'വെളിനാട്ടില്‍ കിടന്നപ്പോ ഒരു കുഴപ്പവും ഇല്ലാരുന്നു, നാട്ടിലെത്തി ജീവന്‍ നഷ്ടപ്പെട്ടു'

Tuesday 27 February 2018 12:13 pm IST

 

പുനലൂര്‍: 'വെളി നാട്ടില്‍ കിടന്നപ്പോ ഒരു കുഴപ്പവും ഇല്ലാരുന്നു, ഒള്ളതെല്ലാം നുള്ളി പെറുക്കി നാട്ടില്‍ എന്തേലും തുടങ്ങാന്‍ പോയതുകൊണ്ടാ എന്റെ ചേട്ടനെ നഷ്ടപ്പെട്ടത്' സിപിഐ ഭീഷണിയില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ ഭാര്യ സരസമ്മയുടെ വാക്കുകളാണിത്. ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സുഗതന്റെ വീട്ടിലെത്തിയപ്പോഴാണ് പൊട്ടിക്കരഞ്ഞ് കൊണ്ട്  അവര്‍ ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രി നാഴികയ്ക്ക് നാല്‍പ്പത് വട്ടം പ്രവാസികളെ കേരളത്തിലേക്ക് വ്യവസായം ചെയ്യാന്‍ സ്വാഗതം ചെയ്യുമ്പോഴാണ് സ്വന്തം കക്ഷി നേതാക്കള്‍ കാരണം ഒരു പ്രവാസിക്ക് ജീവന്‍ വെടിയേണ്ടി വന്നത്. എല്‍ഡിഎഫിലെ തിരുത്തല്‍ ശക്തിയാണെന്ന് സ്വയം അവകാശപ്പെടുന്ന സിപിഐയുടെ പൊയ്മുഖമാണ് ഇവിടെ വെളിപ്പെടുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പേരില്‍ ലക്ഷങ്ങളാണ് സിപിഐ നേതാക്കള്‍ പിരിവ് ചോദിച്ചത്. പ്രശ്‌ന പരിഹാരത്തിനായി ദിവസങ്ങളോളം സുഗതന്‍ പാര്‍ട്ടി ഓഫീസുകള്‍ കയറി ഇറങ്ങി നടന്നു. ചോദിച്ച പണം മുഴുവന്‍ കിട്ടാത്തതു കൊണ്ട് നേതാക്കള്‍ ഒത്തു തീര്‍പ്പിന് തയ്യാറല്ലായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരയവര്‍ മക്കളുടെ ജീവനെടുക്കുമോയെന്ന ആശങ്കയിലാണ് ആ മാതാവ്. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, സംസ്ഥാന ഉപാദ്ധ്യക്ഷ ബി.രാധാമണി, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ് ജിതിന്‍ ദേവ്, പത്തനാപുരം മണ്ഡലം പ്രസിഡന്റ് വിളക്കുടി ചന്ദ്രന്‍, പുനലൂര്‍ മണ്ഡലം പ്രസിഡന്റ് ഉമേഷ് ബാബു, ജനറല്‍ സെക്രട്ടറി ബാനര്‍ജി, കറവൂര്‍ കണ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.