ഷുഹൈബ് വധം: സംസ്ഥാന സര്‍ക്കാരിന് രുക്ഷവിമര്‍ശനം

Tuesday 27 February 2018 2:41 pm IST

കൊച്ചി: ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊലക്കേസില്‍ ഇതുവരെ ആയുധം കണ്ടെത്താന്‍ പോലും പോലീസിന് കഴിയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ഒരു മനുഷ്യനെ ചെയ്തതു കണ്ടില്ലേ? എന്തുകൊണ്ടാണ് ഈകേസില്‍ ഇതുവരെ ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്തത്? ഷുഹൈബിന്റെ ചിത്രം കാണിച്ച് ഹൈക്കോടതി ചോദിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സിബിഐയ്ക്ക് ഒരാഴ്ച സമയം അനുവദിച്ചു. 

  സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലെ വാദങ്ങള്‍ രാഷ്ട്രീയ വാദം മാത്രമാണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടിയപ്പോഴാണ് സിംഗിള്‍ ബെഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത്. രാഷ്ട്രീയ വാദമാണെന്നതു നില്‍ക്കട്ടെ, എന്തുകൊണ്ടാണ് ആയുധങ്ങള്‍ കണ്ടെടുക്കാത്തത്  ? സിംഗിള്‍ ബെഞ്ച് ചോദിച്ചു. അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും ഈ കേസില്‍ ഫലപ്രദമായ അന്വേഷണം തുടങ്ങിയെന്നും സ്റ്റേറ്റ് അറ്റോര്‍ണി മറുപടി നല്‍കി. 

ഫെബ്രുവരി 12 ന് രാത്രിയിലാണ് അഞ്ചംഗ സംഘം ഷുഹൈബിനെ വെട്ടിക്കൊന്നത്.  ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള കൊലപാതകമായതിനാല്‍ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമ (യുഎപിഎ) പ്രകാരമുള്ള കുറ്റം ചുമത്താമെങ്കിലും പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ രാഷ്ട്രീയ ഇടപെടല്‍ കാരണം പോലീസ് യുഎപിഎ ചുമത്തിയില്ല. അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും ഹര്‍ജിയില്‍  പറയുന്നു. 

ഫെബ്രുവരി 21ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അന്വേഷണം സിബിഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ.കെ. ബാലന്‍ പ്രസ്താവിച്ചിരുന്നു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ല. സിപിഎം ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കാത്തത് - ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി  ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.