പിഎസ് സി പരീക്ഷയ്ക്ക് ഫീസ് വരും: പരീക്ഷയ്ക്ക് ഹാജരാകാതിരുന്നാല്‍ പിഴ

Tuesday 27 February 2018 2:45 am IST
"undefined"

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപേക്ഷിക്കുകയും എന്നാല്‍ പരീക്ഷയ്ക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിശ്ചിത തുക പിഴ ചുമത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്. അപേക്ഷിച്ച ശേഷം പരീക്ഷയ്‌ക്കെത്താത്തതുമൂലം വലിയ നഷ്ടമാണ് പിഎസ്‌സിക്കുണ്ടാകുന്നത്.  മറ്റ് ഉദ്യോഗാര്‍ഥികള്‍ക്കു ഇത് ബുദ്ധിമുട്ടാകുന്നു. ഇത് അവസാനിപ്പിക്കണം.

ഒരു ഉദ്യോഗാര്‍ഥിക്ക് പരീക്ഷാക്രമീകരണങ്ങളൊരുക്കാന്‍ 500 രൂപയോളമാണ് ചെലവാകുന്നത്. എത്രപേര്‍ പരീക്ഷയ്‌ക്കെത്തുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയാത്തതിനാല്‍ പലര്‍ക്കും വിദൂര സെന്ററുകളാണ് നല്‍കുന്നത്. അതിനാലാണ് പിഴയേര്‍പ്പെടുത്തുന്ന കാര്യം പിഎസ്‌സി ഗൗരവത്തോടെ ആലോചിക്കുന്നത്. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളില്‍നിന്നും നിശ്ചിത തുക അപേക്ഷാ സമയത്ത്  വാങ്ങിയ ശേഷം പരീക്ഷ എഴുതിയവര്‍ക്ക് മാത്രം ഈ തുക റീഫണ്ട് ചെയ്യുന്ന രീതിയാണ് പരിഗണിക്കുന്നത്. ഇതോടൊപ്പം പരീക്ഷാ ദിവസം വരെ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകുന്ന നിലവിലെ രീതി അവസാനിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നു. ഒരു മാസം മുന്‍പുവരെ മാത്രം ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡിംഗ് പരിമിതപ്പെടുത്തുന്നതിനാണ് ആലോചനയെന്നും ചെയര്‍മാന്‍ പറഞ്ഞു.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ സിലബസും പരീക്ഷാ ഘടനയും രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് അക്കാദമിക്, സിലബസ് കമ്മറ്റികള്‍ ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. പ്രാഥമിക പരീക്ഷ, വിവരണാത്മക പരീക്ഷ, അഭിമുഖം എന്നിങ്ങനെ  മൂന്നു ഘട്ടങ്ങളായാണ് പരീക്ഷ നടത്തുക. 60 ശതമാനം ചോദ്യങ്ങളും യുപിഎസ്‌സി മാതൃകയിലായിരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.