മഹാദായി നദീ തര്‍ക്ക പരിഹാരം: ബിജെപി പ്രഖ്യാപനത്തിന് പിന്തുണ ഏറെ

Tuesday 27 February 2018 5:06 pm IST
2002 -ല്‍ പ്രധാനമന്ത്രി വാജ്‌പേയി ഇരു സംസ്ഥാന മുഖ്യമന്ത്രിമാരെയും ഒന്നിച്ചിരുത്തി മൂന്നുമിനുട്ട് ചര്‍ച്ച കൊണ്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടു. പിന്നെ കാവേരി വെള്ളത്തിന് 'രാഷ്ട്രീയത്തീ' പിടിച്ചില്ല.

ബെംഗളൂരു: അധികാരത്തിലേറിയാല്‍ മഹാദായി (മാണ്ഡവി) നദീ തര്‍ക്കം പരിഹരിക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നു. ഇടപെട്ട് ചര്‍ച്ചയില്‍ മൂന്നു മിനിട്ടുകൊണ്ട് കാവേരി നദീ തര്‍ക്കത്തിന് പരിഹാരം കണ്ട പാര്‍ട്ടിയെന്ന നിലയില്‍ കര്‍ണ്ണാടക കര്‍ഷകര്‍ ബിജെപിയെ വിശ്വസിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

തിങ്കളാഴ്ച റാലിയിയിലാണ് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ മഹാദായി പ്രശ്‌നം പരിഹരിക്കാന്‍ ബിജെപിയെ അധികാരത്തിലേറ്റിയാല്‍ മതിയെന്ന് പ്രഖ്യാപിച്ചത്. 125 വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്ന കാവേരി നദീ ജലതര്‍ക്കത്തില്‍ കര്‍ണ്ണാടകവും തമിഴ്‌നാടും തമ്മില്‍ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധം വെട്ടിയ കാലത്തായിരുന്നു കേന്ദ്രത്തില്‍ വാജ്‌പേയി സര്‍ക്കാര്‍ വന്നത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോ ഐക്യ മുന്നണി സര്‍ക്കാരിനോ തര്‍ക്കത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ വെട്ടിയും കുത്തിയും മരിക്കുന്നത് നോക്കി നില്‍ക്കാന്‍നേ കഴിഞ്ഞുള്ളു. 2002 -ല്‍ പ്രധാനമന്ത്രി വാജ്‌പേയി ഇരു സംസ്ഥാന മുഖ്യമന്ത്രിമാരെയും  ഒന്നിച്ചിരുത്തി മൂന്നുമിനുട്ട് ചര്‍ച്ച കൊണ്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടു. പിന്നെ കാവേരി വെള്ളത്തിന് 'രാഷ്ട്രീയത്തീ' പിടിച്ചില്ല. 

കര്‍ണാടകയിലെ വരള്‍ച്ചബാധിച്ച ജില്ലകളിലേക്ക് വെള്ളം നല്‍കുന്നതിലാണ് കര്‍ണാടകയും ഗോവയും തമ്മില്‍ മഹാദായി നദിത്തര്‍ക്കം. ഭാഗല്‍കോട്ട്, ബെലാഗാവി, ദാര്‍വാഡ്, ഗഡാഗ് തുടങ്ങിയ ജില്ലകളിലേക്കാണ് ഗോവ നദീജലം നല്‍കുന്നത്. മഴയില്ലാത്തപ്പോള്‍ ഗോവയ്ക്ക് പോലും വെള്ളം തികയുന്നില്ലെന്ന് ഗോവ വാദിക്കുന്നു. 

ഇതെച്ചൊല്ലി കര്‍ണ്ണാടകം പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതല്ലാതെ പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. 2018 പിറക്കുന്ന പുതുവര്‍ഷദിവസത്തലേന്ന് കര്‍ണ്ണാടകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ചില സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചു. കേന്ദ്രത്തിലെയും ഗോവയിലേയും ബിജെപി സര്‍ക്കാരിനെ പഴിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

എന്നാല്‍, അതുകൊണ്ടൊന്നും കാര്യം നടക്കില്ലെന്ന് മനസിലാക്കിയ കര്‍ഷകരോടാണ് കര്‍ണ്ണാടകത്തില്‍ അധികാരത്തിലേറ്റിയാല്‍ മഹാദായി പ്രശ്‌നം പരിഹരിക്കാമെന്ന് അമിത് ഷാ പറഞ്ഞത്. ഈ പ്രഖ്യാപനത്തില്‍ സാധ്യത മനസിലാക്കിയ കര്‍ഷക സംഘടനകള്‍ ബിജെപി നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് അനുകൂലമായി രാഷ്ട്രീയം മാറുന്നതില്‍ കോണ്‍ഗ്രസുകാര്‍ ഏറെ അസ്വസ്ഥരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.