വിപണി ലഭിക്കുന്നില്ല; കര്‍ഷകര്‍ ദുരിതത്തില്‍

Wednesday 28 February 2018 1:32 am IST


ചേര്‍ത്തല: കാര്‍ഷിക വിളകള്‍ക്ക് വിപണി കണ്ടെത്താനാവാതെ പച്ചക്കറി കര്‍ഷകര്‍ വലയുന്നു. പീച്ചില്‍, വെണ്ട, പാവല്‍, പടവലം, പയര്‍ തുടങ്ങിയവ വില്‍ക്കുവാന്‍ കഴിയാതെ ചീഞ്ഞ് പോകുന്ന അവസ്ഥയാണെന്നാണ് കര്‍ഷകരുടെ പരാതി.
  ചേര്‍ത്തല തെക്ക് കണ്ണിയാട്ടു പാടശേഖരത്തിലെ 15 ഏക്കറിലായി 26 കര്‍ഷകരാണ് കൃഷി നടത്തുന്നത്. ഇവിടെ മത്തന്‍, ഇളവന്‍, വെള്ളരി, ചീര, പടവലം, പാവല്‍, വെണ്ട തുടങ്ങിയവയാണുള്ളത്. ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവെടുക്കുന്ന ഇവ യഥാസമയം വില്‍ക്കുവാന്‍ കഴിയുന്നില്ലെന്ന് പാടശേഖര കണ്‍വീനര്‍ അനില്‍ എസ്. ശേഖര്‍ പറയുന്നു. പലതവണ ഹോര്‍ട്ടി കോര്‍പിനെ വിളിച്ചാലാണ് പച്ചക്കറി കൊണ്ടുവരാന്‍ പറയുക.
  ആലപ്പുഴ തത്തംപള്ളിക്ക് സമീപം ഹോര്‍ട്ടികോര്‍പ് കേന്ദ്രത്തിലാണ് ഇവ എത്തിക്കേണ്ടത്. എന്നാല്‍ ഇവിടെ 3000 രൂപയില്‍ കൂടുതല്‍ പണമായി നല്‍കില്ല. ബാക്കി തുകയ്ക്ക് മൂന്ന് മാസത്തെ തീയതിയില്‍ ചെക്കാണ് കിട്ടുന്നത്. മാത്രമല്ല കര്‍ഷകര്‍ പെട്ടിവണ്ടിയിലാണ് ഇത് ഹോര്‍ട്ടികോര്‍പ് കേന്ദ്രത്തില്‍ എത്തിക്കുന്നത്.
  വാഹനത്തിന്റെ ചിലവും അധികമായി വരുന്നു. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആഴ്ച ചന്ത തുടങ്ങിയിട്ടുണ്ടെങ്കിലും പ്രയോജമില്ലെന്നും കര്‍ഷകര്‍ പറയുന്നു. ചീര ഉള്‍പ്പെടെ നിത്യേന പറിച്ചു വില്‍ക്കേണ്ട സാധനങ്ങള്‍ ആഴ്ച ചന്തയ്ക്ക് കാത്തിരിക്കുവാന്‍ കഴിയില്ല. ചേര്‍ത്തലയിലെ സ്വകാര്യ മാര്‍ക്കറ്റുകളില്‍ പച്ചക്കറി നല്‍കിയാലും മൂന്നിലൊന്ന് വില പോലും ലഭിക്കില്ല. ഉത്സവപറമ്പുകളിലും മറ്റും സ്വന്തമായി വില്‍പ്പന നടത്തി നഷ്ടം പരമാവധി കുറയ്ക്കുവാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.