സുഗതൻ്റെ ആത്മഹത്യ: സിപിഐ പ്രവർത്തകർക്കെതിരെ കേസ്

Tuesday 27 February 2018 2:45 am IST

പത്തനാപുരം: സിപിഐക്കാരുടെ ഭീഷണിയെത്തുടര്‍ന്ന്  ഇളമ്പലില്‍ പ്രവാസി സംരംഭകനായ സുഗതന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പോലീസ് ഒടുവില്‍ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുത്തു. വര്‍ക്‌ഷോപ്പില്‍ കൊടികുത്തിയ പത്തോളം സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കുന്നിക്കോട് പോലീസ് കേസെടുത്തത്. സിപിഐ ഇളമ്പല്‍ ലോക്കല്‍ കമ്മറ്റിയംഗം കോട്ടവട്ടം സ്വദേശി ഇമേഷി(30)നെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പ്രാഥമിക അന്വേഷണം നടത്തിയ കുന്നിക്കോട് എസ്‌ഐ ഗോപകുമാര്‍ പത്തനാപുരം സിഐക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സിപിഐയുടെ പങ്ക് വ്യക്തമാകുന്നത്. ഇതോടെ പാര്‍ട്ടിയും യുവജന സംഘടനയും വെട്ടിലായി .കൂടാതെ സിപിഐ പ്രവര്‍ത്തകരുടേയും സുഗതന്റെയും ഫോണ്‍ രേഖകള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു വരികയാണ്. കൂടുതല്‍ പേരുടെ പങ്ക് വ്യക്തമാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.  പത്തനാപുരം സിഐ അന്‍വറിനാണ് അന്വേഷണച്ചുമതല.

പോലീസ് അന്വേഷണം ഇഴയുന്നെന്ന ആരോപണവുമായി സുഗതന്റെ ബന്ധുക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തത്. മറ്റാരൊക്കെയാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

അതേസമയം സുഗതന്റെ വര്‍ക്ക്‌ഷോപ്പ് നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന എഐവൈഎഫ് വാദം തെറ്റാണെന്ന് വിളക്കുടി വില്ലേജ് ഓഫീസര്‍ ഷാജഹാന്‍ ജന്മഭൂമി യോട് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.