കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ ചിക്കരകൊട്ടിക്കല്‍ കൂട്ടക്കള മഹോത്സവം ഇന്ന് നടക്കും. ചിക്കരകുട്ടികളുടെ വിശിഷ്ടവും രസകരവുമായ ഈ ചടങ്ങ് ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ കുമര്ത്തുശേരി മൂലസ്ഥാനത്താണ് നടക്കുന്നത്.
ചിക്കര എടുക്കുന്ന ദിവസം ഇവിടെ സ്ഥാപിച്ചിരിക്കുന്ന വലിയ മണ്കലത്തില് കുട്ടികളെകൊണ്ട് ചക്കര നിക്ഷേപിക്കും. ഉത്സവത്തിന്റെ ഏഴാം ദിവസം രാത്രിയോടെ വെളിച്ചപ്പാട് കുട്ടികളോട് അന്ന് നിക്ഷേപിച്ച ചക്കര എടുത്തുതരാന്‍ ആവശ്യപ്പെടും. എന്നാല്‍ ഏഴുദിവസം കുടത്തിലെ വെള്ളത്തില്‍ കിടന്ന ചക്കര അലിഞ്ഞു പോയതിനാല്‍ കലത്തില്‍ കൈയിടുന്ന കുട്ടികള്‍ക്ക് ചക്കര കിട്ടുകയില്ല.
ഇത് കണ്ട് ദേഷ്യത്തോടെ വെളിച്ചപ്പാട് ചക്കരകള്ളിയെന്ന് വിളിച്ച് പച്ച ഈര്‍ക്കിലി കൊണ്ട് കുട്ടികളെ പ്രതീകാത്മകമായി തല്ലും. ദേവിയുടെ അനുഗ്രഹം ആവാഹിച്ച വെളിച്ചപ്പാടിന്റെ ഈ പ്രവര്‍ത്തിയോടെ കുട്ടികളുടെ ബാലാരിഷ്ഠതകളും രോഗങ്ങളും ശമിക്കുമെന്നാണ് വിശ്വാസം. രാത്രി 12 മണിയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ പുലര്‍ച്ചയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: