മരാമത്ത് പണികള്‍ സിപിഎം നിയന്ത്രണ സംഘങ്ങളിലേക്ക്

Tuesday 27 February 2018 2:45 am IST

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മരാമത്ത് ജോലികളുടെ ടെന്‍ഡറില്‍ പങ്കെടുക്കുന്ന ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍ക്ക് നിരതദ്രവ്യവും കരുതല്‍ധനവും ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. സിപിഎം നിയന്ത്രണത്തിലുള്ള സംഘങ്ങളെ സഹായിക്കാനാണ് ഇത്തരമൊരു ഇളവെന്നാണ് ആക്ഷേപം. ഇതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികള്‍ സിപിഎം നിയന്ത്രിക്കുന്ന സംഘങ്ങളിലേക്ക് വന്നുചേരുകയാണ്. പഞ്ചായത്തുകളിലെ ചെറിയ പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്യുന്ന ചെറുകിട, നാമമാത്ര കരാറുകാര്‍ നിര്‍മ്മാണ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടും. 

സംസ്ഥാനത്ത് അമ്പതിലധികം ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവയില്‍ ബഹുഭൂരിപക്ഷവും സിപിഎം നിയന്ത്രണത്തിലാണ്. മരാമത്ത് പണികള്‍ ഈ സംഘങ്ങള്‍ക്ക് ലഭിക്കുന്നതിനായി കഴിഞ്ഞവര്‍ഷം നിരതദ്രവ്യവും അധിക ഡെപ്പോസിറ്റും ഒഴിവാക്കിയിരുന്നു. എന്നാല്‍ കരുതല്‍ധനവും ഒഴിവാക്കിക്കൊടുക്കണമെന്ന സംഘങ്ങളുടെ ആവശ്യപ്രകാരം ഈ മാസം 24ന് പുതുക്കിയ ഉത്തരവിറങ്ങി. ഇതില്‍ നിരതദ്രവ്യത്തിനൊപ്പം കരുതല്‍ധനവും ഒഴിവാക്കിയിട്ടുണ്ട്. ചെറിയ പാലങ്ങളും കലുങ്കും റോഡും നിര്‍മ്മിച്ചിരുന്ന ചെറുകിട കരാറുകാര്‍ മറ്റ് തൊഴില്‍ കണ്ടത്തേണ്ട അവസ്ഥയായി. 

തദ്ദേശീയരായ തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ പാകത്തില്‍ പ്രാദേശികമായ പ്രവൃത്തി ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലേബര്‍ സംഘങ്ങള്‍ രൂപംകൊണ്ടത്. ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് സംഘത്തിന് വേണ്ടി പണിചെയ്യുന്നത്. ചില തൊഴിലാളിസംഘം വന്‍കിട നിര്‍മ്മാണകമ്പനിയുടെ തലത്തിലേക്ക് വളര്‍ന്ന് കഴിഞ്ഞു. ഇവര്‍ക്ക് ഇളവ് നല്‍കുന്നതിലൂടെ മരാമത്ത് പ്രവൃത്തികള്‍ വഴിവിട്ട് ലഭിക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കുകയാണെന്നാണ് ആക്ഷേപം.

അതേസമയം കരാറുകാര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് കൂടുതല്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. കരാറിന് നോട്ടറിയുടെ സാക്ഷ്യപത്രം വേണമെന്നാണ് ഇതിലൊന്ന്. ഒരു കരാര്‍ ലഭിക്കണമെങ്കില്‍ അനേകം ടെണ്ടറുകള്‍ സമര്‍പ്പിക്കണം. ഓരോ ടെണ്ടറിനും മുദ്രപ്പത്രം വാങ്ങി നോട്ടറിയെ കൊണ്ട് സാക്ഷ്യപ്പെടുത്തുക എന്നത് പ്രായോഗികമല്ലെന്ന് കരാറുകാര്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.