കേരള വനിതകൾ ഫൈനലിൽ

Tuesday 27 February 2018 2:45 am IST
"undefined"

കോഴിക്കോട്: തമിഴ്‌നാടിനെ തകര്‍ത്ത് കേരള വനിതകള്‍ ദേശീയ സീനീയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. പുരുഷവിഭാഗത്തില്‍ റെയില്‍വേസും കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. വനിതാ സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തമിഴ്‌നാടിനെതിരെ കേരളത്തിന്റെ സെമിജയം. സ്‌കോര്‍: 25-14, 25-17, 21-21. ഇന്ന് നടക്കുന്ന റെയില്‍വേസ്-മഹാരാഷ്ട്ര വിജയികളാണ് നാളെ നടക്കുന്ന ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍.

മത്സരത്തിന്റെ ഒരു ഘട്ടത്തിലും ആതിഥേയര്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ തമിഴ്‌നാടിനായില്ല. ആദ്യ സെറ്റില്‍ രേഖയും അഞ്ജു മോളും അഞ്ചു വീതം പോയിന്റ് നേടി. രണ്ടാം സെറ്റില്‍ ശ്രുതിക്ക് പകരമായി വന്ന അനുശ്രീ അഞ്ചു പോയിന്റ് നേടി. മൂന്നാം സെറ്റില്‍ തമിഴ്‌നാട് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സെറ്റും മത്സരവും കേരളത്തിനൊപ്പം നിന്നു. മികച്ച ഫിനിഷിംഗിലൂടെ അഞ്ജു ബാലകൃഷ്ണന്‍ കാണികളുടെ മനം കവര്‍ന്നു. 

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ ഒമ്പതാം ഫൈനലിനാണ് കേരള വനിതകള്‍ ഇത്തവണ യോഗ്യത നേടിയത്. കഴിഞ്ഞ എട്ട്‌വര്‍ഷവും റെയില്‍വേസിനോട് കേരളം ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. 2007-ലാണ് കേരള വനിതകള്‍ ദേശീയ വോളി കിരീടം അവസാനമായി നേടിയത്.

പുരുഷസെമിയില്‍ സര്‍വ്വീസസിന്റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് റെയില്‍വേസ് ഫൈനലിലേക്ക് കുതിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍: 25-17, 34-32, 25-14. ആദ്യ സെറ്റും മൂന്നാം സെറ്റും അനായാസം റെയില്‍വേ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് ഏറെ ആവേശകരമായി. രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയതോടെ ആരാധകര്‍ ആവേശത്തിലായി. ഒടുവില്‍ മാരത്തോണ്‍ പോരാട്ടത്തിനൊടുവില്‍ 34-32ന് റെയില്‍വേ സെറ്റ് സ്വന്തമാക്കി. തുടര്‍ച്ചയായ നാലാം തവണയാണ് റെയില്‍വേ ഫൈനലില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ റെയില്‍വേസ് കേരളത്തോട് പരാജയപ്പെട്ടു. പുരുഷന്മാരുടെ രണ്ടാം സെമിയില്‍ ഇന്ന് കേരളം തമിഴ്‌നാടിനെ നേരിടും. വൈകിട്ട് അഞ്ചിനാണ് മത്സരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.