ഇംഗ്ലീഷ് ലീഗ് കപ്പ്; മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം

Tuesday 27 February 2018 2:45 am IST
"undefined"

ലണ്ടന്‍: പെപ് ഗ്വാര്‍ഡിയോളയുടെ പരിശീലനത്തിന്‍ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ കിരീടം. ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ ആഴ്‌സണലിനെ തകര്‍ത്താണ് സിറ്റി കിരീടത്തില്‍ മുത്തമിട്ടത്. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. സെര്‍ജിയോ അഗ്യൂറോ, വിന്‍സന്റ് കൊംപാനി, ഡേവിഡ് സില്‍വ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്.

ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ അഞ്ചാം തവണയാണ് സിറ്റി ലീഗ് കപ്പ് സ്വന്തമാക്കുന്നത്. 2015-16ലായിരുന്നു ഇതിന് മുന്‍പ് കപ്പ് നേടിയത്. 2016-ല്‍ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം പെപ് ഗ്വാര്‍ഡിയോളയൂടെ ആദ്യ കിരീട നേട്ടവുമായി ഇത്. അതേസമയം എട്ടാം തവണ ഫൈനല്‍ കളിക്കാനിറങ്ങിയ ഗണ്ണേഴ്‌സിന് ആറാം പ്രാവശ്യവും രണ്ടാം സ്ഥാനക്കാരാനാവായിരുന്നു വിധി.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. എന്നാല്‍ ആദ്യ അവസരം ലഭിച്ചത് ആഴ്‌സണലിനായിരുന്നു. എട്ടാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് അബൗമയേങ് പായിച്ച ഷോട്ട് സിറ്റി ഗോളി രക്ഷപ്പെടുത്തി. ആഴ്‌സണലിന്റെ പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് 18-ാം മിനിറ്റില്‍ സിറ്റി മുന്നിലെത്തി. സിറ്റി ഗോളി ബ്രാവോ എടുത്ത ഗോള്‍കിക്ക് പിടിച്ചെടുത്ത് മുന്നേറിയ അഗ്യൂറോ അഡ്വാന്‍സ് ചെയ്ത ആഴ്‌സണല്‍ ഗോളി ഓസ്പിനയുടെ തലയ്ക്ക് മുകളിലൂടെ വലയിലേക്ക് കോരിയിട്ടു. 23-ാം മിനിറ്റില്‍ ആഴ്‌സണലിന്റെ ആരോണ്‍ റംസി ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് സിറ്റി ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ പിറന്നില്ല.

പിന്നീട് 58-ാം മിനിറ്റില്‍ സിറ്റി ലീഡ് ഉയര്‍ത്തി. കോര്‍ണറിനൊടുവിലായിരുന്നു ഗോള്‍. ഡി ബ്രൂയന്‍ എടുത്ത കോര്‍ണര്‍ കിക്ക് സ്വീകരിച്ച് ഗുണ്‍ഡോഗന്‍ പായിച്ച ഷോട്ട് കൊംപാനി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 65-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ വലംകാലന്‍ ഷോട്ടും വലയില്‍ കയറിയതോടെ ഗണ്ണേഴ്‌സിന്റെ പരാജയം പൂര്‍ണ്ണമായി.

ലീഗ് കപ്പ് നേടിയ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും കിരീടത്തിന് തൊട്ടടുത്താണ്. 27 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റുമായി സിറ്റി ഏറെ മുന്നിലാണ്. അതേസമയം രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 59 പോയിന്റാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.