ആദിവാസി പുനരധിവാസ വികസന മിഷന് ലക്ഷ്യം കൈവരിക്കാനായില്ല

Tuesday 27 February 2018 11:45 am IST

കോഴിക്കോട്:  പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനായി രൂപീകരിച്ച  ആദിവാസി പുനരധിവാസ വികസന മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷവും ലക്ഷ്യത്തിലെത്താനായില്ല. ഭൂരഹിതരും ഒരേക്കറില്‍ താഴെ ഭൂമിയുള്ളവരുമായ എല്ലാ പട്ടികവര്‍ഗ്ഗ കുടുംബാംഗങ്ങള്‍ക്കും ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ നല്‍കി പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനമാണ് ഇതുവരെ നടപ്പാക്കാത്തത്. 

ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാനായിട്ടില്ല. ഭൂമി ലഭിച്ചവര്‍ക്കാകട്ടെ മുമ്പത്തേക്കാള്‍ ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ 2006 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വനാവകാശ നിയമം  നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.

പരമ്പരാഗത സങ്കേതങ്ങളില്‍ നിന്ന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ മാറ്റിപ്പാര്‍പ്പിക്കാന്‍  സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് ദേശീയ പട്ടികവര്‍ഗ്ഗ നയത്തില്‍  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്. എന്നാല്‍ സംസ്ഥാനത്ത് നടത്തിയ ആദിവാസി പുനരധിവാസ വികസന പദ്ധതിയും വനാവകാശ നിയമം നടപ്പാക്കലും ഇത്തരം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ നിന്ന് വ്യതിചലിച്ചു. കേന്ദ്ര നയപ്രകാരം ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിക്കുകയാണെങ്കില്‍ രണ്ട് ഹെക്ടര്‍ കൃഷിക്ക് അനുയോജ്യമായ ഭൂമി നല്‍കണം. ജീവനോപാധിയുമായി ഇണങ്ങുന്ന സ്ഥലത്തേക്ക് വേണം പുനരധിവസിപ്പിക്കാന്‍. സംവരണാനുകൂല്യങ്ങള്‍ തുടര്‍ന്ന് നല്‍കുന്നതിനൊപ്പം പാരമ്പര്യാവകാശം നഷ്ടപ്പെട്ടതിനാല്‍ ഒന്നര വര്‍ഷത്തേക്കെങ്കിലും സാമ്പത്തിക സഹായം നല്‍കണം. തനത്  സാമൂഹിക സാംസ്‌കാരിക അടിത്തറ നിലനിര്‍ത്താന്‍ പരമ്പരാഗത സങ്കേതങ്ങളുടെ സമീപത്തായിരിക്കണം താമസിപ്പിക്കേണ്ടത്. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്നതിനൊപ്പം കാടിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് റവന്യൂ ഗ്രാമങ്ങളിലെ  സൗകര്യങ്ങള്‍ നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍  ഇതൊന്നും  കേരളത്തില്‍ നടപ്പായിട്ടില്ല.

വനത്തിനുള്ളില്‍ തലമുറകളായി താമസിച്ചുവരുന്നവര്‍ക്ക് വനഭൂമിയുടെയും വനവിഭവങ്ങളുടെയും മേല്‍ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും നിക്ഷിപ്തമാക്കുന്നതിനും വേണ്ടിയാണ് വനാവകാശ നിയമം 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്. ഈ നിയമ പ്രകാരം വ്യക്തിഗത അവകാശങ്ങള്‍, സാമൂഹികാവകാശങ്ങള്‍, വികസനാവകാശങ്ങള്‍ എന്നിവ ഉറപ്പു നല്‍കുന്നു. കേന്ദ്രത്തില്‍ പട്ടികവര്‍ഗ്ഗ കാര്യ മന്ത്രാലയവും സംസ്ഥാനത്ത് വനം, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുമാണ് നിയമം നടപ്പാക്കാനുള്ള ചുമതല.  ആലപ്പുഴ, കാസര്‍കോട് ജില്ലകള്‍ ഒഴികെ 12 ജില്ലകളിലായി 25109 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 33829.70 ഏക്കര്‍ വനഭൂമിയാണ് പതിച്ചു നല്‍കിയത്. ഊരു സഭ പാസ്സാക്കിയതില്‍ 10278 അപേക്ഷകര്‍ക്ക് ഉടമസ്ഥാവകാശ രേഖ ഇനിയും നല്‍കിയിട്ടില്ല.  സാമൂഹികാവകാശം സംബന്ധിച്ച 795 ക്ലെയിമുകളില്‍ 166 എണ്ണം മാത്രമാണ് 2017 ഡിസംബര്‍ 31 വരെ നല്‍കിയത്.  വികസനാവകാശങ്ങള്‍ക്കായി ലഭിച്ച 772 ക്ലെയിമുകളില്‍ 459 എണ്ണം മാത്രമാണ് അനുവദിച്ചത്. ആകെ വിട്ടു നല്‍കിയത് 187 ഹെക്ടര്‍ ഭൂമിയും.

വനവാസികളായ 37000 പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ കൈവശം 22000 ഹെക്ടര്‍ വനഭൂമിയുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. ഇതുവരെ 25109 കുടുംബങ്ങള്‍ക്ക് 13690.692 ഹെക്ടര്‍ ഭൂമിയുടെ അവകാശരേഖയാണ് നല്‍കിയിട്ടുള്ളതെന്നാണ് കണക്ക്. ആവാസ യോഗ്യമല്ലാത്ത ഭൂമിയാണ് പതിച്ചു നല്‍കിയതെന്ന് ആരോപിച്ച് ഭൂമി ഏറ്റെടുക്കാന്‍ ഗുണഭോക്താക്കള്‍  തയാറാകാത്തതും തിരിച്ചടിയായി. തുടര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ പുനരധിവാസ വികസന മിഷന്റെ ഭാഗത്തു നിന്നും ശ്രമങ്ങളുമുണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.