തൃക്കാക്കര: നിലച്ച പദ്ധതിയുടെ മറവില്‍ ഫണ്ട് തട്ടാന്‍ ശ്രമം

Tuesday 27 February 2018 2:00 am IST

കാക്കനാട്: നിലച്ച കുടിവെള്ള പദ്ധതികളുടെ മറവില്‍ മുന്‍കൂര്‍ അനുമതി വാങ്ങി ഫണ്ട് തട്ടിയെടുക്കാന്‍ ശ്രമിച്ചതായി സിപിഎം കൗണ്‍സിലര്‍ക്കെതിരെ ആരോപണം. നഗരസഭ ആറാം വാര്‍ഡിലെ സിപിഎം കൗണ്‍സിലര്‍ സി. എ നിഷാദിനെതിരെയാണ് നഗരസഭ കൗണ്‍സിലില്‍ ഗുരുതര ആരോപണം ഉയര്‍ന്നത്. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് 22,22,000 രൂപയുടെ പദ്ധതിക്ക് നല്‍കിയ മുന്‍കൂര്‍ അനുമതി കൗണ്‍സില്‍ റദ്ദാക്കി. മൈക്രോ ലെവല്‍ കുടിവെള്ള പദ്ധതിയുടെ മറവില്‍ നഗരസഭ തനത് ഫണ്ടില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം.  

കൊല്ലംകുടിമുകളില്‍ പൗരസമിതി ജംങ്ഷനില്‍ കുഴല്‍ കിണര്‍ നിര്‍മിച്ചെങ്കിലും വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് പദ്ധതി ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇതേ പദ്ധതി ചൂരക്കോട്ടമൂലയിലെ മൂലിയിലേക്ക് മാറ്റി കുഴല്‍ കിണര്‍ സ്ഥാപിച്ച് വാട്ടര്‍ ടാങ്കും പൈപ്പ്‌ലൈനും പമ്പ് സെറ്റും സ്ഥാപിക്കുന്നതിനായി 22,20,000 രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതിയും സാമ്പത്തികാനുമതിയും നല്‍കി, ചെയര്‍പേഴ്‌സണ്‍ മുന്‍കൂര്‍ അനുമതി നല്‍കിയതാണ് വിവാദമായത്. ധനകാര്യ, പൊതു മരാമത്ത് വര്‍ക്കിംങ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യാതെയാണ് രാഷ്ട്രീയ സ്വാധീമുപയോഗിച്ച് കൗണ്‍സിലര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയത്. 

കൊല്ലംകുടിമുകളിലെ കനാല്‍ പുറമ്പോക്കിലാണ് കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയത്. എന്നാല്‍ കുടിവെള്ള പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥലത്തെ പ്രദേശവാസികളില്‍ ഭൂരിപക്ഷത്തിനും  വീടുകളില്‍  കിണറുകളും ജലവകുപ്പിന്റെ കുടിവെള്ള കണക്ഷനുകളുമുണ്ട്. പെരിയാര്‍വാലി കനാല്‍ കടന്നു പോകുന്നതിനാല്‍ ഈ പ്രദേശത്തെ കിണറുകളില്‍ എപ്പോഴും വെള്ളമുണ്ട്. 

പ്രദേശത്ത് പൊതു ടാപ്പുമുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് തൊട്ടടുത്ത് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന ഫ്‌ളാറ്റുകാരെ സഹായിക്കാനാണ് വന്‍ തുക ചെലവിട്ട് ധൃതിയില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ആരോപണം. 

ഇതേ വാര്‍ഡില്‍ തന്നെ കര്‍ദിനാല്‍ ക്വാര്‍ട്ടേഴ്സില്‍ എഴ് ലക്ഷം രൂപയുടെ മൈക്രോ കുടിവെള്ള പദ്ധതി അനുവദിച്ചെങ്കിലും കുഴല്‍ കിണര്‍ മാത്രമാണ് നിര്‍മിച്ചത്. ഈ പദ്ധതി മുടങ്ങി കിടക്കുമ്പോഴാണ് ചുകക്കൊട്ടമൂലയിലെ പദ്ധതിക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയത്. വേനല്‍ക്കാലമായതിനാല്‍ ചെയര്‍പേഴ്സണ്‍ കെ.കെ നീനുവിനെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിക്ക് മുന്‍ അനുമതിയും നേടിയിരുന്നു. 

സംഭവം വിവാദമയതിനെ തുര്‍ന്ന് 2,22,000 രൂപയുടെ പദ്ധതിയാണെന്ന് തെറ്റിദ്ധരിച്ചാണ് അനുമതി നല്‍കിയതെന്നാണ് ചെയര്‍പേഴ്സന്റെ വിശദീകരണം. 

കുടിവെള്ള പദ്ധതിക്ക് ചെയര്‍പേഴ്‌സണ്‍ മുന്‍കൂര്‍ അനുമതി നല്‍കിയത് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  21 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് പരാതി നല്‍കി

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.