പിഎസ്‌ജി മുന്നോട്ട്; നെയ്മറിന് പരിക്ക്

Tuesday 27 February 2018 2:45 am IST
"undefined"

പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ പിഎസ്ജി കിരീടത്തിലേക്ക് അടുക്കുന്നു. ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ അവര്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാഴ്‌സെലെയെ തകര്‍ത്തു. വിജയത്തോടെ 27 കളികൡ നിന്ന് 71 പോയിന്റുമായി പിഎസ്ജി കിരീടം ലക്ഷ്യമാക്കി കുതിക്കുകയാണ്. രണ്ടാമതുള്ള മൊണാക്കോയ്ക്ക് 57 പോയിന്റാണുള്ളത്.

പിഎസ്ജിക്കായി 10-ാം മിനിറ്റില്‍ എംബെപ്പയും  55-ാം മിനിറ്റില്‍ എഡിസണ്‍ കവാനിയും ഗോള്‍ നേടി. ഒരെണ്ണം മാഴ്‌സെലെ താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു. 27-ാം മിനിറ്റില്‍ റൊണാള്‍ഡോയാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് പിഎസ്ജിക്ക് ഒരു ഗോള്‍ സമ്മാനിച്ചത്. എന്നാല്‍ മത്സരത്തിനിടെ സൂപ്പര്‍താരം നെയ്മര്‍ക്ക് പരിക്കേറ്റത് പിഎസ്ജിക്ക് തിരിച്ചടിയായി.

കളി അവസാനിക്കാന്‍ പത്തു മിനിറ്റുകള്‍ ബാക്കിനില്‍ക്കേയാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. നെയ്മറിലേക്ക് നീട്ടിയെത്തിയ പാസ് ബൂട്ടില്‍ കൊരുക്കാനുള്ള ശ്രമത്തിനിടെ മാഴ്‌സ താരം മൗന സാര്‍ത്തിന്റെ ബ്ലോക്ക്. പന്ത് അനായാസം മാഴ്‌സ താരം തട്ടിയെടുത്ത് മുന്നേറാന്‍ ഒരുങ്ങുമ്പോള്‍ നെയ്മര്‍ പുറകില്‍ കാലിടറി വീഴുകയായിരുന്നു. പിന്നീട് മൈതാനത്ത് മുഖം പൂഴ്ത്തി വേദന സഹിക്കാനാകാതെ കരയുന്ന നെയ്മറിന്റെ മുഖമാണ് തെളിഞ്ഞത്. 

ഒടുവില്‍ നെയ്മറെ സ്‌ട്രെച്ചറിലെടുത്ത് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. നെയ്മറിന്റെ കാല്‍ക്കുഴക്കേറ്റ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമല്ല. റയലിനെതിരെ മാര്‍ച്ച് ആറിന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തിലും നെയ്മര്‍ക്ക് കളിക്കാന്‍ കഴിയില്ലെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.