റാഷിദ് മിസ്റ്റർ കേരള

Tuesday 27 February 2018 2:45 am IST

കൊച്ചി: മിസ്റ്റര്‍ കേരളയായി മലപ്പുറം സ്വദേശി ഇ.പി. റാഷിദ് തെരഞ്ഞെടുക്കപ്പെട്ടു. ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരള എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പിലാണ് വിവിധ വിഭാഗത്തിലെ ചാമ്പ്യന്‍മാരുമായി മത്സരിച്ച് റാഷിദ് മിസ്റ്റര്‍ കേരള പട്ടം നേടിയത്. 

കണ്ണൂര്‍ സ്വദേശി പി. വിഷ്ണു ജൂനിയര്‍ മിസ്റ്റര്‍ കേരളയായി തെരഞ്ഞെടുക്കപ്പെട്ടു. സബ് ജൂനിയര്‍ വിഭാഗത്തില്‍ മലപ്പുറത്ത് നിന്നുള്ള മുഹമ്മദ് സല്‍മാന്‍ ചാമ്പ്യന്‍ പട്ടം നേടി. ഫിസിക്കലി ചലഞ്ചഡ് വിഭാഗത്തില്‍ കൊല്ലം സ്വദേശി ആദര്‍ശ്. കെ വിജയിയായി. 121 പോയിന്റുകളോടെ തിരുവനന്തപുരം ടീം ചാമ്പ്യന്‍ഷിപ്പ് നേടി. 108 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനവും 98 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനവും നേടി.

മറ്റു വിഭാഗങ്ങളിലെ വിജയികള്‍: മജീസിയ ബാനു-കോഴിക്കോട് (വുമണ്‍സ് മോഡല്‍ ഫിസിക്), അമൃത മോഹന്‍-തിരുവനന്തപുരം (വുമണ്‍സ് അത്‌ലറ്റിക് ഫിസിക്),  മുഹമ്മദ് സുഹൈര്‍ കെ.പി-കോഴിക്കോട് (മെന്‍സ് അത്‌ലറ്റിക് ഫിസിക്), സിനു ചൊവ്വ-കണ്ണൂര്‍ (മെന്‍സ് മോഡല്‍ ഫിസിക്). മാസ്റ്റേഴ്‌സ് വിഭാഗത്തിലെ വിവിധ കാറ്റഗറിയില്‍ ദീപക്. എന്‍ (കോഴിക്കോട്), ആരിഫ്. വി (കോഴിക്കോട്), വിഷ്ണു. എസ് (തിരുവനന്തപുരം) എന്നിവരും വിജയികളായി. 

ചാമ്പ്യന്‍ഷിപ്പില്‍ വിവിധ വിഭാഗങ്ങളിലായി നാനൂറോളം പേര്‍ പങ്കെടുത്തു. സമാപന-സമ്മാനദാന ചടങ്ങില്‍ എറണാകുളം ജില്ലാ കളക്ടര്‍ വൈ. മുഹമ്മദ് സഫീറുള്ള, നടനും ബോഡി ബില്‍ഡറും മിസ്റ്റര്‍ ഇന്ത്യയുമായിരുന്ന അബു സലീം, ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരള സെക്രട്ടറി ടി.വി. പോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.