ശ്രീദേവിയുടേത് മുങ്ങിമരണം

Tuesday 27 February 2018 2:45 am IST

മുംബൈ: നടി ശ്രീദേവി ദുബായ്‌യിലെ ഹോട്ടലില്‍ കുളിമുറിയിലെ ബാത്ത്ടബ്ബിലേക്ക് ബോധരഹിതയായി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് ദുബായ് പോലീസ് നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നതായും സര്‍ട്ടിഫിക്കറ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച രാത്രിയാണ് ദുബായ്‌യിലെ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലില്‍ താമസിച്ചിരുന്ന മുറിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുമകന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഭര്‍ത്താവ് ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി എന്നിവര്‍ക്കൊപ്പം ശ്രീദേവി ദുബായ്‌യില്‍ എത്തിയത്. വിവാഹം കഴിഞ്ഞ ബോണി ഇന്ത്യയിലേക്ക് മടങ്ങിപ്പോന്നു. ശ്രീദേവി  ദുബായ്‌യില്‍ തങ്ങി. 

തിരിച്ചു പോയ ബോണി ശനിയാഴ്ച ഭാര്യക്ക് അപ്രതീക്ഷിത സമ്മാനമായി വിരുന്നൊരുക്കി. ഇതില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി കുളിമുറിയിലേക്കു പോയ ശ്രീദേവിയെ കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോള്‍ ബോണി വാതില്‍ ബലം പ്രയോഗിച്ചു തുറന്നു. ബാത്ത്ടബ്ബില്‍ ബോധരഹിതയായി കിടക്കുന്ന ശ്രീദേവിയെയാണ് കണ്ടത്. സുഹൃത്തിന്റെ സഹായം തേടിയ താന്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു എന്നാണ് ബോണി പറയുന്നത്. 

ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാവിലെ രാവിലെ ഇന്ത്യയിലേക്കു കൊണ്ടു വരുമെന്നാണ് കരുതിയിരുന്നത്. ഇന്ത്യയുടെ ഹൈക്കമ്മീഷന്‍ ഓഫീസ് ഇടപെട്ട് അതിനുള്ള നടപടികള്‍ മുന്നോട്ടു നീക്കിയിരുന്നു. എന്നാല്‍ ദുബായ് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വൈകി.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമുള്ള റിപ്പോര്‍ട്ടുകളില്‍ അസാധാരണമായ ചില കണ്ടെത്തലുകള്‍ വന്നതാണ് കാരണം. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുങ്ങിമരണത്തിനു സമാനമായാണ് പോലീസ് ഇതിനെ കണ്ടത്. കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് ബോധരഹിതയായി ബാത്ത് ടബ്ബില്‍ വീണതാവാം എന്നാണ് കരുതുന്നത്. യാദൃച്ഛികമായുള്ള മുങ്ങിമരണം എന്നാണ് മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  സംശയകരമായ സാഹചര്യമില്ലെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. 

പോലീസിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ച് ദുബായ് സര്‍ക്കാരും അറിയിപ്പു പുറത്തിറക്കി. ബോധരഹിതയായി ബാത്ത്ടബ്ബില്‍ വീണാണ് മരണം സംഭവിച്ചതെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും പറയുന്നു.മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ദുബായ് യിലെ ഇന്ത്യയുടെ സ്ഥാനപതി നവ്ദീപ് പുരി പറഞ്ഞു. 

പോലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ചതാണ് പ്രശ്‌നമായത്. ഇന് പ്രോസിക്യൂഷന്‍ മജിസ്‌ട്രേറ്റിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. മുംബൈയില്‍ ബോണിയുടെ സഹോദരനും നടനുമായ അനില്‍ കപൂറിന്റെ വിട്ടില്‍ ഹിന്ദി ചലച്ചിത്രലോകമാകെ കേന്ദ്രീകരിച്ചിരിക്കുകയാണ്. മിക്ക താരങ്ങളും ശ്രീദേവിയുടേയും ബോണിയുടേയും ബന്ധുക്കളും അനില്‍ കപൂറിന്റെ വീട്ടിലെത്തിയിട്ടുണ്ട്. 

ദുരൂഹതയുടെ നിഴൽ വീണത് പൊടുന്നെ

മുംബൈ: ശ്രീദേവിയുടെ ഭൗതിക ദേഹം എത്തുന്നത് കാത്തിരുന്ന സഹപ്രവര്‍ത്തര്‍ക്കും ആരാധകര്‍ക്കും ബന്ധുക്കള്‍ക്കും ഞെട്ടലായിരുന്നു ദുബായ് പോലീസിന്റെ നടപടി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടിലും മരണസര്‍ട്ടിഫിക്കറ്റിലും അസാധാരണ മരണത്തിന്റെ നിഴല്‍.  ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്ത്യം എന്ന ധാരണ മാറിയതോടെ അഭ്യൂഹങ്ങളും പ്രചരിച്ചു തുടങ്ങി.

 ബോധരഹിതയായി ബാത്ത്ടബ്ബില്‍ വീണു, ശരീരത്തില്‍ മദ്യത്തിന്റെ അംശം തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ വന്നതോടെ മരണത്തില്‍ ദുരൂഹത എന്ന വാര്‍ത്തയും വന്നു. അന്വേഷണം പോലീസ്, പബ്ലിക് പ്രോസിക്യൂഷനെ ഏല്‍പ്പിച്ചതോടെ മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു കിട്ടാന്‍ ഇടയില്ല എന്ന സംശയവും ശക്തമായി. 

മുംബൈയില്‍ സഹോദരന്‍ അനില്‍ കപൂറിന്റെ വീട്ടിലേക്ക് താരങ്ങള്‍ ഒഴുകിയെത്തി. വീടിനു പുറത്ത് ആരാധകര്‍ നിറഞ്ഞു. രജനീകാന്ത് അടക്കമുള്ള സഹപ്രവര്‍ത്തകര്‍ ശ്രീദേവിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മുംബൈയില്‍ പറന്നെത്തി. പക്ഷേ അപ്പോഴേക്ക് ദുബായ്‌യില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. ദുബായ്‌യില്‍ എത്തിയതു മുതലുള്ള ശ്രീദേവിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കുമെന്നു കൂടി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്യാനായി വിട്ടുകൊടുത്തെന്നും പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്കു കൊണ്ടു പോകുമെന്നും ഇന്നലെ ഉച്ചയ്ക്ക് ദുബായ് കോണ്‍സുലേറ്റ് പ്രതിനിധി അറിയിച്ചിരുന്നു. 

ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം എന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ശ്രീദേവിക്ക് ഹൃദയ സംബന്ധമായ രോഗങ്ങളില്ലെന്ന് ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ പറഞ്ഞത് ചര്‍ച്ചയായി. സോഷ്യല്‍ മീഡിയയില്‍ അനാവശ്യമായ അഭിപ്രായങ്ങള്‍ വന്നപ്പോള്‍ ബോളിവുഡിലെ പ്രധാന താരങ്ങള്‍ ഇടപെട്ടു. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി ശ്രീദേവിയുടെ കുടുംബത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കരുതെന്ന് പലരും അഭ്യര്‍ഥിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.