ശ്രീദേവിയുടെ മരണം; ഭർത്താവ് സംശയത്തിൻ്റെ നിഴലിൽ

Tuesday 27 February 2018 1:00 pm IST
"undefined"

ദുബായ്: ദുബായിലെ ഹോട്ടലില്‍വച്ച് നടി ശ്രീദേവിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ബോണി കപൂറും സംശയത്തിൻ്റെ നിഴലില്‍. ശ്രീദേവിയുടെത് സ്വാഭാവികമരണമല്ലെന്നും കൊലപാതകം ആകാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ബോണിക്കെതിരെ സംശയം ജനിപ്പിക്കുന്നത്. ഇതിനിടെ ബോണി കപൂറിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. 

ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് ദുബായ് പോലീസ് പിടിച്ചെടുത്തതായും അന്വേഷണം പൂര്‍ത്തിയാകും വരും ദുബായില്‍ തങ്ങണമെന്ന് നിര്‍ദേശം നല്‍കിയതായും വാര്‍ത്തകളുണ്ട്. ആദ്യഘട്ടം ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെങ്കിലും വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു.  അതിനിടയിൽ ശ്രീദേവിയുടെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും. കേസ് എന്നു മുതൽ തുടങ്ങണമെന്ന കാര്യത്തിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷന് ഇതുവരെ തീരുമാനമായിട്ടില്ല.

മോഹിത് മാര്‍വയുടെ വിവാഹചടങ്ങിന് പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. വിവാഹ സല്‍ക്കാരത്തിന് ശേഷം ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും മുംബൈയിലേക്ക് മടങ്ങി. പിന്നീട് ബോണി കപൂര്‍  ദുബായിയില്‍ തങ്ങുന്ന ഭാര്യ ശ്രീദേവിക്ക് ഒരു സര്‍പ്രൈസ് ഡിന്നര്‍ കൊടുക്കാനായി വീണ്ടും ദുബായിലേക്ക് എത്തിയത് പോലീസില്‍ സംശയം ഉളവാക്കുന്നുണ്ട്. എന്നാല്‍ ബോണി കപൂര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ഹോട്ടലില്‍ ഡിന്നറിന് പോകാനായി ഒരുങ്ങുന്നതിനെ ബാത്ത് റൂമില്‍ കയറിയ ശ്രീദേവി ഇറങ്ങാന്‍ വൈകി. തുടര്‍ന്ന് നോക്കുമ്പോള്‍ ബാത്ത് ടബ്ബില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ ശ്രീദേവിയെ കണ്ടെത്തുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചുവെന്നുമാണ്. 

എന്നാല്‍ ഈ വിവരങ്ങള്‍ പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. നാട്ടിലേക്ക് പോയ ബോണി കപൂറിന്റെ 'ഈ സര്‍പ്രൈസ് ഡിന്നറി'നു വേണ്ടിയുള്ള പെട്ടെന്നുള്ള മടങ്ങി വരവും ഏറെ സുരക്ഷാ സംവിധാനങ്ങളുള്ള ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവി മുങ്ങിമരിച്ചതുമാണ് പോലീസിനെ വിദഗ്ധ അന്വേഷണത്തിന് പ്രേരിപ്പിക്കുന്നത്. 

ശ്രീദേവിയുടെ ഫോണ്‍കോള്‍ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ശ്രീദേവി ഇന്ത്യയില്‍ എന്തു ചികിത്സകളും ശസ്ത്രക്രിയകളുമാണ് നടത്തിയിരുന്നതെന്നും എന്തു മരുന്നാണ് കഴിച്ചിരുന്നതെന്നുമുള്ള കാര്യങ്ങളും പോലീസ് പരിശോധിച്ചുവരുകയാണ്. ഈ ചികിത്സകളോ മരുന്നുകളോ മരണകാരണമായോ എന്നാണ് പരിശോധിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.