം ലോഡ്‌ഷെഡിങ് ഉണ്ടാകുകയില്ലെന്നുമൊക്കെ വരികള്‍ക്കിടയില്‍ വായിച്ചതോര്‍ക്കുന്നു. കുടിവെള്ളത്തിനുള്ള നെട്ടോട്ടം ആരംഭിച്ചുകഴിഞ്ഞു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ പലതും ഉണങ്ങിപ്പോകുന്നു.

മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവരാണ് മലയാളികള്‍. കുപ്പിവെള്ളം വിപണി കീഴ്‌പ്പെടുത്തിയിട്ട് അധികകാലമായിട്ടില്ല. കൊടുംവരള്‍ച്ച വരാനിരിക്കുന്നതേയുള്ളൂ. വൈദ്യുതി ഉപയോഗം ദിവസംതോറും കൂടിവരുന്നു. ജനസംഖ്യ വര്‍ധിക്കുന്നതോടൊപ്പം, ജീവിതരീതി കൂടുതല്‍ മെച്ചപ്പെടും. അപ്പോള്‍ ജലത്തിന്റെ ആവശ്യവും വര്‍ധിക്കും. അശാസ്ത്രീയമായ വികസന ലക്ഷ്യങ്ങള്‍ നിത്യജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു, രാഷ്ട്രീയ കക്ഷികള്‍ പരസ്പരം പഴിചാരി വോട്ടുബാങ്കുറപ്പിക്കുന്നു.

ചെറാട്ട് ബാലകൃഷ്ണന്‍, 

തലോര്‍, തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.