ചെല്ലാനത്ത് പ്രതിഷേധം

Tuesday 27 February 2018 2:00 am IST

പള്ളുരുത്തി: ഓഖി ദുരന്തത്തെ തുടര്‍ന്നുണ്ടായ സമരം അവസാനിപ്പിക്കാന്‍ എംഎല്‍എയും കളക്ടറും ചേര്‍ന്ന് നല്‍കിയ ഉറപ്പ് നടപ്പായില്ല. ചെല്ലാനം വീണ്ടും സമരത്തിലേക്ക്. ഓഖി ദുരിതബാധിതര്‍ താമസിച്ച ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പിലാണ് കടല്‍ഭിത്തിക്കുവേണ്ടി അനിശ്ചകാല റിലേ നിരാഹാര സമരം നാട്ടുകാര്‍ നടത്തിയത്. 

കടല്‍ഭിത്തി നിര്‍മ്മിക്കുമെന്ന ഉറപ്പു ലഭിക്കാതെ സമരം പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സമരക്കാര്‍. ഒടുവില്‍ സര്‍ക്കാര്‍ പ്രതിനിധികളും എംഎല്‍എയും കളക്ടറും ഒത്തുചേര്‍ന്ന് ഏപ്രില്‍ 30നകം ജീയോ ട്യൂബിന്റെ കടല്‍ഭിത്തി നിര്‍മ്മിക്കുമെന്ന് ചര്‍ച്ചയില്‍ ഉറപ്പു നല്‍കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പുപാലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആദ്യഘട്ട പ്രതിഷേധ പരിപാടികള്‍ക്ക് ചെല്ലാനത്ത് ഇന്നലെ തുടക്കം കുറിച്ചു. കമ്പിനിപ്പടി, മറുവക്കാട്, ബസ്സാര്‍, വേളാങ്കണ്ണി ഭാഗങ്ങളിലാണ് ബോധവത്ക്കരണ പ്രതിഷേധ പരിപാടികള്‍ നടന്നത്. ഒരേ സമയത്ത് വിവിധയിടങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചായിരുന്നു പ്രതിഷേധ ബോധവത്ക്കരണത്തിന് തുടക്കം കുറിച്ചത്. കുടുംബങ്ങള്‍ ഒന്നിച്ചെത്തിയതോടെ യോഗങ്ങള്‍ ജനക്കൂട്ടമായി മാറി. സമരം ഉടന്‍ ആരംഭിക്കണമെന്നായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം. രണ്ടാഴ്ചക്കകം സമരം പ്രഖ്യാപിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. 

യോഗത്തില്‍ ജോണ്‍ കണ്ടത്തിപ്പറമ്പില്‍, ബെന്നോ പടിഞ്ഞാറെ വീട്ടില്‍, ടി.എ. ഡാല്‍ഫിന്‍, ജിന്‍സന്‍ വെളുത്ത മണ്ണില്‍ ജെര്‍വിന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.