ക്ഷേത്രോത്സവങ്ങള്‍ ഫ്‌ളോട്ടുകള്‍ കയ്യടക്കി: വണ്ടിക്കുതിരകള്‍ വിസ്മൃതിയിലേക്ക്

Tuesday 27 February 2018 12:22 pm IST

 

 

കുണ്ടറ: ക്ഷേത്രോത്സവങ്ങളില്‍ നിറഞ്ഞു നിന്ന കലാരൂപം വിസ്മൃതിയിലേക്ക് നീങ്ങുന്നു. വണ്ടിക്കുതിരയെന്ന പേരില്‍ അറിപ്പെടുന്ന കെട്ടുകുതിരയാണ് ഫ്ളോട്ടുകളുടെ ആധിക്യത്തില്‍ ഇല്ലാതാകുന്നത്. 10 മുതല്‍ 30 കുതിരകള്‍വരെ മുന്‍കാലങ്ങളില്‍ ഉത്സവത്തിന് പങ്കെടുത്ത സ്ഥാനത്തു ഇപ്പോള്‍ രണ്ടോ മൂന്നോ മാത്രമായി. ഇപ്പോള്‍ ഇലക്ട്രിക് ഫ്ളോട്ടുകളുടെ കാലമാണെന്ന് നാലു പതിറ്റാണ്ടായി കുതിരകെട്ടുന്ന ശിവന്‍ പറയുന്നു.

തടിവീലുകളുള്ള വണ്ടിക്കുതിരയെ വലിച്ചു കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടും പഴയതുപോലെയുള്ള സ്ഥലസൗകര്യങ്ങള്‍ ക്ഷേത്രങ്ങളിലില്ലാത്തതും പ്രധാന കാരണമാണ്. മുന്‍കാലത്ത് നാട്ടില്‍ ഏകദേശം 100 വണ്ടിക്കുതിരകളോളം ഉണ്ടായിരുന്ന സ്ഥാനത്തു ഇപ്പോള്‍ വെറും പത്തായി ചുരുങ്ങി. കൊറ്റങ്കര പഞ്ചായത്തിലുള്ള തട്ടാര്‍കോണം, കുതിരമുക്ക് തൃക്കോവില്‍വട്ടം ഭാഗത്തെ താഴാംപണയിലും മാത്രമാണിപ്പോള്‍ കുതിരകെട്ട് നിര്‍മ്മാണം നടക്കുന്നത്. തടിയില്‍ ചട്ടം പണിത് അതില്‍ വൈക്കോല്‍ നിറച്ചു ചാക്ക് കൊണ്ടുപൊതിഞ്ഞാണ് കുതിരയെ നിര്‍മ്മിക്കുന്നത്. പ്രധാന ആകര്‍ഷണം തലയാണ്. പിന്നെ ഹിന്ദു ദൈവങ്ങളുടെ പ്രതിമകളും മുന്‍ഭാഗത്തെ തട്ടുകളില്‍ ഉറപ്പിച്ചു വയ്ക്കുന്നു.

വര്‍ണക്കടലാസുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഭീമന്‍മാലകളും ചാര്‍ത്തി ഒരുക്കിനിര്‍ത്തുന്ന കുതിരക്ക് നിരവധി ആരാധകര്‍ ഒരുകാലത്തുണ്ടായിരുന്നു. ചില ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായും കുതിരയെ എഴുന്നെള്ളിച്ചിരുന്നു. ഒറ്റ തടിയിലാണ് കുതിരയുടെ തല ഒരുക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.